News

സ്വകാര്യബസ് ഡ്രൈവറുടെ കഴുത്തിനുനേരെ വടിവാൾ വീശി ആക്രമണഭീഷണി : മൂന്ന് പ്രതികൾ അറസ്റ്റിലായി

മല്ലപ്പള്ളി തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന തിരുവമ്പാടി ബസിൻ്റെ ഡ്രൈവർ കുറ്റപ്പുഴ സ്വദേശി വി കെ കലേഷി (35) നെ ബസിൽ കയറി അസഭ്യം പറയുകയും,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിനുനേരെ വടിവാൾ വീശുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളെ കീഴ്‌വായ്‌പ്പൂർ പോലീസ് ഉടനടി പിടികൂടി. കോട്ടയം മാടപ്പള്ളി മാമൂട് ഇടപ്പള്ളി ഭാഗം വട്ടമാക്കൽ വീട്ടിൽ വി കെ ജയകുമാർ (46), തമിഴ്നാട് തിരുനെൽവേലി അഴകിയപാണ്ടിപുരം സുബയ്യാപുരം തേവർകുളം നോർത്ത് 1/77 വീട്ടിൽ നിന്നും കല്ലുപ്പാറ ചെങ്ങരൂർ കടുവാക്കുഴി പുത്തൻപുരയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസം പി ഉദയരാജ് (29), കോന്നി ഇളപ്പുപാറ പുത്തൻ തറയിൽ വീട്ടിൽ നിന്നും ആനിക്കാട് നടുകെപ്പടി ആലക്കുളത്തിൽ വീട്ടിൽ ജോബിൻ രാജൻ (24) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിലേക്ക് വന്ന തിരുവമ്പാടി എന്ന് പേരുള്ള സ്വകാര്യ ബസ് കടുവാക്കുഴിയിൽ തടഞ്ഞുനിർത്തിയശേഷമായിരുന്നു ആക്രമണം. തിങ്കൾ വൈകിട്ട് നാലിന് ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കടുവാക്കുഴിയിലെ വർക്ഷോപ്പിന് മുന്നിലാണ് സംഭവം.ഇയാളാണ് ബസ് തടഞ്ഞിട്ടത്, ഈസമയം മറ്റ് പ്രതികൾ പിൻവാതിലിലൂടെ ബസിനുള്ളിൽ കടന്ന് കണ്ടക്ടറെ ആദ്യം ഭീഷണിപ്പെടുത്തി.
തുടർന്ന്, അസഭ്യം വിളിച്ചുകൊണ്ട് പ്രതി ഉദയരാജ് ഡ്രൈവറുടെ കാബിനുള്ളിൽ കയറി കയ്യിലിരുന്ന രണ്ടടിയോളം നീളമുള്ളതും ഇരുതലമൂർച്ചയുള്ളതുമായ വടിവാൾ കഴുത്തിനു നേരേ വെട്ടാൻ വീശുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ കഴുത്തിൽ കൊണ്ടില്ല. പ്രതികൾ ബസിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കുകയും ചെയ്തു.
വർക്ക്ഷോപ്പിൽ ബസിന്റെ പെയിന്റിംഗ് ചെയ്തതിന്റെ കൂലി നൽകിയില്ല എന്നതാണ് മുഖ്യവിരോധ കാരണമെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സംഭവം അറിഞ്ഞ പോലീസ് ഉടനെ സ്ഥലത്തെത്തി 3 പേരെ കസ്റ്റഡിയിൽ എടുത്തു. കലേഷിൻ്റെ പരാതി പ്രകാരം
ആയുധനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് സി പി ഓ ഷമീർ മൊഴി രേഖപ്പെടുത്തി, എസ് ഐ എസ് സതീഷ് ശേഖർ കേസ് രജിസ്റ്റർ ചെയ്തു. കീഴ്വായ്പൂർ എസ് എച്ച് ഓയുടെ ചുമതല വഹിച്ചു വരുന്ന കോയ്പ്പുറം പോലീസ് ഇൻസ്പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐ പി പി മനോജ് കുമാർ, എസ് സി പി ഓ മാരായ പി എച്ച് അൻസിം, ഷമീർ, ശരത് പ്രസാദ്, സിപിഓമാരായ വിഷ്ണു ദേവ്,, ദീപു, അമൽ മോഹൻ, ഉണ്ണികൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.
മല്ലപ്പള്ളി തിരുവല്ല റൂട്ടിൽ സർവ്വീസ് നടത്തുന്ന രണ്ട് തിരുവമ്പാടി ബസുകളുടെ പെയിൻ്റിംഗ് ജോലികൾ ഉദയന്റെ വർക്ക്ഷോപ്പിലാണ് ചെയ്യുന്നത്. അവയിലൊന്നിന്റെ പെയിന്റിംഗ് നടത്തിയിട്ട് പണം നൽകാൻ താമസിക്കുന്നത് ആക്രമണത്തിന് പ്രധാന കാരണമായി. കൂടാതെ, ഈ റൂട്ടിൽ സമയക്രമം സംബന്ധിച്ച ബസ് ജീവനക്കാർ തമ്മിലുള്ള തർക്കവും നിലനിൽക്കുന്നതായും പറയപ്പെടുന്നു. നാലാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
തിരുവമ്പാടി ബസുകാരുമായി റൂട്ട് സമയക്രമത്തിൽ തർക്കമുള്ള ജാനകി ബസിൻ്റെ ജീവനക്കാരനായ രമേശൻ കാട്ടാമല എന്നയാളുടെ സുഹൃത്തുക്കളാണ് പ്രതികൾ.ഇയാളുമായി കലേഷിനു തർക്കം നിലനിന്നിരുന്നു, ഇതിൽ പ്രതികൾക്ക് കലേഷിനോട് വിരോധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. രണ്ടാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ , ജയകുമാറിന്റെ വർക്ഷോപ്പിന്റെ പിന്നിലെ കാടുപിടിച്ച ഭാഗത്ത് കിടന്ന തുരുമ്പുപിടിച്ച് ദ്രവിച്ച സീറ്റിനടിയിൽ നിന്നും വടിവാൾ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page