
ഉത്സവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ കയ്യേറ്റം നടത്തിയയാൾ അറസ്റ്റിൽ
ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ട് പരിപാടിക്കിടെ, പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത പോലീസിനുനേരെ കയ്യേറ്റത്തിന് മുതിർന്ന യുവാവിനെ പിടികൂടി. പന്തളം മുടിയൂർക്കോണം പുന്നത്താറ്റ് വിനോദ് ഭവനത്തിൽ വിനോദ് (41) ആണ് അറസ്റ്റിലായത്. മുടിയൂർക്കോണം ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ട് പരിപാടി നടക്കുമ്പോൾ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപ്പിച്ചത്. പോലീസിനോട് തട്ടിക്കയറുകയും പിടിച്ചുതള്ളി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു, വ്യാഴം രാത്രി പന്ത്രണ്ടിനു ശേഷമാണ്സംഭവം.ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയായിരുന്നു കയ്യേറ്റമുണ്ടായത്. നാടൻ പാട്ട് പരിപാടിക്കിടെ പ്രശ്നമുണ്ടായത് പോലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോഴാണ് ക്ഷുഭിതനായ വിനോദ് പോലീസിന് നേരേ തിരിഞ്ഞത്. എസ് ഐയുടെ നേതൃത്വത്തിൽ, എ എസ് ഐ രാജു, സി പി ഓമാരായ അൻസാജു, അരുൺ എന്നിവരടങ്ങിയ സംഘം ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നിർദേശപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർ നടപടികൾക്കുശേഷം ജാമ്യത്തിൽ വിട്ടയച്ചു.



