
സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി ശബരിമല തീര്‍ഥാടനത്തിലെ നാഴികക്കല്ല് : മന്ത്രി റോഷി അഗസ്റ്റിന്‍
സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി ശബരിമല തീര്‍ഥാടനത്തിലെ നാഴികക്കല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പദ്ധതിയുടെ ഉദ്ഘാടനം നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ് നടപ്പന്തലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല മണ്ഡല-മകരവിളക്ക്, മാസ പൂജ സമയത്ത് സീതത്തോട്, പമ്പ, പെരുനാട് ശുദ്ധീകരണ ശാലകളില്‍ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് തീര്‍ഥാടകര്‍ക്കായി ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്നത്.
നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ജലസംഭരണികളില്‍ പൈപ്പ് ലൈന്‍ വഴി വെള്ളം എത്തുന്നതോടുകൂടി ജലവിതരണത്തിനായി ചെലവാക്കി വരുന്ന ഭീമമായ തുക കുറയ്ക്കുവാന്‍ സാധിക്കും. തീര്‍ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കാനും കഴിയും. 120 കോടി രൂപ നബാഡ് ധനസഹായത്തോടെയുള്ള പദ്ധിതിയില്‍ 84.38 കോടി രൂപയുടെ പ്രവൃത്തി പൂര്‍ത്തിയായി. സംസ്ഥാനത്ത് കുടിവെള്ളവിതരണത്തില്‍ അത്ഭുതകരമായ മാറ്റം ഉണ്ടായി. കഴിഞ്ഞ 3.5 വര്‍ഷം കൊണ്ട് 17 ലക്ഷത്തില്‍ നിന്ന് 40 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാനായി. റാന്നി മണ്ഡലത്തില്‍ കുടിവെള്ള വിതരണത്തിനായി 671 കോടി രൂപ അനുവദിച്ചു. ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി നെല്ലിമല ഭാഗത്തേക്കുള്ള പ്രവൃത്തി പൂര്‍ത്തിയാക്കുന്നതോടെ അട്ടത്തോട് കിഴക്ക് പടിഞ്ഞാറ് ഉന്നതികള്‍, കിസുമം സ്‌കൂള്‍, അയ്യന്‍മല, നെല്ലിമല, നാരായണംതോട് പ്രദേശങ്ങളില്‍ മാര്‍ച്ച് മാസത്തോടെ കുടിവെള്ളം എത്തും.
ളാഹ, ഏഞ്ചൽവാലി പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികൾ ടെൻഡർ ചെയ്ത വരുന്നു. ഈ പദ്ധതികൾ പൂർത്തിയാക്കുന്നതോടെ വേലംപ്ലാവ്, ളാഹ, മഞ്ഞത്തോട്, ഏഞ്ചൽവാലി, തുലാപ്പള്ളി, പ്ലാപ്പള്ളി എന്നീ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുവാൻ സാധിക്കും.
വേനൽക്കാലത്ത് ജലവിതരണം സുഗമമാക്കുന്നതിന് പ്ലാപ്പള്ളി സമ്പിലും, നിലയ്ക്കൽ ബിഎസ്എൻഎൽ ടവറിനു സമീപമുള്ള ഒ എച്ച് എസ് ആർ -ലും ഹൈഡ്രന്റുകൾ സ്ഥാപിച്ച്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന ടാങ്കർ ലോറികൾ വഴി ജലവിതരണം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.


