
ജില്ലയിൽലഹരിമരുന്നുകൾക്കെതിരായ റെയ്‌ഡുകൾ തുടരുന്നു, കഞ്ചാവുമായി ആസ്സാം സ്വദേശി ഉൾപ്പെടെ 8 പേർ പിടിയിൽ
പത്തനംതിട്ട ജില്ലയിൽ ലഹരിമരുന്നുകൾക്കെതിരായ റെയ്‌ഡുകൾ തുടരുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കഞ്ചാവുമായി ആസ്സാം സ്വദേശി ഉൾപ്പെടെ 8 പേരെ പോലീസ് പിടികൂടി. പോലീസ് മേധാവിയുടെ നിർദേശപ്രകാരം തുടരുന്ന പ്രത്യേകപരിശോധനയിലാണ് നടപടി. വില്പനക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി ആസ്സാം സ്വദേശി അടൂരിൽ പിടിയിലായി. ആസാം ഉദൽരി തേജ്പൂർ
എറക്കുറ്റിപത്താർ മാഫിസ് ഉധിറിന്റെ മകൻ സദ്ദീർ ഹുസൈൻ ( 30) ആണ് 11.6 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഡാൻസാഫ് സംഘത്തിന്റെയും അടൂർ പോലിസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാളെ ഇന്നലെ
രാത്രി 11.30 ന് അടൂർ കണ്ണങ്കോട് നിന്നും കസ്റ്റഡിയിലെടുത്തത്. അടൂർ പോലീസ് തുടർനടപടി സ്വീകരിച്ചു.
കയ്യിലിരുന്ന പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ, പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അടൂർ എസ് ഐ അനൂപ് ചന്ദ്രൻ, പ്രൊബേഷൻ എസ് ഐ വിഷ്ണു, എസ് സി പ് ഓ അഭിലാഷ്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പോലിസിനെക്കണ്ടു പരുങ്ങിയ യുവാവ്, കയ്യിലെ കഞ്ചാവ് സൂക്ഷിച്ച കവർ എടുത്തെറിഞ്ഞശേഷം ഓടിപ്പോകാൻ ശ്രമിച്ചു. പോലീസ് തടഞ്ഞു പിടികൂടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കഞ്ചാവ് പോലീസ് ബന്തവസിലെടുത്തു, തുടർന്ന്, രാത്രി 11.40 ന് അറസ്റ്റ് ചെയ്തു. കഞ്ചാവിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി പോലീസ് വിശദമായി ചോദ്യം ചെയ്തു.
കീഴ്‌വായ്‌പ്പൂർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ 5 യുവാക്കൾ പിടിയിലായി. ഇതിൽ ഒരാളിൽ നിന്നും 5 ഗ്രാം കഞ്ചാവ് കണ്ടെടുത്തു, ഇയാൾക്കെതിരെ, കഞ്ചാവ് vilkkaanaayin കൈവശം വച്ചതിന് കേസെടുത്തു. ബാക്കിയുള്ളവർക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. കുന്നന്താനം വള്ളമല ഷാപ്പിൻെറ മുൻവശം വാഹന പാർക്കിങ്ങ് ഏരിയയിൽ നിന്നാണ് രണ്ടുപേരെ പിടികൂടിയത്. ഇന്ന് രാവിലെ 09.30 മണിയോടെയാണ് സംഭവം. കുന്നന്താനം പാറനാട് കുന്നത്ത്ശ്ശേരിൽ വീട്ടിൽ ശങ്കരൻ എന്ന കെ വി അഖിൽ ( 30) ആണ് 5 ഗ്രാം കഞ്ചാവോടെ പിടിയിലായത്.
കൈയ്യിലെ പേപ്പർ പൊതിയിലാണ് അഖിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്, വിൽപ്പനക്കായി സൂക്ഷിച്ചിരിക്കുകയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വിശദമായി ദേഹപരിശോധന നടത്തിയെങ്കിലും കൂടുതൽ കണ്ടെത്താനായില്ല. കുറ്റം സമ്മതിച്ചതിനെതുടർന്ന് സ്ഥലത്തുവെച്ച് 09.40 ന് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കുന്നന്താനം വള്ളമല സുരാജ് ഭവനം വീട്ടിൽ സുനിലി(34)നെ കഞ്ചാവ് ബീഡി വലിച്ചതിന് അറസ്റ്റ് ചെയ്തു.
പിന്നീട്, കല്ലുപ്പാറ ചെങ്ങരൂർചിറ ശാസ്താംഗൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നക്കാട്ട് വീട്ടിൽ എൽവിൻ ജി രാജ(27)ൻ്റെ വീടിനു സമീപത്തുനിന്നും ഇയാളെയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും സംശയകരമായ സാഹചര്യത്തിൽ പിടികൂടുകയായിരുന്നു. ആലപ്പുഴ കാവാലം കരിക്കമംഗലം പുത്തൻപറമ്പിൽ വീട്ടിൽ അനുവാവ എന്ന് വിളിക്കുന്ന വി വിമൽ മോൻ(27),
കുന്നന്താനം മഠത്തിൽ കാവ് തെക്കേവീട്ടിൽ സായി എന്ന് വിളിക്കുന്ന ടി കെ സായികുമാർ (36) എന്നിവരാണ് എൽവിനോപ്പം കസ്റ്റഡിയിലായത്. ഇവർക്കെതിരെ ബീഡി വലിച്ചതിനു കേസെടുത്തു
വിമൽ മോൻ ആലപ്പുഴ കൈനടി പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റിൽപ്പെട്ട ആളാണന്നും, 2022 ൽ കാപ്പ 15 (1)പ്രകാരം ശിക്ഷ അനുഭവിച്ച ആളാണന്നും അന്വേഷണത്തിൽ വെളിവായി. ടിപ്പർ ലോറി ഡ്രൈവറായ ഇയാൾ ഇപ്പോൾ തലവടി എസ് എൻ ഡി പി മന്ദിരത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയാണ്. 5 പേരും സുഹൃത്തുക്കളും,
മദ്യപാനികളും,ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എൽവിൻ കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ പെട്ടയാളാണ്. മോഷണ കേസിലും പ്രതിയായി. അഖിൽ കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെ കാപ്പ കേസ് പ്രതിയാണ്. സുനിലിനെതിരെ നേരത്തെ വധശ്രമ കേസുണ്ട്. കീഴ്വായ്‌പ്പൂർ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് പോലീസ് നടപടികൾ കൈക്കൊണ്ടത്. എസ് ഐ സതീഷ്ശേഖർ, എസ് സി പി ഓ ശരത് പ്രസാദ്, സി പി ഓ പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
രഹസ്യവിവരത്തെതുടർന്ന് കോഴഞ്ചേരി പാലത്തിനു സമീപത്തു നിന്നും രണ്ട് യുവാക്കളെ 5ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഡാൻസാഫ് ടീമും ആറന്മുള പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. പത്തനംതിട്ട വികോട്ടയം കൊലപ്പാറ, മൂക്കൻവിളയിൽ ഫെബിൻബിജു (25 ), പ്രമാടം മറുർ മല്ലശ്ശേരി ദേവമന സൗരവ് എസ് ദേവ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഫെബിൻബിജു കൊച്ചിയിലും ബ്ലാംഗ്ലൂരും റ്റാറ്റു സ്റ്റുഡിയോ നടത്തുകയാണ്. സുഹൃത്ത് സൗരവ്
പത്തനംതിട്ട പൂങ്കാവിൽ കാർ വാഷ് വർക്ക് ഷോപ്പ് നടത്തിവരുന്നു. ഇവർ ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് കാറിൽ കടത്തി കൊണ്ടുവരുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം ഡാൻസാഫിനു കൈമാറിയതിനെതുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് യുവാക്കൾ കുടുങ്ങിയത്. കോഴഞ്ചേരി പാലത്തിൽ വച്ച് ഡാൻസാഫും ആറന്മുള പോലീസും ചേർന്ന് തടഞ്ഞു പിടികൂടുകയായിരുന്നു. കാർ കസ്റ്റഡിയിലെടുത്തു. യുവാക്കളെ കൂടുതൽ ചോദ്യം ചെയ്തുവരുന്നു.ആറന്മുള പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.



