
സാമൂഹിക വിപത്തുകൾക്കെതിരെ വിദ്യാർത്ഥികൾജാഗരൂകാരാവണമെന്ന് ജില്ലാ പോലീസ് മേധാവി
നിലവിലെ സാമൂഹിക വിപത്തുകളായ ലഹരിവസ്തുക്കളിലും ഡിജിറ്റൽലോകത്തെയുമുള്ള അടിമത്തത്തിൽ നിന്നും വിദ്യാർത്ഥി കൾ പൂർണമായും മുക്തരാവുന്നതിന് കനത്ത ജാഗ്രതവേണമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി ) പദ്ധതിയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള എസ് പി സി കേഡറ്റുകളുടെ സെറിമോണിയൽ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടക്കത്തോടെയും വിവിധ മൂല്യങ്ങൾ ഉൾക്കൊണ്ടും നിയമത്തെ സ്വമേധയാ അനുസരിച്ചും ജീവിക്കുന്ന ഭാവി തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ 2010 ൽ കേരള സർക്കാർ ആരംഭിച്ച എസ് പി സി പദ്ധതിയുടെ പതിനഞ്ചാം വാർഷിക ദിനമാണ് ഓഗസ്റ്റ് 2.
ജില്ലാ നോഡൽ ഓഫീസിന്റെ നേതൃത്വത്തിൽ എസ്പിസി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജില്ലാതല പരിപാടികൾ അടൂർ കടമ്പനാട് കെ ആർ കെ പി എം ബി എച്ച് എസ് & വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ഇന്ന് രാവിലെയാണ് നടന്നത്. 8.15 ന് പതാക ഉയർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. സെറിമോണിയൽ പരേഡുമായി ബന്ധപ്പെട്ട ചടങ്ങുകൾ രാവിലെ 8 20ന് തുടങ്ങി. 8.55 ന് മുഖ്യാതിഥിയായി എത്തിയ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം പരേഡ് പരിശോധിച്ചു.തുടർന്ന്, എസ് പി സി ദിന സന്ദേശവും നൽകി. പതാകയെ സാക്ഷിയാക്കി കേഡറ്റുകൾ പ്രതിജ്ഞയെടുത്തു. വർണശബളമായ പരേഡിൽ ജില്ലയിൽ നിന്നുള്ള 9 സ്കൂളുകളിലെ കേഡറ്റുകൾ പങ്കെടുത്തു.കുട്ടികൾക്ക് സമ്മാനവിതരവും നടന്നു. ചടങ്ങുകളിൽ എസ് പി സി ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ പോലീസ് സൂപ്രണ്ട് പി വി ബേബി, കടമ്പനാട് പഞ്ചായത്ത് പ്രസിഡണ്ട് പ്രിയങ്ക പ്രതാപ്, ഡി ഇ ഒ അമ്പിളി ഭാസ്കർ, അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാർ, ഏനാത്ത് എസ് എച്ച് ഒ എ അനൂപ്, സ്കൂൾ. മാനേജർ എസ് കെ അനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
എസ് പി സി പദ്ധതിയുടെ വാർഷികദിനമായ ഇന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന് പത്തനംതിട്ട ജി എച്ച് എസ് എസ്, മൈലപ്ര എസ് എച്ച് എച്ച് എസ് എസ് എന്നീ സ്കൂളുകളിലെ കേഡറ്റുകൾ ഗാർഡ് ഒഫ് ഓണർ നൽകി. കേഡറ്റുകളുമായി സംവദിച്ച അദ്ദേഹം അവർക്ക് എസ് പി സി ദിനാശംസകളും നേർന്നു. രാവിലെ 11 ന് നടന്ന ചടങ്ങിൽ സ്കൂൾ സി പി ഓമാരായ അനില അന്ന തോമസ്, തോമസ് മാത്യ, ഷാനി തോമസ്, ഡി ഐ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.



