പത്തനംതിട്ട: വീടിന്‍റെ വാതിലുകളും ജനലുകളും നിർമിച്ച നല്‍കിയ വ്യക്തി വീട്ടുടമയ്ക്ക് രണ്ടു ലക്ഷത്തി അറുപത്തിരണ്ടായിരം രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ ഉത്തരവ്. റാന്നി ഉന്നക്കാവ് തുലാമണ്ണിൽ ജോബിൻ ജോസ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനില്‍ നൽകിയ പരാതിയിലാണ് ഈ ഉത്തരവ്. വീടിൻ്റെ വാതിലുകളും ജനലുകളും നിർമിക്കാൻ കരാര്‍ നല്‍കിയ കോട്ടയം മണിമല കടയനിക്കാട് സ്വദേശി പുതുപ്പറമ്പില്‍ പി.എസ് ജയൻ ആണ് ഈ തുക അടക്കേണ്ടത്. 2021ൽ കോയിപ്രം വില്ലേജിൽ നിർമാണം ആരംഭിച്ച വീടിന്‍റെ കരാറാണ് കോടതി തര്‍ക്കത്തിലേക്ക് കയറിയത്.വീടിന് നിർമിക്കേണ്ട ജനല്‍,വാതിലുകള്‍ എന്നിവയുടെ മാതൃകകളും മറ്റും നേരത്തെ പറഞ്ഞിരുന്നു. തേക്ക്,പ്ലാവ് തുടങ്ങിയ മരങ്ങള്‍ ഉപയോഗിച്ചു മാത്രമെ നിര്‍മ്മാണം നടത്താവുവെന്നും നിര്‍ദേശം ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജയന് ജോബിന്‍ പല തവണകളായി 1,52,000 രൂപ നൽകി. എന്നാൽ എതിർ കക്ഷിയായ ജയൻ മൂപ്പെത്താത്ത പലകകളും മറ്റ് തടികളും ഉപയോഗിച്ചാണ് പണി നടത്തിയത്.ഇതോടെ വാതിലുകളും ജനലുകളും മറ്റും വളഞ്ഞും വിടവും ഉണ്ടായി ഉപയോഗശൂന്യമായി.പിന്നീട് പുതിയ ജനലുകളും വാതിലുകളും നിർമിച്ച ശേഷമാണ് ഹർജിക്കാരൻ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ജയന്‍ വാങ്ങിയ 1,52,000 ഹരജിക്കാരന് തിരികെ നൽകാൻ ധാരണയായെങ്കിലും അവധികള്‍ കഴിഞ്ഞിട്ടും ലഭിക്കാതെ വന്നതോടെയാണ് കമ്മീഷനിൽ പരാതി നൽകിയത്.കമ്മീഷൻ ഇരു കക്ഷികൾക്കും നോട്ടീസ് അയയ്ക്കുകയും ഇരുകക്ഷികളും കമ്മിഷന് മുമ്പാകെ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. മോശം തടി ഉപയോഗിച്ച് വാതിലുകളും ജനലുകളും നിർമ്മിച്ചതിനാൽ വാതിലുകളും ജനലുകളും വളയുകയും ശിഥിലമാകുകയും ചെയ്തതായി കമ്മീഷൻ കണ്ടെത്തി. തടി പണിയില്‍ കരാറുകാരന്‍ ഗുരുതരമായ പിഴവ് കാണിച്ചതായി കമ്മീഷൻ വിലയിരുത്തി. ഇതനുസരിച്ച്, ഹരജിക്കാരന് 1,52,000 രൂപയും, നഷ്ടപരിഹാരമായി 1,00,000 രൂപയും കോടതി ചെലവായി 10,000 രൂപയും പ്രതിഭാഗം നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കമ്മിഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.