
അമിതരക്തസ്രാവത്താൽ ഗുരുതരാവസ്ഥയിലായ യുവതിയെ അതിവേഗം ആശുപത്രിയിലെത്തിച്ച് തണ്ണിത്തോട് പോലീസ്
അമിതരക്തസ്രാവം കാരണം അവശനിലയിലായ യുവതിയെ ദുർഘടമായ വഴിയിലൂടെ ചുമന്ന് ഔദ്യോഗിക വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ച് തണ്ണിത്തോട് പോലീസ്. ഞായർ പുലർച്ചെ രണ്ടോടെ പോലീസ് സ്റ്റേഷനിലേക്ക് നിലവിളിയോടെ സഹായം അഭ്യർത്ഥിച്ചെത്തിയ തണ്ണിത്തോട് മൂഴി പുളിഞ്ഞാണിൽ വീട്ടിൽ ബേബി, തന്റെ ഭാര്യ അമ്പിളി രക്തത്തിൽ കുളിച്ച് അവശയായി കിടക്കുകയാണെന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞതുകേട്ടപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ജീവൻ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
വിവരമറിഞ്ഞ എസ് എച്ച് ഓ വി കെ വിജയരാഘവന്റെ നിർദേശപ്രകാരം, ജി ഡി ചാർജ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ,
രാത്രികാല പട്രോളിംഗിലായിരുന്ന വാഹനം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് , എ എസ് ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേക്ക് പാഞ്ഞു. തണ്ണിത്തോട്ടിലുള്ള ഒരു ആംബുലൻസിനെ വിളിച്ചെങ്കിലും ഓട്ടം പോയിരിക്കുകയാണെന്ന് പറഞ്ഞതായി ബേബി പോലീസിനെ അറിയിച്ചിരുന്നു. സി പി ഓ അരുൺ സുരേന്ദ്രൻ പോലീസ് വാഹനം ഓടിച്ച് വീടിനടുത്ത് റോഡിൽ എത്തിച്ചു.
സ്റ്റേഷന്റെ പിന്നിലെ ചെറിയ വഴിയിലൂടെ നടന്ന് പോലീസ് സംഘം ബേബിയുടെ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവതിയെയാണ് കണ്ടത്. തുടർന്ന്, ഒട്ടും സമയം പാഴാക്കാതെ യുവതിയെ പായയിൽ കിടത്തി ചുമന്നു റോഡിലെത്തിച്ചു. വീട്ടിൽ നിന്നും റോഡ് വരെയുള്ള അര കിലോമീറ്ററോളം ദൂരമുള്ള വഴി ഏറെ ദുർഘടം പിടിച്ചതായിരുന്നു. കൂരിരുട്ടിൽ മൊബൈൽ ഫോണിന്റെയും മറ്റും വെളിച്ചത്തിൽ ഒട്ടും സുഗമമല്ലാത്തതും കാട്ടുകല്ലുകൾ നിറഞ്ഞതുമായ വഴിയിലൂടെ യുവതിയെ സുരക്ഷിതയായി ചുമന്നു റോഡിൽ എത്തിച്ചു, കാത്തുകിടന്ന പോലീസ് ജീപ്പിൽ കയറ്റി, കോന്നി താലൂക്ക് ആശുപത്രിയിലേക്ക് അതി വേഗത്തിൽ എത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നൽകിയശേഷം പത്തനംതിട്ട ജനനറൽ ആശുപത്രിയിലേക്ക് തണ്ണിത്തോട് പോലീസ് ഏർപ്പെടുത്തിയ ആംബുലൻസിൽ യുവതിയെ എത്തിക്കുകയായിരുന്നു. സ്ഥിതി മോശമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിലാക്കി. അപകനില തരണം ചെയ്ത യുവതിയെ തിങ്കൾ വാർഡിലേക്ക് മാറ്റി. പോലീസ് സംഘത്തിൽ എ എസ് ഐക്കൊപ്പം എസ് സി പി ഓ സുരേഷ്, സി പി ഓമാരായ അജിത്, അരുൺ ബാബു, അരുൺ സുരേന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്. നല്ലൊരു വഴിപോലുമില്ലാത്ത ഇടത്തിലൂടെ കൂരിരുട്ടിലും, പ്രതികൂല സാഹചര്യങ്ങളിലും അതിവേഗത്തിൽ ജീവൻ രക്ഷിക്കാൻ കരമനിരതരായി, മനുഷ്യത്വത്തിന്റെ ആൾരൂപമായി മാറിയ പോലീസിന് അകമഴിഞ്ഞ നന്ദി പറയുകയാണ് ബേബിയുടെ കുടുംബവും തണ്ണിത്തോട് നിവാസികളും.അവസരത്തിനൊത്ത് ഉയർന്ന് കർത്തവ്യനിർവഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി അഭിനന്ദനങ്ങൾ നേർന്നു.



