
കർണാടക പോലീസ് ചമഞ്ഞ് വയർലെസ് സെറ്റുകളുമായി സന്നിധാനത്ത് യുവാവ് പിടിയിലായി
നിയമപ്രകാരമുള്ള ടെലികമ്യൂണിക്കേഷൻ ലൈസൻസോ അനുമതിയോ ഇല്ലാതെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽപ്പെട്ട രണ്ട് വയർലെസ് സെറ്റുകളുമായി യുവാവിനെ സന്നിധാനത്ത് പിടികൂടി. മൈസൂർ സിദ്ധാർഥ് നഗർ പി ഓയിൽ ജോക്കി ക്വാർട്ടേഴ്‌സ് 222 മൂന്നാം ബ്ലോക്കിൽ ഹിമാദ്രിയിൽ പ്രഭാകർ മകൻ എ പി രാഘവേന്ദ്രനെ(44)യാണ് ഞായർ രാത്രി 10.30 ന് സന്നിധാനം വലിയയനടപ്പന്തലിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. സന്നിധാനം എസ് എച്ച് ഓ എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കർണാടക സ്റ്റേറ്റ് പോലീസിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച്, പോലീസ് ഉദ്യോഗസ്ഥരെയും മറ്റും കബളിപ്പിക്കണമെന്ന് ഉദ്ദേശിച്ചും, തിരിച്ചറിയൽ കാർഡ് യാഥാർഥ്യമാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചും, കർണാടക പോലീസ് മാലവല്ലി ടൌൺ പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ 417 ആണെന്ന പേരിലുള്ള കാർഡ് ഉണ്ടാക്കി കൈവശം സൂക്ഷിക്കുകയായിരുന്നു.
വ്യാജരേഖയാണെന്ന അറിവോടെ അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും മറ്റും കാണിച്ച് പോലീസ് ആണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച ഇയാൾ, പോലീസ് വയർലെസ് സെറ്റിൽ നിന്നും വിവരങ്ങൾ ചോർത്താൻ കയ്യിൽ രണ്ട് വയർലെസ് സെറ്റുകൾ കരുതുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ബോധ്യമായി. രാത്രി 10 മണിയോടെയാണ് വലിയ നടപ്പന്തലിൽ ഇയാളെ സംശയകരമായ നിലയിൽ കണ്ടത്. തുടർന്ന്, പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ അനൂപ് ചന്ദ്രനെ അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെതുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് എച്ച് ഓയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷം ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടർ നടപടികൾ കൈക്കൊള്ളൂകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ കാർഡ് വ്യാജമായും കൃത്രിമമായും ഉണ്ടാക്കി, അതീവ സുരക്ഷാ മേഖലയിൽ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്താനുള്ള ശ്രമമായിരുന്നു എന്ന് പോലീസിന് ബോധ്യപ്പെട്ടു. മുതിർന്നപോലീസ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.



