News

അപേക്ഷ ക്ഷണിച്ചു/സ്‌കോളര്‍ഷിപ്പ് വിതരണം/പ്രവേശനം ആരംഭിച്ചു/അഭിമുഖം,സീറ്റ്ഒഴിവ്.ലൈബ്രേറിയന്‍ ഒഴിവ്,കമ്പ്യൂട്ടര്‍ കോഴ്സ്,തൊഴില്‍ മേള ഉദ്ഘാടനം,ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

മഴക്കെടുതി: ജില്ലയില്‍ 124 വീടുകള്‍ ഭാഗികമായി തകര്‍ന്നു

മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും  ജൂണ്‍ ഒന്നു വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു.

ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് ജൂണ്‍ ഒന്നു വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെടാം.

മണ്ണിടിച്ചില്‍ സാധ്യത :
പ്രദേശവാസികളെ സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റും

ജില്ലയില്‍ മേയ് 29, 30 തീയതികളില്‍ അതിതീവ്ര മഴയ്ക്കും മേയ് 31ന് അതിശക്തമായ മഴയ്ക്കുമുളള മുന്നറിയപ്പ് പ്രഖ്യാപിച്ചതിനാല്‍ ഓറഞ്ച് ബുക്ക് 2021 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്നടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുളള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദുരിതാശ്വാസ കാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവ് നല്‍കി. പ്രാദേശികമായി വള്‍നറബിള്‍ ഗ്രൂപ്പായിട്ടുള്ള പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവുണ്ട്.

ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

ശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി സ്‌കൂളിലും കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍ വീടിലുമാണ് ക്യാമ്പ് ആരംഭിച്ചത്. സെന്റ് ബഹനാന്‍സ് യു പി സ്‌കൂള്‍ ക്യാമ്പില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണുള്ളത്. പകല്‍വീട് ക്യാമ്പില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമുണ്ട്.  ജലനിരപ്പുയര്‍ന്നതിനെതുടര്‍ന്ന് മൂഴിയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകളില്‍ ഒന്ന് നിലവില്‍ അഞ്ച് സെ.മി തുറന്നിരിക്കുകയാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190.00 മീറ്ററുമാണ്.

മഴക്കെടുതി: ജില്ലയില്‍ 124 വീടുകള്‍ ഭാഗികമായി തകര്‍ന്നു

ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ ഓരോ വീട് പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കിലായി 124 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല 37, റാന്നി 30, കോന്നി 18, അടൂര്‍ 18, മല്ലപ്പള്ളി 14, കോഴഞ്ചേരി ഏഴ് എന്നിങ്ങനെയാണ് കണക്ക്. മല്ലപ്പള്ളി, കോന്നി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.
ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിനും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 36.80 ലക്ഷം രൂപയുടെ നഷ്ടം രേഖപ്പടുത്തി. പത്തനംതിട്ട സെക്ഷന് കീഴിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് (18.61 ലക്ഷം).
മരങ്ങള്‍ വീണ്  48 ഹൈടെന്‍ഷന്‍ പോസ്റ്റും 393 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 356 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അതത് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ, കണ്‍ട്രോള്‍ റൂം നമ്പറായ 9446009451 ലോ അറിയിക്കണം.
കനത്ത മഴയില്‍ ജില്ലയില്‍ 1.91 കോടി രൂപയുടെ കൃഷി നാശം. 73.04 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ നശിച്ചു. 1138 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. അടൂര്‍ ബ്ലോക്കിലാണ് കൂടുതല്‍ നാശം. 242 കര്‍ഷകര്‍ക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പത്തനംതിട്ട ബ്ലോക്കില്‍ 241 കര്‍ഷകരുടെ 5.14 ഹെക്ടര്‍ സ്ഥലത്ത് 17.80 ലക്ഷം, റാന്നി ബ്ലോക്കില്‍ 232 കര്‍ഷകരുടെ 35.07 ഹെക്ടര്‍ സ്ഥലത്ത് 23.56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. കോന്നി, മല്ലപ്പള്ളി, പന്തളം, പുല്ലാട്, തിരുവല്ല ബ്ലോക്കുകളിലെ 423 കര്‍ഷകരുടെ 16.95 ഹെക്ടര്‍ സ്ഥലത്തെ വിളകളാണ് മഴയിലും കാറ്റിലും നശിച്ചത്.  

പാറക്കടവ് പാലം: ടെന്‍ഡര്‍ മന്ത്രിസഭ അംഗീകരിച്ചു

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പാറക്കടവ് പാലത്തിന്റെ 22 ശതമാനം  അധികരിച്ച ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു.
പാലത്തിന്റെ സമാന്തര പാതയ്ക്കുള്ള സ്ഥലമെടുപ്പ് പൂര്‍ത്തീകരിച്ചു. മല്ലപ്പള്ളി ജംഗ്ഷനില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാറി മണിമലയാറിന് കുറുകെയാണ് പാറക്കടവ് പാലം വിഭാവനം  ചെയ്തിട്ടുള്ളത്. കീഴ്വായ്പൂരിലെ കോട്ടയം- കോഴഞ്ചേരി റോഡും പരിയാരം ഭാഗത്തെ മൂശാരിക്കവല- കോമളം റോഡും തമ്മിലാണ് പാലം ബന്ധിപ്പിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമായാല്‍ ഇരുവശത്തുമുള്ള ജനങ്ങള്‍ക്ക്  മല്ലപ്പള്ളി ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കി തിരുവല്ല, ചെറുകോല്‍പ്പുഴ, കോഴഞ്ചേരി എന്നീ സ്ഥലങ്ങളില്‍ എത്തിച്ചേരുവാന്‍  സാധിക്കും. പാലത്തിന്റെ  നീളം  111 മീറ്ററും, പരിയാരം ( മല്ലപ്പള്ളി) ഭാഗത്തെ അപ്രോച്ച് റോഡിന് 155 മീറ്റര്‍ നീളവും, കീഴുവായ്പൂര്‍ ഭാഗത്തെ അപ്രോച്ച് റോഡിന് 11.3 മീറ്റര്‍ നീളവുമാണുള്ളത്. മല്ലപ്പള്ളി ഭാഗത്ത് സര്‍വീസ് റോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴര മീറ്റര്‍ വീതിയില്‍ വാഹന ഗതാഗതത്തിനുള്ള റോഡും ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയും ഉള്‍പ്പെടെ 11 മീറ്ററാണ്  പാലത്തിന്റെ വീതി. 28 മീറ്റര്‍  നീളമുള്ള നാല് സ്പാനുകളാണ് പാലത്തിനുളളത്. സ്ഥലമെടുപ്പിന് ചിലവായത് കൂടാതെ 11.2 കോടി രൂപയ്ക്കാണ് നിര്‍മാണം നടത്തുക.

ആലോചനയോഗം ചേര്‍ന്നു

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം വികസന പദ്ധതിയുടെ ആലോചന യോഗം പ്രസിഡന്റ് ജെ ഇന്ദിരാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പട്ടികജാതി നഗറായ  ഇലന്തൂര്‍ സുബ്രഹ്‌മണ്യ വിലാസത്തില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സുബ്രഹ്‌മണ്യ വിലാസ നഗറിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. വീടിന് സംരക്ഷണ ഭിത്തി, ഭവന പുനരുദ്ധാരണം, സോളാര്‍ തെരുവ് വിളക്ക്, റോഡ് കൈവരി തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം നടത്തും. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് ചുമതല. പട്ടികജാതി നഗറുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം.  പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ്. വിജയ് പദ്ധതി വിശദീകരണം നടത്തി. നഗറില്‍ നിന്ന് നാലു പ്രതിനിധികളെ ഉള്‍പ്പെടുത്തി പദ്ധതി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആതിര ജയന്‍,  ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്  അസിസ്റ്റന്റ് എഞ്ചിനിയര്‍ അമൃത വര്‍മ്മ, ജില്ലാ നിര്‍മ്മിതി കേന്ദ്രം അസിസ്റ്റന്റ് എഞ്ചിനിയര്‍ അജിത എന്നിവര്‍ പങ്കെടുത്തു.

ആരോഗ്യം ആനന്ദം 2.0 കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ രണ്ടാംഘട്ടം മേയ് 31 മുതല്‍

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച് കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ ആരോഗ്യം ആനന്ദം 2.0 മെയ് 31  ന് ആരംഭിക്കും. ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപന തലത്തില്‍ ഉദ്ഘാടനവും ബോധവല്‍ക്കരണ പരിപാടിയും നടത്തും. പുകവലിക്കെതിരെ ബോധവല്‍ക്കരണവും സ്‌ക്രീനിംഗും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസം, എക്‌സൈസ്, പോലീസ്, തൊഴില്‍ വകുപ്പുകള്‍ സംയുക്തമായി പരിപാടി സംഘടിപ്പിക്കുന്നത്. കാമ്പയിന്റെ രണ്ടാംഘട്ടത്തില്‍ പുരുഷന്‍മാരില്‍ കൂടുതല്‍ കണ്ടു വരുന്ന വദന,വന്‍കുടല്‍ അര്‍ബുദം എന്നിവ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. പുകയിലക്കെതിരെ ബോധവല്‍ക്കരണം, പുകയിലനിയന്ത്രണ നിയമം 2003 നടപ്പാക്കല്‍, വദനാര്‍ബുദ സ്‌ക്രീനിംഗ്, വന്‍കുടല്‍ അര്‍ബുദ ബോധവല്‍ക്കരണം, പുകയിലരഹിത വിദ്യാലയങ്ങള്‍, ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകള്‍ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാനഘടകങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സഹായത്തോടെ സംയുക്ത പരിശോധന നടത്തും. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ മേയ് 30ന് നടക്കുന്ന യോഗത്തില്‍ കാമ്പയിനോടനുബന്ധിച്ച് തയ്യാറാക്കിയ ബോധവല്‍ക്കരണ ബോര്‍ഡുകളുടെ പ്രകാശനം നടത്തും. ജില്ലയിലെ വിവിധ വകുപ്പുകളുടെ മേധാവികള്‍, ഡോക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

തൊഴില്‍ മേള ഉദ്ഘാടനം

വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച ജില്ലാതല തൊഴില്‍ മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി അജിത്ത് അധ്യക്ഷയായി. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി. തൊഴില്‍ മേളയില്‍ ഇരുപത്തിയഞ്ചില്‍ പരം കമ്പനികളും നാനൂറില്‍പരം ഉദ്യോഗാര്‍ഥികളും പങ്കെടുത്തു.

കമ്പ്യൂട്ടര്‍ കോഴ്സ്

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രോഗ്രാമിങ് ലാങ്വേജുകള്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഡേറ്റ എന്‍ട്രി, മള്‍ട്ടിമീഡിയ, ഗ്രാഫിക്ക് ഡിസൈന്‍ തുടങ്ങി വിവിധ കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 9495999688, 9497289688.

ലബോറട്ടറി ടെക്‌നീഷ്യന്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലബോറട്ടറി  ടെക്‌നീഷ്യന്‍  ഗ്രേഡ് -രണ്ട് / ലബോറട്ടറി  അസിസ്റ്റന്റ്  ഗ്രേഡ് -രണ്ട്  തസ്തികയില്‍ ഡിഎ വിഷ്വലി ഇംപയേര്‍ഡ് (എന്‍സിഎ  ഒഴിവ് ) വിഭാഗത്തിനായി  സംവരണം  ചെയ്ത ഒരു താല്‍കാലിക ഒഴിവുണ്ട്. പ്ലസ്ടു  അല്ലെങ്കില്‍ തതുല്യ യോഗ്യതയും  കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള  ലബോറട്ടറി  ടെക്‌നിഷ്യന്‍  കോഴ്‌സില്‍ ഡിപ്ലോമയാണ് യോഗ്യത. അടിസ്ഥാന ശമ്പളം 27900-63700 രൂപ.  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ അഞ്ചിനകം പേര് രജിസ്റ്റര്‍  ചെയ്യണം. ഫോണ്‍ : 0468 2222745.

ലൈബ്രേറിയന്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലൈബ്രേറിയന്‍ ഗ്രേഡ്- രണ്ട്  തസ്തികയില്‍ ഡിഎ- ഹിയറിഗ് ഇംപയേര്‍ഡ് (എന്‍സിഎ ഒഴിവ് ) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താല്‍കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ കേരള നല്‍കുന്ന ലൈബ്രറി സയന്‍സില്‍ എ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ കേരള ഗ്രന്ഥശാല സംഘം നല്‍കുന്ന ലൈബ്രറി സയന്‍സില്‍ എ സര്‍ട്ടിഫിക്കറ്റ് കോഴ്സോ ആണ് യോഗ്യത. അടിസ്ഥാന ശമ്പളം 22200-48000 രൂപ.  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0468 2222745.

 സീറ്റ് ഒഴിവ്

ആറന്മുള സഹകരണ കോളജില്‍ 2025-26 അധ്യയന വര്‍ഷം ആരംഭിക്കുന്ന ജെഡിസി ബാച്ചിലേക്ക് സീറ്റ് ഒഴിവ്. യോഗ്യത: എസ് എസ് എല്‍ സി. ഫോണ്‍ : 9447654471, 9447863032.

അഭിമുഖം

കോന്നി ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മലയാളം, കണക്ക്, ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളില്‍ അഭിമുഖം നടത്തുന്നു. അധ്യാപക തസ്തികകള്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും (നെറ്റ് മുന്‍ഗണന), ലൈബ്രേറിയന്‍ ഗ്രേഡ് നാല് ന് ലൈബ്രറി സയന്‍സുമാണ് യോഗ്യത. ഫോണ്‍: 8547005074.

പ്രവേശനം ആരംഭിച്ചു

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് വെയര്‍ ഹൗസ് മാനേജ്മെന്റ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു. ഫോണ്‍: 7306119753.

അപേക്ഷ ക്ഷണിച്ചു

കുന്നന്താനം അസാപ് കേരള സ്‌കില്‍ പാര്‍ക്കില്‍ ബേസിക് പ്രഫിഷന്‍സി ഇന്‍ ഇംഗ്ലീഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9595999688.

കുടിവെളള വിതരണം തടസപ്പെടും

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം ഓവര്‍ ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് മൂലം ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിന് ലീക്ക് ഉണ്ടായതിനാല്‍ സംരക്ഷണ ഭിത്തി പുന:സ്ഥാപിക്കുന്നത് വരെ നഗരത്തിലെ താഴെ വെട്ടിപുറം, എസ് പി ഓഫിസ്,  പൊലിസ് ക്വാര്‍ട്ടേഴ്‌സ്, ശബരിമല ഇടത്താവളം എന്നിവിടങ്ങളില്‍ ജലവിതരണം പൂര്‍ണമായും തടസപെടുമെന്ന് പത്തനംതിട്ട ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സ്‌കോളര്‍ഷിപ്പ് വിതരണം

സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം നാളെ (മേയ് 30) ഉച്ചയ്ക്ക് 2.30 ന്  മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കും. സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി. ബി അശോകന്‍ അധ്യക്ഷനാകും. ഫോണ്‍ : 0468 2222709.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page