
News
പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് സ്മൃതിദിനം ആചരിച്ചു
1959 ഒക്ടോബർ 21 ന് നടന്ന, ചൈനീസ് സൈന്യത്തിന്റെ വെടിവയ്പ്പിൽ ജീവൻ ബലിയർപ്പിച്ച 10 പോലീസുദ്യോഗസ്ഥരുടെ ഉൾപ്പെടെ, സേവനകാലയളവിൽ ധീരരക്തസാക്ഷിത്വം വരിച്ച മുഴുവൻ സേനാംഗങ്ങളെയും സ്മരിക്കുന്ന ദിനത്തിൽ, ജില്ലാ പോലീസ് ആസ്ഥാനത്ത് അനുസ്മരണം സംഘടിപ്പിച്ചു. സേനാംഗങ്ങളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് നടന്ന പരേഡിൽ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ സല്യൂട്ട് സ്വീകരിച്ചു. 1960 ൽ സംസ്ഥാനങ്ങളിലെ ഇൻസ്പെക്ടർമാരുടെ വാർഷിക സമ്മേളനത്തിൽ തീരുമാനിച്ച് അന്നുമുതൽ ആചരിച്ചുവരുന്ന ഈ ദിനത്തിൽ പരേഡ് നടത്തുകയും, വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യാറുണ്ട്. ജില്ലാ പോലീസ് ആസ്ഥാനത്ത് ഒരുക്കിയ രക്തസാക്ഷിസ്മാരകത്തിൽ ജില്ലാ പോലീസ് മേധാവി പുഷ്പചക്രം അർപ്പിച്ചു. പരേഡിൽ സേനാംഗങ്ങൾ ആചാരവെടി മുഴക്കി. ചടങ്ങിൽ ഡി സി ആർ ബി ഡി വൈ എസ് പി റോബർട്ട് ജോണി, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരൻ, സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരായ എസ് അഷാദ് ( തിരുവല്ല ), ആർ ജയരാജ് (റാന്നി ), ജി സന്തോഷ് കുമാർ (അടൂർ ), ക്യാമ്പ് അസിസ്റ്റന്റ് കമണ്ടാന്റ് ആർ ചന്ദ്രശേഖരൻ, പോലീസ് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.



