
അപേക്ഷ ക്ഷണിച്ചു/അഭിമുഖം/അറിയിപ്പ്/വിദ്യാഭ്യാസാനുകൂല്യം/സൗജന്യ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം/സൗജന്യതൊഴില്‍മേള 27ന്
അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 വര്‍ഷം ലാപ്ടോപിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളില്‍ ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളതും തുടര്‍ച്ചയായി ജോലി ചെയ്തുവരുന്നതുമായ തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 0469 2603074.
അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ സര്‍ക്കാര്‍ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ്. അപേക്ഷ ഫോം തിരുവല്ല കറ്റോടുള്ള ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 0469 2603074.
സൗജന്യ തൊഴില്‍മേള 27ന്
അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 27 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999688, 9496085912.
കേരളോത്സവം
മൈലപ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 27,28 തീയതിയില്‍ നടക്കും. മത്സരാര്‍ഥികള്‍ http://keralotsavam.com വെബ്സൈറ്റില്‍ സെപ്റ്റംബര്‍ 25 ഉച്ചയ്ക്ക് ഒന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222340.
ദേശീയ ആയുര്‍വേദ ദിനം ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 23 ന്
ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ 10-മത് ദേശീയ ആയുര്‍വേദ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 23 രാവിലെ ഒമ്പതിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ആര്. അജയകുമാര്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് മുഖ്യാതിഥിയാകും. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മിനി ആയുര്‍വേദദിന സന്ദേശവും ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കോളജ് ജംഗ്ഷനില്‍ നിന്നു രാവിലെ ഒമ്പതിന് ആരംഭിക്കുന്ന റാലി കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്ധു ജോണ്‍സ് ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ വിഷയങ്ങളില്‍ ക്ലാസ്, ജീവിതശൈലിരോഗ നിര്‍ണയ ക്യാമ്പ്, ഫുഡ് ഫെസ്റ്റ്, ആയുര്‍വേദ എക്സ്പോ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.അഖില, നാഷണല്‍ ഹെല്‍ത്ത് മിഷന് ഡിപിഎം ഡോ.എസ്.ശ്രീകുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളിലും ആയുര്‍വേദദിനത്തോടനുബന്ധിച്ച് ഒരാഴ്ച വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന് മുഖേന ഭാരതീയ ചികിത്സ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന വിവിധ ആയുര്‍വേദ പ്രോജക്ടുകളുടെയും യൂണിറ്റുകളുടെയും ഉദ്ഘാടനവും നടക്കും.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-35. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ കോഴ്സ് വിജയിച്ചവരാകണം. ഡിസിഎ/ഡിറ്റിപി/ പിജിഡിസിഎ കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പരിജ്ഞാനമുണ്ടാകണം. പ്രതിമാസ ഓണറേറിയം 16,000. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04735 227703.
സൗജന്യ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം
കേരള നോളജ് ഇക്കോണമി മിഷന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ടെക്നോവാലിയുമായി ചേര്‍ന്ന് സൈബര്‍ സെക്യൂരിറ്റിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും അഞ്ച് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. യോഗ്യത പ്ലസ് ടു. പ്രായപരിധി 18-25. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടര്‍പഠനത്തിന് സ്കോളര്‍ഷിപ്പും ലഭിക്കും.
സൈബര്‍ സെക്യൂരിറ്റിയിലും (ഡിഫന്‍സീവ്, ഒഫന്‍സീവ്, ഡിജിറ്റല്‍ ഫോറന്‍സിക്) എഐയിലും സംഭവിക്കുന്ന നൂതനമായ മാറ്റങ്ങളും തൊഴിലവസരങ്ങളും സാധ്യതകളും ലോകോത്തര അംഗീകൃത പഠനകേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങളും വെബിനാറിലൂടെ ലഭിക്കും.
പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 15നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും നോളജ് ഇക്കോണമി മിഷന്റെ സോഷ്യല്‍ മീഡിയ പേജ് സന്ദര്‍ശിക്കുക.
വിദ്യാഭ്യാസാനുകൂല്യം
കേരള സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹികസുരക്ഷ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-2026 വര്‍ഷത്തെ വിദ്യാദ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പാസായതിനുശേഷം സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫോമില്‍ ഒക്ടോബര്‍ 10 ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. വിദ്യാര്‍ഥി/ വിദ്യാര്‍ഥിനി പഠിക്കുന്ന സ്ഥാപന മേലധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വകാര്‍ഡ്, ആധാര്‍കാര്‍ഡ്, അംശാദായം രേഖപ്പെടുത്തുന്ന പാസ്ബുക്ക്, ഐഎഫ്എസ്സി കോഡ് സഹിതം ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, വിദ്യാഭ്യാസസ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍: 0468 2220248.
അറിയിപ്പ്
കേരളസംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹികസുരക്ഷ ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നു പെന്ഷന് വാങ്ങുന്ന ഗുണഭോക്താക്കള്‍ പെന്ഷന് വിതരണം സേവന സോഫ്റ്റ് വെയര്‍ വഴി ആക്കുന്നതിന് ആധാര്‍ സാധൂകരണം (ഡാറ്റാ ശേഖരണം) പൂര്‍ത്തിയാക്കാത്തവര്‍ സെപ്റ്റംബര്‍ 30 നകം നടത്തണം. അല്ലാത്ത പക്ഷം പെന്ഷന് മുടങ്ങുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2220248.
അഭിമുഖം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 25 രാവിലെ 10.30 ന് നടക്കും. ബിഡിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകളുടെ അസലും പകര്‍പ്പും സഹിതം കോന്നി മെഡിക്കല്‍ കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. രജിസ്ട്രേഷന് രാവിലെ 9.30 മുതല്‍ 10 വരെ. ഫോണ്‍: 0468 2344823, 2344803
വനിതാ കമ്മീഷന് മെഗാഅദാലത്ത് സെപ്റ്റംബര്‍ 24 ന്
വനിതാ കമ്മീഷന് മെഗാ അദാലത്ത് സെപ്റ്റംബര്‍ 24 ന് തിരുവല്ല മാമന് മത്തായി നഗര്‍ ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.
ഗതാഗത നിയന്ത്രണം
പറക്കോട് ജംഗ്ഷന് സമീപത്തെ കലുങ്കിന്റെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ പറക്കോട്-കൊടുമണ്‍ റോഡിലൂടെയുള്ള വാഹനഗതാഗതം സെപ്റ്റംബര്‍ 23 ന്(ഇന്ന്) നിരോധിച്ചു. അടൂരില്‍ നിന്ന് പറക്കോട്- കൊടുമണ്‍ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡില്‍ പാലമുക്ക് വഴി കാവാനാല്‍ ജംഗ്ഷനില്‍ എത്തി കൊടുമണ്‍ ഭാഗത്തേക്കും അടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ റോഡ് വഴി തിരിച്ചും പോകണം.



