News

സംസ്ഥാനത്ത് ഭൂമിയുടെ അവകാശികളായി 4,56,000 കുടുംബങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട ജില്ലയില്‍ 106 കുടുംബങ്ങള്‍ക്ക് പട്ടയം

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ 4,56,000 കുടുംബങ്ങള്‍ക്ക് പട്ടയ വിതരണം പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,77,011 പട്ടയം വിതരണം ചെയ്തു. 2021 ല്‍ ആദ്യഘട്ടത്തില്‍ 54,535 പട്ടയവും രണ്ടാം ഘട്ടത്തില്‍ 67,069 പട്ടയവും വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ഒരുലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. പാവപ്പെട്ടവരുടെ ജീവിതത്തിന് അടിത്തറയും സുരക്ഷയും ഉണ്ടാകുന്നതിനുളള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട 283 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം സര്‍ക്കാര്‍ ലഭ്യമാക്കി. അവശേഷിക്കുന്ന ഭൂരഹിതര്‍ക്ക് 171 ഏക്കര്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ച് വരുന്നു. 2016-2025 വരെ വനാവകാശ നിയമപ്രകാരം 4,690 ആദിവാസി കുടുംബങ്ങള്‍ക്ക് 6,288 ഏക്കര്‍ ഭൂമിയും 213 കുടുംബങ്ങള്‍ക്ക് പട്ടയവും ലഭ്യമാക്കി. 3426 കുടുംബങ്ങള്‍ക്ക് 2106 ഏക്കര്‍ നിക്ഷിപ്ത വനഭൂമിക്കുള്ള അവകാശ രേഖയും നല്‍കി. ലാന്‍ഡ് പര്‍ച്ചേസ് മുഖേന 274 കുടുംബങ്ങള്‍ക്ക് 149 ഏക്കര്‍ ഭൂമിയും ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം 422 കുടുംബങ്ങള്‍ക്ക് ഭൂമിയും ലഭ്യമാക്കി. പ്രളയപുനരധിവാസത്തിന്റെ ഭാഗമായി 171 കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കി. ഇങ്ങനെ 9,196 കുടുംബങ്ങള്‍ക്ക് 8,690 ഏക്കര്‍ ഭൂമി ലഭ്യമാക്കി. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഭൂവിതരണവും പട്ടയവിതരണവും കാര്യക്ഷമമായി നടപ്പാക്കാനായി. പട്ടയ വിതരണത്തിനായി പ്രത്യേക ഡാഷ്ബോര്‍ഡ് സജ്ജമാക്കി. പട്ടയ അദാലത്ത് നടത്തി ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയം ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തി. പട്ടയ മിഷന്‍ രൂപീകരിച്ചു എല്ലാ തലങ്ങളിലും ഇടപെടല്‍ നടന്നു. ജനപ്രതിനിധികള്‍ പട്ടയ അസംബ്ലി നടത്തി. ജില്ലാതല പട്ടയ അദാലത്ത് സംഘടിപ്പിച്ചു. വില്ലേജുതല വിവരശേഖരണസമിതി മുതല്‍ സംസ്ഥാനതല നിരീക്ഷണ സമിതി വരെ ബൃഹത്തായ പ്രവര്‍ത്തനം നടത്തി.  1977ന്  മുമ്പ് വനഭൂമിയില്‍ കുടിയേറിയ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.  ഭൂമിയുടെ കൈവശ രേഖകള്‍ കൃത്യമായി ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സര്‍വേ നടപ്പാക്കി. റവന്യൂ സേവനം ഓണ്‍ലൈനായി ലഭ്യമാക്കി. യൂണിക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കി. ഭൂമിയുടെ അവകാശവും കൈവശരേഖയും കൃത്യമായി ലഭിക്കുന്നതിന് ബഹുമുഖമായ ഇടപെടലാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അര്‍ഹരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കേരള ചരിത്രത്തിലാദ്യമായി ഭൂരേഖാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍  പട്ടയ മിഷന്‍ രൂപീകരിച്ചു. പട്ടയം ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷം രൂപയായി ഉയര്‍ത്തിയത് ആയിരക്കണക്കിന് സാധാരണ കുടുംബങ്ങള്‍ക്ക് ആശ്വാസമായി. വനഭൂമിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ പരിശോധനയുടെ ഫലമായി 4327 അപേക്ഷകള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി അയച്ചു. ഡിജിറ്റല്‍ റിസര്‍വേയിലൂടെ 10 ലക്ഷത്തിലധികം ഭൂമിയും 64 ലക്ഷത്തിലേറെ ലാന്‍ഡ് പാഴ്‌സലുകളും അളന്നു തിട്ടപ്പെടുത്തിയതായും മന്ത്രി കൂട്ടിചേര്‍ത്തു.
ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയില്‍ 106 പട്ടയം വിതരണം ചെയ്തു.    റാന്നി, കോന്നി, അടൂര്‍, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി 94 എല്‍എ, എട്ട് എല്‍റ്റി പട്ടയങ്ങളും അയിരൂര്‍ വില്ലേജില്‍ പിഐപി കനാല്‍ പുറമ്പോക്കില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച നാലു വീടുകളുടെയും പട്ടയമാണ്  വിതരണം ചെയ്തത്. പട്ടയം ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെട്ട റാന്നി മുക്കുഴി അഞ്ച് സെന്റ് കോളനി, അരയന്‍പാറ എന്നീ വിഷയങ്ങളിലെ 89 പേര്‍ക്കും പട്ടയം വിതരണം ചെയ്തു. 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച 9 വീടുകളുടെ ആധാരങ്ങളുടെയും അടൂര്‍ താലൂക്കില്‍ കെഐപി കനാല്‍ പുറമ്പോക്കില്‍ നിര്‍മിച്ച രണ്ടു വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ നടന്നു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page