News

സ്വർണക്കടത്ത്, പണം കടത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒന്നേകാൽ കിലോയിലധികം കഞ്ചാവുമായി പിടികൂടി

വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്വർണക്കടത്ത്, പണംകവർച്ച, പിടിച്ചുപറി തുടങ്ങിയ ക്രിമിനൽ കേസുകളുള്ള യുവാവിനെ ഒന്നേകാൽ കിലോയിലധികം കഞ്ചാവുമായി ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. അടൂർ വടക്കടത്തുകാവ് പരുത്തിപ്പാറ പോലീസ് ക്യാമ്പിന് സമീപം കല്ലുവിളയിൽ എസ് സുജിത് (22) ആണ് അറസ്റ്റിലായത്. പന്തളം പറന്തൽ പാലത്തിനു സമീപത്തുനിന്നും ചൊവ്വാ രാത്രി 11 ഓടെയാണ് ഇയാൾ പിടിയിലായത്.
തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ, സ്വർണ്ണ കടത്ത്, പണംകവർച്ച,, മോഷണക്കേസുകളിൽ പ്രതിയാണ്‌ ഇയാളെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെതുടർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്. ദിവസങ്ങളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. പറന്തൽ പാലത്തിന് സമീപം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്, ബുള്ളറ്റ് മോട്ടോർസൈക്കിളിൽ സൂക്ഷിച്ച നിലയിലാണ് 1.300 കിലോ കഞ്ചാവ് പിടികൂടിയത്.ഇയാൾ കഞ്ചാവുമായി ഈ ഭാഗത്ത് എത്തുമെന്ന രഹസ്യവിവരപ്രകാരം പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു
പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിൽ എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡാൻസാഫ് ടീമും, പാലത്തിന് വടക്കായി നടപ്പാതയോടു ചേർന്ന് സിൽവർ നിറത്തിലുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിളിന് സമീപത്ത് ഇയാളെ കണ്ടെത്തി. ഫോണിൽ നോക്കി ബൈക്കിൽ ചാരി നിന്ന യുവാവിനെ പോലീസ് സംഘം വളഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി സാഹസികമായി പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാളുടെ ബൈക്ക് പരിശോധിച്ചപ്പോൾ, ഹാൻഡിൽ ബാറിനും ഇന്ധന ടാങ്കിനും ഇടയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തി.
വില്പനക്ക് കൈവശം വച്ചതാണ് കഞ്ചാവെന്ന് ചോദ്യം ചെയ്യലിൽ യുവാവ് പോലീസിനോട് സമ്മതിച്ചു. ബൈക്ക് സ്വന്തമാണെന്നും അറിയിച്ചു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. ധരിച്ചിരുന്ന പാന്റിന്റെ വലതു പോക്കറ്റിൽ നിന്ന് രണ്ട് താക്കോലുകളും, ഇടതുവശത്തെ പോക്കറ്റിൽ നിന്ന് 120 രൂപയും കണ്ടെടുത്തു. മൊബൈൽ ഫോൺ, മോട്ടോർ സൈക്കിൾ എന്നിവയും പിടിച്ചെടുത്തു. തുടർന്ന്, പുലർച്ചെ 2.10 ന് അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൂട്ടാളികൾക്കൊപ്പം കാർ തടഞ്ഞു യാത്രികരെ ആക്രമിച്ച് പണം അപഹരിച്ചതിന് മഞ്ചേരി പോലീസ് 2023ൽ എടുത്ത കവർച്ച കേസിൽ പ്രതിയായി. കാർ തടഞ്ഞ് വ്യാപാരിയെ ആക്രമിച്ച് കാറിൽ സൂക്ഷിച്ച സ്വർണം കടത്തിയ സംഘത്തിലും ഇയാളുണ്ടായിരുന്നു. ഇതിന് തൃശൂർ പീച്ചി പോലീസിൽ കേസുണ്ട്. കൂടാതെ കായംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് മോഷണ കേസുകളിലും, ഏനാത്ത് സ്റ്റേഷനിലെ ഒരു ദേഹോപദ്രവകേസിലും പ്രതിയാണിയാൾ. ഡാൻസാഫ് സംഘത്തിനൊപ്പം പന്തളം എസ് ഐ അനീഷ് എബ്രഹാം, എ എസ്‌ ഐ സിറാഷ്, പോലീസ് ഉദ്യോഗസ്ഥരായ വിജയകുമാർ, മനു എന്നിവരും അടങ്ങിയ സംഘമാണ് സുജിത്തിനെ തന്ത്രപരമായി പിടികൂടിയത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page