
സി.സി.ക്യാമറ സ്ഥാപിച്ചതിന്റെ വിരോധത്തിൽ അയൽവാസികളായ ദമ്പതികളെ വീട് കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
കൂടലിൽ അയൽവാസികൾ സി.സി.ക്യാമറ സ്ഥാപിച്ചതിന്റെ വിരോധത്തിൽ ദമ്പതികളെ വീട് കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിലായി.കലഞ്ഞൂർ കഞ്ചോട് സ്വദേശിയായ പുത്തൻവീട്ടിൽ അനൂപ് (23) ആണ് അറസ്റ്റിലായത് .ജനുവരിമാസം 8-ാം തീയതി ഉച്ചയ്ക്ക് 12 മണിയോടു കൂടി അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഗൃഹനാഥനെ പുറത്തിടിച്ച് വീഴ്ത്തിയ ശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തടസ്സം പിടിക്കാനെത്തിയ ഗൃഹനാഥയെ ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ തുടർച്ചയായ അന്വേഷണങ്ങൾക്കൊടുവിൽ കൂടൽ പോലീസ് ഇൻസ്പെക്ടർ സുധീർ സി.എൽ. ന്റെ നേതൃത്വത്തിൽ പോലീസ് സബ്ഇൻസ്പെക്ടർ ബിജുമോൻ എം, എസ്.സി.പി.ഒ ഹരികൃഷ്ണൻ, ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ കൂടൽ, അടൂർ,ഏനാത്ത്,പുനലൂർ,പത്തനാപുരം കൊല്ലം റെയിൽവേ പോലീസ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി മോഷണം, കവർച്ച, അടിപിടിക്കേസ്, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളുണ്ട്. കാപ്പനിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ 6 മാസം തടവ് ശിക്ഷ പൂർത്തീകരിച്ച 23.11.2025 ൽ പുറത്തിറങ്ങിയ പ്രതി തുടർന്നും കുറ്റകൃത്യത്തിലേർപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.



