
എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഔദ്യോഗിക ഡ്യൂട്ടിതടസ്സപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിലായി
തിരുവനന്തപുരം വിളവൻകോട് മെതുകുംമേൽ പടന്തലുംമൂട് കാക്ക തൂക്കിവിള വീട്ടിൽ നിന്നും മല്ലപ്പള്ളി മാർക്കറ്റിന് എതിർവശം കുറിച്ചിയിൽ ഷാജിയുടെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ബി സുധി (49)യെ എക്സൈസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക ഡ്യൂട്ടിതടസ്സപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി എക്സൈസ് സി ഐ ഓഫീസിൽ സിവിൽ എക്സൈസ് ഓഫീസറായി ജോലിചെയ്യുന്ന കൊല്ലം വടക്കേവിള അൽ നൂർ വീട്ടിൽ മുഹമ്മദ് കാഹിൽ(38) ആണ് പ്രതിയുടെ ആക്രമണത്തിന് ഇരയായത്. സഹപ്രവർത്തകനായ അനൂപമൊത്ത് അനധികൃത ലഹരി വില്പനക്കെതിരായ പരിശോധനയുമായി ബന്ധപ്പെട്ട പട്രോളിംഗ്ഡ്യൂട്ടി ചെയ്തുവരവേയാണ് സംഭവം. 25 ന് രാത്രി 7.30 നും എട്ടിനുമിടെ, മല്ലപ്പള്ളി മാർക്കറ്റിന് സമീപം വോളിബോൾ കോർട്ടിലേക്ക് പോകുന്ന റോഡിൽ വാഴവിത്ത് വിൽക്കുന്ന കടയുടെ മുന്നിൽ വച്ച് പരസ്യമായി മദ്യപിക്കുകയായിരുന്നു സുധി . ഇത് വിലക്കി ചോദ്യം ചെയ്തപ്പോൾ, ഇദ്ദേഹത്തെ അസഭ്യം വിളിച്ചുകൊണ്ട് വെല്ലുവിളിച്ച് ആക്രമിക്കാൻ മുതിരുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും, അവിടെ കിടന്ന വാക്കത്തിയെടുത്ത് വീശുകയുമായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ചുനിർത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന് എക്സൈസുദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച്, കീഴ്വായ്പ്പൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. 26 വ്യാഴംസ്റ്റേഷനിലെത്തി വിവരം പറഞ്ഞതുപ്രകാരം കാഹിലിന്റെ മൊഴിവാങ്ങി പോലീസ് കേസെടുത്തു. വാഴവിത്ത് കച്ചവടക്കാരനായ പ്രതിക്കെതിരെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഡ്യൂട്ടിക്ക് തടസം സൃഷ്ടിക്കുകയും ചെയ്തുവെന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സിപി ഓ ഒലിവർ പി വർഗീസ് രേഖപ്പെടുത്തിയ മൊഴിപ്രകാരം പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥനാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വാക്കത്തി കൊണ്ടുള്ള ആക്രമണത്തിനിടെ ഉണ്ടായ പിടിവലിയിൽ ഇയാളുടെ കയ്യിൽ മുറിവുണ്ടായി. സംഭവസ്ഥലത്ത് നിന്നും വാക്കത്തി,മദ്യം അടങ്ങിയ കുപ്പി, ഗ്ലാസുകൾ എന്നിവ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.



