
നിലക്കൽ: മദ്യത്തിനും ലഹരിവസ്തുക്കൾക്കുമെതിരായി നടപടി തുടരുന്നതായി പോലീസ്
മദ്യത്തിനും ലഹരിവസ്തുക്കൾക്കുമെതിരായി നിലക്കൽ പോലീസ് നിരന്തരം ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ സഹകരണത്തോടെയും അല്ലാതെയും റെയ്ഡുകൾ നടത്തിവരുന്നതായും, നിയമനടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞദിവസം പ്രശ്നമുണ്ടായ ഹോട്ടലിലും മറ്റുള്ള കടകളിലും കയറി പോലീസ് പരിശോധന നടത്തിയിരുന്നു. മദ്യം, ലഹരിവസ്തുക്കൾ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവ കൈവശം വക്കൽ, വില്പന തുടങ്ങിയവ കണ്ടെത്തുന്നതിന് വിശദമായ പരിശോധനകൾ മേഖലയിൽ തുടരുകയാണ്. കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ കൈക്കൊള്ളുന്നതിന് പോലീസിന് നിർദേശം നൽകിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കഴിഞ്ഞദിവസം നിലക്കൽ പാർക്കിംഗ് ഗ്രൗണ്ട് 5 ൽ ഒരു കടയിലെ രണ്ട് തൊഴിലാളികൾ തമ്മിൽ പ്രശ്നമുണ്ടായപ്പോൾ കടയുടമ ഇടപെടുകയും, തുടർന്ന് തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തു. വിവരമറിഞ്ഞയുടനെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചതിൽ പണം സംബന്ധിച്ച തർക്കമാണെന്ന് വ്യക്തമായിരുന്നു. വഴക്കിട്ടയാൾ എരുമേലി വെണ്ണിക്കുളം സ്വദേശിയായിരുന്നു, 3000 രൂപ കടയുടമ അയാൾക്ക് കൊടുക്കാൻ ഉണ്ട് എന്ന് വ്യക്തമാകുകയും, പോലീസ് ഇടപെട്ട് തുക സ്റ്റേഷനിൽ വച്ച് കൊടുപ്പിക്കുകയും, പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.
തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാവും വിധം അവിടെ ഒന്നുമുണ്ടായിട്ടില്ല. കടകൾക്കുള്ളിലും പാർക്കിംഗ് ഗ്രൗണ്ടിലും മദ്യപാനികൾ അഴിഞ്ഞാടുന്നുവെന്ന പരാതി ഉണ്ടായിട്ടില്ല. നിലക്കൽ പോലീസ് സ്റ്റേഷനിൽ നേരിട്ട് അറിയുന്നതും, കണ്ട്രോൾ റൂമിൽ നിന്നും അറിയിക്കുന്നതുമായ സംഭവങ്ങൾ അപ്പപ്പോൾ തന്നെ എസ് ഐയുടെ നേതൃത്വത്തിലും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അന്വേഷിച്ച് നടപടി കൈക്കൊള്ളാറുണ്ട്.



