
യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട ചിറ്റാറിൽ യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ 3 പേരെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ നീലിപിലാവ് കിഴക്കേക്കര വീട്ടിൽ സുനിൽ ( 51),നീലിപിലാവ് രോഹിണിപ്പടി നടശ്ശേരിൽ വീട്ടിൽ രജീഷ് ( 39), നീലിപിലാവ് നടശ്ശേരിൽ ദിലീപ് എന്ന രമേശ് ( 40) എന്നിവരാണ് അറസ്റ്റിലായത്. രണ്ടും മൂന്നും പ്രതികൾ സഹോദരൻമാരാണ്. 14 ന് രാത്രി 9.30 ന് പന്നിയാർ വച്ചാണ് ആക്രമണമുണ്ടായത്. ചിറ്റാർ ഡിപ്പോപ്പടി കണ്ടംകുളത്ത് വീട്ടിൽ ഷാനവാസ് (34), ചിറ്റാർ പന്നിയാർ വാഴവിളയിൽ പ്രവീൺ (30) എന്നിവർക്കാണ് പ്രതികളുടെ മർദ്ദനമേറ്റത്. പ്രവീണിന്റെ മാതാവിനും ദേഹോപദ്രവം ഏറ്റു. ഷാനവാസിന്റെമൊഴിയനുസരിച്ചാണ് ചിറ്റാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഒന്നാം പ്രതി സുനിൽ കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് ഷാനവാസിനെ വെട്ടി, ഇടതു പുരികത്തിൽ മുറിവേറ്റു, അസ്ഥിക്ക് പൊട്ടലുണ്ടായി. മറ്റു പ്രതികൾ ചേർന്ന് ഇരുമ്പു പൈപ്പുകൊണ്ടും കൈകൊണ്ടും മർദ്ദിക്കുകയും അടിക്കുകയും തൊഴിക്കുകയും ചെയ്തു. അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടായിരുന്നു ദേഹോപദ്രവംഏൽപ്പിച്ചത്.ഷാനവാസിന്റെ വീട്ടിൽ പോലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാൽ നേരിട്ടെത്തി മൊഴി ശേഖരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കുള്ളിൽ ചിറ്റാർ നിന്നും പ്രതികളെ പിടികൂടി. നിരീക്ഷണത്തിൽ സ്റ്റേഷനിൽ സൂക്ഷിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പന്നിയാറുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെ പടിഞ്ഞാറുവശം മതിലിനോട് ചേർന്ന ഭാഗത്തുനിന്നും വെട്ടുകത്തിയും, രണ്ടാം പ്രതിയുടെ കുറ്റസമ്മതമൊഴി പ്രകാരം അവിടെ നിന്നുതന്നെ ഇരുമ്പു പൈപ്പും പോലീസ് കണ്ടെടുത്തു. പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.



