
സ്കൂളിൽനിന്നും മൈക്കുകളും ആംപ്ലിഫയറും മറ്റും മോഷ്ടിച്ച പ്രതികളെ പോലീസ് പിടികൂടി
പന്തളം ഗവണ്മെന്റ് യു പി സ്കൂൾ കെട്ടിടത്തിലെ ഹാളിലെ കതകിന്റെ പൂട്ട് ഇളക്കി ഉള്ളിൽ കയറി മൈക്കുകളും ആംപ്ലിഫയറും കേബിളുകളും മോഷ്ടിച്ച പ്രതികളെ പന്തളം പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ചെന്നീർക്കര ഊന്നുകൽ പനയ്ക്കൽ എരുത്തിപ്പാട്ട് വലിയമുറി വീട്ടിൽ അരുൺ(25), ചെന്നീർക്കര പ്രക്കാനം നാഗവര മുരുപ്പേൽ വീട്ടിൽ മിഥുൻ( 25), എന്നിവരാണ് അറസ്റ്റിലായത്. നിരവധി പ്രതികളുള്ള ഇലവുംതിട്ടയിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടയാളാണ് അരുൺ. കൂടാതെ,കഞ്ചാവ് ബീഡി വലിച്ചതിന് ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെടുത്ത കേസിലും, കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിലും പ്രതിയാണ്. ഇയാൾക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് ഇലവുംതിട്ട സ്റ്റേഷനിൽ നിലവിലുണ്ട്. പന്തളം എസ് ഐ അനീഷ് എബ്രഹാം, സ്കൂൾ പ്രഥമ അധ്യാപികയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. 21 ന് വൈകിട്ടും പിറ്റേന്ന് പുലർച്ചെക്കുമിടെയിലാണ് സ്കൂൾ വളപ്പിൽ അതിക്രമിച്ചുകടന്ന് യുവാക്കൾ മോഷണം നടത്തിയത്. ഹാളിനുള്ളിൽ കമ്പ്യൂട്ടർ മേശമേൽ വച്ചിരുന്ന 2 മൈക്കുകളും ഒരു ആംപ്ലിഫയറും 2 കേബിളുകളുമാണ് മോഷ്ടാക്കൾ കവർന്നത്. ആകെ 17000 രൂപയുടെ നഷ്ടം സംഭവിച്ചു. 4 സി സി ടി വി ക്യാമറകളിൽ ഹാളിന്റെ ഭാഗത്തേക്കുള്ളത് മുകളിലേക്ക് തിരിച്ചുവച്ചശേഷമാണ് പ്രതികൾ മോഷണം നടത്തിയത്. സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങളും മറ്റും പോലീസ് സംഘം വിശദമായി പരിശോധിച്ചിരുന്നു. കൂടാതെ സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തവരുടെ വിവരങ്ങളും ശേഖരിച്ചു. തുടർന്ന് പ്രതികളെ തിരിച്ചറിയുകയും, മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. തങ്ങളെ പോലീസ് തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കിയ യുവാക്കൾ ഫോൺ ഓഫ് ചെയ്തശേഷം മുങ്ങി. ഒരാൾ ബന്ധുവീട്ടിലെ പറമ്പിൽ ഒളിച്ചിരുന്നു, മറ്റെയാൾ കൂട്ടുകാരനുമൊത്ത് ബൈക്കിൽ പത്തനംതിട്ട ഭാഗത്ത് കറങ്ങിനടന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പ്രതികൾ ഫോൺ ഓണാക്കിയില്ല. തുടർന്ന് ഇവരുടെ അടുത്ത ബന്ധുക്കളെ കണ്ടെത്തി അവരുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെ തന്ത്രപരമായി കുടുക്കുകയായിരുന്നു പോലീസ്. ഫോണുകൾ ഓഫാക്കി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ അതിനുള്ള അവസരം കൊടുക്കാതെ തന്ത്രപരമായ നീക്കങ്ങളിലൂടെ 24 മണിക്കൂറിനകം കസ്റ്റഡിയിലെടുക്കാൻ പന്തളം പോലീസിന് സാധിച്ചു. മോഷ്ടാക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. മോഷണം നടത്തിയതു സംബന്ധിച്ച് ഇവർ പോലീസിനോട് വിശദീകരിച്ചു. ഒന്നാം പ്രതിയുടെ കുറ്റസമ്മതപ്രകാരം മോഷ്ടിച്ച സാധനങ്ങൾ സ്കൂളിന്റെ ഒരുഭാഗത്തായി വച്ചിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന്, ഇവ പോലീസ് കണ്ടെടുത്തു സ്കൂൾ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തി. അനന്തര നിയമനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി പ്രജീഷ് മേൽനോട്ടം വഹിച്ച അന്വേഷണസംഘത്തിൽ എസ് ഐ അനീഷ് എബ്രഹാം, എസ് സി പി മാരായ ജയൻ, അമീഷ്, സിപിഓമാരായ രഞ്ജിത്ത് അമൽ ഹനീഫ് എന്നിവരാണ് ഉണ്ടായിരുന്നത്.



