
പച്ചമണ്ണ് കടത്തിയ ടിപ്പറുകൾ പോലീസ് പിടിച്ചതിന് സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തിയ യുവാവ് മോഷ്ടാക്കളെ സഹായിച്ച കേസിൽ അറസ്റ്റിൽ
പത്തനംതിട്ട : അനധികൃതമായി പച്ചമണ്ണ് കടത്തിയതിനു കീഴ്‌വായ്‌പ്പൂർ പോലീസ് പിടിച്ച ടിപ്പറുകളുടെ ഉടമസ്ഥനായ യുവാവ് മോഷ്ടാക്കളെ സഹായിച്ച കേസിൽ വീയപുരം പോലീസിന്റെ പിടിയിലായി.മല്ലപ്പള്ളി കുന്നന്താനം ഗോപുരത്തിൽ വീട്ടിൽ ജി എസ് സേതു(29)വാണ് വീയപുരം പോലീസിന്റെ പിടിയിലായത്. ജൂൺ 21 രാത്രി വീയപുരം ഇരതോട് റോഡിൽ നിർത്തിയിട്ട 4 ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ കവിയൂർ കോട്ടൂർ തൈക്കാട്ടിൽ വിശാൽ റാവത്തിനെയും കൂട്ടാളികളായ പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പിടികൂടിയിരുന്നു. സംഘത്തിൽപ്പെട്ട വിശാലിനെ വീയപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സേതുവിന്റെ പങ്ക് വ്യക്തമായത്, തുടർന്നാണ് അറസ്റ്റ്.
മോഷ്ടിച്ച ബാറ്ററികൾ ചങ്ങനാശ്ശേരി പായിപ്പാട്ടുള്ള ആക്രിക്കടയിൽ വിറ്റതായും, സേതുവിന്റെ കാറിൽ യാത്ര ചെയ്താണ് സ്ഥിരമായി മോഷണം നടത്തുന്നതെന്നും മറ്റും വിശാൽ വീയപുരം പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശി കുഞ്ഞുമോയ്തുവിന്റെ കവിയൂരിലെ ആക്രിക്കടയിലാണ് ബാറ്ററികൾ സാധാരണ വിൽക്കാറുള്ളത്. 20,000 രൂപ വിലയുള്ള ബാറ്ററികൾക്ക് 1000 രൂപ വരെയാണ് മോഷ്ടാക്കൾക്ക് കടയുടമ നൽകുക, ബാക്കി തുക സേതു കൈപ്പറ്റാറാണ് പതിവ്. ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത മോഷണകേസിൽ കുഞ്ഞുമൊയ്തീനും പിടിയിലായിരുന്നു.
സേതു കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിൽ 2015 മുതൽ റൗഡി ലിസ്റ്റിലുള്ളയാളാണ്. നരഹത്യാശ്രമത്തിന് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് ടിപ്പർ ലോറികൾ അനധികൃത പച്ചമണ്ണ് കടത്തിയതിനു കഴിഞ്ഞവർഷം ഓഗസ്റ്റ് 3 ന് കീഴ്‌വായ്‌പ്പൂർ എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന്, പിറ്റേന്നുതന്നെ ലോറികൾ തുടർനടപടികൾക്കായി പോലീസ് ജിയോളജി വകുപ്പിന് കൈമാറുകയും ചെയ്തു. ഏഴാം തിയതി പോലീസ് സ്റ്റേഷനിലെത്തി സേതു, പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷം നടത്തുകയും ആത്മഹത്യശ്രമം നടത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പോലീസ് പിടിച്ച ഇയാളുടെ ലോറിയിലൊന്നിന്റെ ഗ്രില്ലിൽ കെട്ടിത്തൂങ്ങിമരിക്കാനാണ് ശ്രമിച്ചത്. ഇതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും, കീഴ്‌വായ്‌പ്പൂർ പോലീസിനും, പോലീസ് സംവിധാനത്തിനുമെതിരെ അവമതിപ്പ് ഉണ്ടാക്കാനും ലക്ഷ്യമാക്കിയായിരുന്നു ഇയാളുടെ ആത്മഹത്യാശ്രമം. വർഷങ്ങളായി സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കിവരുന്ന ഇയാൾ, പോലീസ് കൈക്കൊള്ളുന്ന നിയമനടപടികൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും ആരോപണങ്ങൾ ഉയർത്തുക പതിവാണ്. ആത്മഹത്യാഭീഷണിയും സ്ഥിരമായി മുഴക്കാറുണ്ട്.
വീയപുരം, എടത്വ, ഹരിപ്പാട്, അമ്പലപ്പുഴ, കരുവാറ്റ ഭാഗങ്ങളിൽ അടുത്തിടെ അറുപതോളം വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിക്കപ്പെട്ടിരുന്നു. ഈ സംഘമായിരുന്നു മോഷണത്തിന് പിന്നിൽ. സേതുവിന്റെ കാറിലാണ് സംഘത്തിന്റെ യാത്ര. മോഷണങ്ങളിൽ സേതു നേരിട്ട് പങ്കെടുക്കാറില്ല. വിശാലും കൂട്ടാളികളും ഈ കാറിലെത്തി മോഷണം നടത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. സേതു കാർ വാടകയ്ക്ക് കൊടുക്കാറുണ്ട് എന്നാണ് ആദ്യം വിശാൽ പോലീസിനോട് പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സേതുവിന്റെ പങ്കാളിത്തം വെളിവാക്കിയത്.
കീഴ്‌വായ്‌പ്പൂർ, തിരുവല്ല, കറുകച്ചാൽ പോലീസ് സ്റ്റേഷനുകളിൽ സേതുവിനെതിരെ കേസുകളുണ്ട്. ദേശീയപാത നിർമാണ കരാറുകാരുടെ ഒട്ടേറെ വലിയ വാഹനങ്ങളുടെ ബാറ്ററികളാണ് കൂടുതലും പ്രതികൾ മോഷ്ടിച്ചത്. ലോറികൾക്കരികിൽ കാർ നിർത്തി അതിവേഗം സംഘം ബാറ്ററികൾ മോഷ്ടിക്കും. നിമിഷനേരത്തിനുള്ളിൽ കൃത്യം നടത്തിയശേഷം സ്ഥലംവിടുകയും ചെയ്യും. കവിയൂരിലെ ആക്രിക്കടയിലാണ് ഇവ മിക്കപ്പോഴും എത്തിക്കുക, നേരം വെളുക്കും മുമ്പുതന്നെ എത്തിച്ച് വിറ്റ് പണം വാങ്ങിപോകുകയും ചെയ്യാറാണ് പതിവെന്ന് ചോദ്യം ചെയ്യലിൽ വെളിവായി.
ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത മോഷണകേസിൽ പ്രതികൾ റിമാൻഡിലായിരുന്നു. തുടർന്നാണ് വീയപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രായപൂർത്തിയാകാത്തവർ ചെത്തിപ്പുഴ, കവിയൂർ സ്വദേശികളാണ്. ആക്രിക്കട ഉടമ കുഞ്ഞുമൊയ്തുവും സേതുവും അടുത്തസുഹൃത്തുക്കളാണ്. മോഷണമുതൽ വാങ്ങി കടയുടമ നൽകുന്ന തുകയിൽ ചെറിയവിഹിതം മാത്രമാണ് മോഷണസംഘത്തിന് നൽകിവന്നിരുന്നത്. ബാക്കിതുക സേതുവിനാണ് ഇയാൾ നൽകുകയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.



