
എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ അധ്യാപകർക്ക് പരിശീലനം നൽകി
അനുദിനം വിപ്ലവകരമായ മാറ്റങ്ങൾസംഭവിച്ചുകൊണ്ടിരിക്കുന്ന സൈബർ ലോകത്ത് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ നിരവധിയാണെന്നും, കുട്ടികൾ അതിൽ പെട്ടുപോകാതിരിക്കാൻ സമൂഹം മുഴുവൻ വിശിഷ്യാ അധ്യാപകർ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നും ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. ജില്ലയിലെ 41 . സ്കൂളുകളിലെ എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാർക്ക് ഇന്ന് ജില്ലാ പോലീസ് ഡി എച്ച് ക്യൂ സഭാഹാളിൽ വച്ച് നടത്തിയ ക്ലാസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻ ഡി ഐ ജിയുടെ നിർദ്ദേശാനുസരണം, വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ എസ് പി സി സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ അധ്യാപകർക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയായിരുന്നു പരിശീലനം. ജില്ലയിൽ സൈബർ ബോധവൽക്കരണക്ലാസുകൾ പോലീസിന്റെ നേതൃത്വത്തിൽ നൽകിവരികയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം.
എസ് പി സി പദ്ധതിയിലൂടെ ലക്ഷ്യം സാധിക്കുന്നതിനുള്ള വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകർ ഇതെപ്പറ്റി നല്ല ബോധ്യമുള്ളവരാവണമെന്നും ഇത്തരം ക്ലാസുകൾ പ്രയോജനപ്പെടുത്തി, വിദ്യാർത്ഥികളിലേക്ക് പകർന്ന് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ നോഡൽ ഓഫീസർ ഇൻ ചാർജ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്ങാടിക്കൽ എസ് എൻ വി എച്ച് എസ് എസ് ,സി പി ഒ പി ആർ ഗിരീഷ് സ്വാഗതവും എസ് പി സി പദ്ധതി അസിസ്റ്റന്റ് നോഡൽ ഓഫീസർ സുരേഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. തിരുവനന്തപുരം സൈബർ ഡോം എസ് ഐ എ പ്രമോദ്, മുൻ സൈബർ സെൽ എസ് ഐ പി ബി അരവിന്ദാക്ഷൻ നായർ എന്നിവർ ക്ലാസുകൾ നയിച്ചു.



