
അയൽവാസിയെ സ്റ്റീൽ കപ്പ് കൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു
മുൻവിരോധത്താൽഅയൽവാസിയെ സ്റ്റീൽ കപ്പ് കൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിൽ പ്രതിയെ പന്തളം പോലീസ് റിമാൻഡ് ചെയ്തു. പന്തളം എംഎസ്എം പി ഓയിൽ കഴുത്തുമൂട്ടിൽ പടി കഴുത്തുമൂട്ടിൽ വീട്ടിൽ ഷാജി (53) ആണ് റിമാൻഡിലായത്. പന്തളം മങ്ങാരം കഴുത്തുമൂട്ടിൽ പടിയിൽ വച്ച് ഫെബ്രുവരി 10ന് രാത്രി 9.30 ന് പന്തളം എംഎസ്എം പി ഓയിൽ കഴുത്തുമൂട്ടിൽ പടി മോടിപ്പുറത്ത് വടക്കേതിൽ മഹേഷ് കുമാറിനെ സ്റ്റീൽ കപ്പ് കൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മങ്ങാരം അമ്മൂമ്മക്കാവിലെ ഉച്ചാര മഹോത്സവം നടക്കുമ്പോൾ എഴുന്നള്ളത്തുമായി വന്നവരെ സ്വീകരിക്കുകയും കുടിവെള്ളം നൽകുകയും ചെയ്ത സമയം അതിനിടയിലേക്ക് വന്ന ഒരു ഓട്ടോറിക്ഷയുടെ ഡ്രൈവറോട് ഷാജി ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതിൽ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മഹേഷ് കുമാറിനെ ചീത്ത വിളിച്ചു കൊണ്ട് ഒരു സ്റ്റീൽ കപ്പ് എടുത്ത് തലയിൽ അടിക്കുകയായിരുന്നു. നെറ്റിയുടെ മുകളിൽ പരിക്കേറ്റതിനെ തുടർന്ന് മഹേഷിനെ പന്തളം സി എം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കിൽ അഞ്ച് കുത്തിക്കെട്ട് വേണ്ടിവന്നു.ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നിർദ്ദേശപ്രകാരം, എസ് സി പി ഓ സോളമൻ ഡേവിഡ് മൊഴി രേഖപ്പെടുത്തി. തുടർന്ന് എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിനെതുടർന്ന് ഒളിവിൽ പോയ പ്രതി, പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം തിങ്കൾ സ്റ്റേഷനിൽ ഹാജരായ പ്രതിയെ സാക്ഷികളെ കാണിച്ചു തിരിച്ചറിയുകയും, വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കും ശേഷം, 11.15 ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ കുറ്റസമ്മതമൊഴിയിൽ പറഞ്ഞ അടിക്കാൻ ഉപയോഗിച്ച സ്റ്റീൽ കപ്പ് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു



