News

സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്സ്‌ നിറഞ്ഞ അന്വേഷണത്തിലൂടെ ‘ചുമടുതാങ്ങി തിരുട്ടുസംഘ’ ത്തെ കുടുക്കി പന്തളം പോലീസ് സ്‌ക്വാഡ്

രണ്ട് കൗമാരക്കാരുൾപ്പെടെ 6 പേരടങ്ങുന്ന ‘ചുമടുതാങ്ങി തിരുട്ടുസംഘ’ ത്തിലെ മൂന്നുപേരെ,പന്തളം പോലീസ് സ്‌ക്വാഡ് ‘ ശ്രമകരമായി കീഴടക്കി. ഒന്നരവർഷമായി വാഹനങ്ങളടക്കം മോഷണങ്ങൾ ഹരമാക്കിയ, നാട്ടിൽ ഭീതി വിതച്ച് ജനങ്ങളുടെ ഉറക്കം കെടുത്തിയ, യുവാക്കളും കൗമാരക്കാരുമടങ്ങിയ തസ്കരസംഘത്തിലെ പ്രധാന കണ്ണികളാണ് പന്തളം പോലീസിന്റെ, നാളുകൾ നീണ്ട ശ്രമകരവും സാഹസികവുമായ നീക്കത്തിൽ കുടുങ്ങിയത്. കടമ്പനാട് കല്ലുകുഴി മുക്കുന്നിവടക്കേതിൽ കുട്ടു എന്ന് വിളിക്കുന്ന ബിജീഷ് (19), കൊല്ലം കുന്നത്തൂർ പടിഞ്ഞാറ്റേ മുറിയിൽ നെടിയവിള മാണിക്കമംഗലം കോളനിയിൽ പാലിക്കലേത്ത് വീട്ടിൽ ആദിത്യൻ (19), കൊല്ലം പോരുവഴി ഇരക്കാട് ചാലമുക്ക് ബിവറേജസ് ഷോപ്പിന് സമീപം കുളത്തരയ്യത്ത് വീട്ടിൽ നിഖിൽ (20) എന്നിവരാണ് പിടിയിലായത്. വാഹനമോഷണം പതിവാക്കി ജനങ്ങളിൽ പരിഭ്രാന്തി പരത്തി വിഹരിച്ച സംഘത്തിന് കല്ലുകുഴി നിവാസികൾ ചുമടുതാങ്ങി ജംഗ്ഷന്റെ പേര് നൽകുകയായിരുന്നു. അങ്ങനെയാണ് നാടിന്റെ പേരിൽ തിരുട്ടുസംഘമെന്ന നിലയിൽ ഇവർ കുപ്രസിദ്ധരായത്.
ആക്രമണകാരികളായ ബിജീഷും ആദിത്യനുമാണ് സംഘത്തിന്റെ നട്ടെല്ല്,ഇതിൽ ബിജീഷ് മികച്ച ഓട്ടക്കാരനുമാണ്. അതിനാൽതന്നെ, പന്തളം പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത മോഷണക്കേസിന്റെ പ്രത്യേകഅന്വേഷണസംഘത്തിലെ അംഗങ്ങൾക്ക് ബിജീഷിനെ കീഴടക്കാൻ ഏറെഓടി വിയർപ്പൊഴുക്കേണ്ടിവരികയും ചെയ്തു. നാട്ടുകാരുടെ ഉറക്കം കെടുത്തി വിലസിയ പഠിച്ച കള്ളന്മാരെ വലയിലാക്കാൻ നിതാന്ത ജാഗ്രതയോടെ നീങ്ങിയ പോലീസ് സംഘത്തിന്റെ വലയിൽ നിന്നും രണ്ടുവട്ടം ഇവർ തലമുടിനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ഏനാത്ത് പോലീസ് സ്റ്റേഷനിൽ മുമ്പ് രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിൽ, പിടികൂടുന്നതിനിടെ അന്നത്തെ പോലീസ് ഇൻസ്‌പെക്ടറുടെ കൈപിടിച്ച് തിരിച്ച് കുതറി രക്ഷപ്പെട്ട ചരിത്രവുമുണ്ട് ബിജീഷിന്. നിരവധി പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ ഉണ്ടെങ്കിലും ഇതുവരെ പോലീസിന്റെ പിടിയിലായിട്ടില്ല എന്നതും സംഘത്തിന്റെ പ്രത്യേകതയാണ്. മോഷണത്തിനിടെ തടസ്സം നിൽക്കുന്ന ആരെയും ആക്രമിച്ച് രക്ഷപ്പെടുന്നതാണ് രീതി. പരാതിപ്പെടുന്നവരുടെ വീടുകളിൽ അന്നുതന്നെ രാത്രി കയറി മോഷ്ടിക്കുന്ന ശീലവുമുണ്ട്. വാഹനങ്ങളുടെ പൂട്ട് തകർത്താണ് മോഷ്ടിച്ച് കടത്തുക.
ഡിസംബർ 4 ന് രാത്രി കുരമ്പാല മൈലാടുംകുളം ശിവഹരി വീട്ടിൽ രേണുവിന്റെ കാർ പോർച്ചിൽ വച്ചിരുന്ന സ്കൂട്ടറും റബ്ബർ ഷീറ്റുകളും ഇവർ മോഷ്ടിച്ച് കടത്തിയിരുന്നു. അന്നുതന്നെ, ഇവർക്കെതിരെ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശത്തേതുടർന്ന് പ്രത്യേകസംഘത്തെ തന്നെ അടൂർ ഡി വൈ എസ് പി ജി സന്തോഷ്‌ കുമാർ നിയോഗിച്ചിരുന്നു. പന്തളം എസ് എച്ച് ഓ റ്റി ഡി പ്രജീഷ്, എസ് ഐ പി കെ രാജൻ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ , കെ അമീഷ്, ഹരികൃഷ്ണൻ, ജലജ എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായ നിരവധി നീക്കങ്ങൾക്കും കായികമായ അധ്വാനത്തിനുമൊടുവിൽ മോഷണം ഹരമാക്കിയ സംഘത്തെ കീഴടക്കിയത്.
പ്രദേശത്തെ മുഴുവൻ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച പോലീസിന് , മൂന്നുപേർ ഒരു സ്കൂട്ടറിൽ എത്തി, സ്കൂട്ടർ കടത്തിക്കൊണ്ടുപോകുന്നത് അന്നുതന്നെ വ്യക്തമായിരുന്നു. മോഷ്ടിച്ചുകൊണ്ടുപോകവെ, സ്കൂട്ടർ തകരാറിലായി. പിന്നീട്, പ്രതികൾ കയറുകെട്ടി വലിച്ചുകൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കണ്ടു. ഏറ്റവും ഒടുവിലെ ദൃശ്യം വരെ പോലീസ് ശേഖരിച്ചു പരിശോധിച്ചു. അർദ്ധരാത്രി ഇടവഴികളിലൂടെ കെട്ടിവലിച്ച് കൊണ്ടുപോയ തസ്കരസംഘം കടമ്പനാട് ഭാഗത്ത് വാഹനമെത്തിച്ചു. ദിവസങ്ങൾക്കുള്ളിൽ മോഷ്ടാക്കളെ പോലീസ് തിരിച്ചറിഞ്ഞു, ഇവർ തങ്ങാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷിച്ചു. മൂന്നാം പ്രതി നിഖിലിനെയാണ് ആദ്യം പിടികൂടിയത്, വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നിഖിലിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ ബിജീഷിന്റെയും ആദിത്യന്റെയും നീക്കങ്ങൾ തിരിച്ചറിഞ്ഞു. മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച ഇവർ പലപ്പോഴും കാടുകളിൽ ഒളിച്ചുകഴിയുകയായിരുന്നു. ഗണേശവിലാസം, കല്ലുകുഴി ചുമടുതാങ്ങി എന്നിവടങ്ങളിലെ പൊന്തക്കാടുകളിൽ ഒളിച്ചുകഴിഞ്ഞ ഇരുവരും പോലീസിനെ ശരിക്കും വട്ടംകറക്കി. ഗണേശവിലാസം ഭാഗത്തെ കാടിനുള്ളിൽ നിന്നും ഇവരെ പിടിയിലാക്കാൻ ശ്രമിച്ചെങ്കിലും, പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. ഡിസംബർ പത്തിന് പോലീസിനെ വെട്ടിച്ച് കടന്ന ഇരുവരും പുത്തൂരിലെയും കുണ്ടറയിലെയും ബന്ധുവീടുകളിലുമായി ഒളിച്ചുതാമസിച്ചു. തുടർന്ന്, തൃശ്ശൂരിലെ കോവിലകം ഇൻ എന്ന റിസോർട്ടിൽ ശുചീകരണ ജോലിക്ക് കയറി.
ഏനാത്ത്, ശൂരനാട്, ചക്കുവള്ളി, നൂറനാട്, പന്തളം പോലീസ് സ്റ്റേഷനുകളിൽ ബൈക്ക്, റബ്ബർ സ്വർണം തുടങ്ങി നിരവധി മോഷണങ്ങൾ സംബന്ധിച്ച് തിരുട്ടുസംഘത്തിനെതിരെ പരാതികളുണ്ടായിരുന്നു. പോലീസ് അന്വേഷിച്ചെത്തുമ്പോൾ ഓടി രക്ഷപ്പെട്ട് കാടുകളിൽ മറയുകയാണ് രീതി. പല സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ പിന്നാലെ പാഞ്ഞിട്ടും പിടിക്കാൻ സാധിച്ചിട്ടില്ല. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന പ്രതികൾ, ഇവയുടെ വാഹകരായും പ്രവർത്തിക്കാറുണ്ട്. 16 കാരായ രണ്ടുപേരെ ലഹരികൊടുത്ത് ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുരമ്പാലയിലെ സ്കൂട്ടർ മോഷണത്തിൽ പെടാത്ത ഈ കുട്ടികളെയും, ഇവരുടെ രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി പോലീസ് വിട്ടിരുന്നു. ഇതിൽ ഒരാളെ വശത്താക്കി പ്രതികളുടെ നീക്കങ്ങൾ മനസ്സിലാക്കിയാണ്‌ പോലീസ്, കാലങ്ങളായി നാട്ടുകാരെ ഭീതിപ്പെടുത്തി കഴിഞ്ഞുവന്ന മോഷ്ടാക്കളെ കീഴടക്കിയത്.
സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ബിജീഷിനെയും ആദിത്യനെയും പന്തളം സ്‌ക്വാഡ് തന്ത്രപരമായി കുടുക്കുകയായിരുന്നു. ഏതെങ്കിലും നമ്പരിൽ നിന്നും വിളിക്കുന്ന ബിജീഷ്, കൗമാരക്കാരിൽ ഒരാൾക്ക് അയച്ച ഒരു സന്ദേശത്തിന്റെ ചുവടുപിടിച്ചു നടത്തിയ നീക്കത്തിലാണ് പോലീസിന്റെ പിടിയിലായത്. കല്ലാർ ഭാഗത്തുള്ള കാമുകിയെ കാണാൻ ട്രെയിനിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരം ഇങ്ങനെ കിട്ടിയതുപ്രകാരം നടത്തിയ തന്ത്രപരമായ നീക്കമാണ് വിജയം കണ്ടത്.
തൃശ്ശൂരിൽ നിന്നും അഞ്ചിന് അതിരാവിലെ നാട്ടിലേക്ക് പുറപ്പെട്ട്, ഉച്ചയോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെത്തിയ ബിജീഷ് അവിടെ പോലീസ് സാന്നിധ്യം എങ്ങനെയോ മനസ്സിലാക്കി. തുടർന്ന് ട്രെയിനിൽ തന്നെ കൊല്ലത്തേക്ക് മുങ്ങി. പിന്നീട് രാത്രിയോടെ ഭരണിക്കാവിലെ രഹസ്യതാവളത്തിൽ എത്തി. ഇവിടെ പോലീസ് സംഘം ഇയാളെ വളഞ്ഞു ശ്രമകരമായ ദൗത്യത്തിൽ കീഴ്പ്പെടുത്തുകയായിരുന്നു. അതിവേഗം ഓടുന്നതിൽ സാമർഥ്യക്കാരനായ ഇയാളുടെ മേൽ പോലീസ് ചാടിവീണുവെങ്കിലും കൈവിലങ്ങിട്ട് കീഴടക്കുന്നതിന് ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. മൂന്നു പോലീസ് ഉദ്യോഗസ്ഥരെ തള്ളി താഴെയിട്ട് പാഞ്ഞുവെങ്കിലും രക്ഷപ്പെടാനായില്ല. പോലീസിന് വഴങ്ങാതെയും, ആക്രമിക്കാൻ ശ്രമിച്ചും വിലങ്ങുമായി രക്ഷപ്പെടാൻ ഇയാൾ കാട്ടിയ അതിക്രമം ഏറെ പണിപ്പെട്ട് മൽപ്പിടിത്തത്തിലൂടെയാണ് അടക്കിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് ആദിത്യനെ തൃശൂർ കോവിലകം ഇൻ റിസോർട്ടിൽ നിന്നും രാത്രിതന്നെ കസ്റ്റഡിയിലെടുത്തു. പോലീസിന് വഴങ്ങാതെ ആക്രമിച്ച് രക്ഷപ്പെടാൻ ഇയാളും ശ്രമിച്ചിരുന്നു.
ഗണേശവിലാസം, കല്ലുകുഴി തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങളോളം തമ്പടിച്ച് പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ രഹസ്യനീക്കങ്ങൾ നടത്തിയാണ് മോഷ്ടാക്കളെ വലയിലാക്കിയത്. പോലീസിന്റെ സ്ഥിരസാന്നിധ്യം കാരണം നിൽക്കക്കള്ളിയില്ലാതെയാണ് ബിജീഷും ആദിത്യനും നാടുവിട്ടത്. വീടുകളിൽ ഇവർ തങ്ങാറില്ലായിരുന്നു. നിഖിലിനെ ആദ്യം തന്നെ പോലീസ് സംഘം കുടുക്കിയത് അന്വേഷണം അതിവേഗം പുരോഗമിക്കാനിടയാക്കി. ബംഗളുരുവിൽ ജോലി തരപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ബിജീഷും ആദിത്യനും. അതുവരെ തൃശൂർ സുരക്ഷിത ലാവണമായിരിക്കുമെന്ന് കണക്കുകൂട്ടിയാണ് അങ്ങോട്ട് മുങ്ങിയത്. പോലീസിന്റെ പിടിയിലാവുമെന്ന് ഇവരുടെ വീട്ടുകാരും കരുതിയില്ല. ഇതുവരെ അപ്രകാരം സംഭവിക്കാത്തത് പ്രതികളുടെയും വീട്ടുകാരുടെയും ഉയർന്ന ആത്മവിശ്വാസത്തിനു കാരണവുമായി. ഇത്രയും കഷ്ടപ്പെട്ട് അപകടസാഹചര്യങ്ങൾ മുന്നിൽക്കണ്ട് മോഷ്ടാക്കളെ പിടികൂടിയത് അപൂർവഅനുഭവമാണെന്നാണ് ‘പന്തളം സ്‌ക്വാഡി ‘ലെ അംഗങ്ങളുടെ വിലയിരുത്തൽ. തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page