
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി മോഷണം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ
≤പത്തനംതിട്ടയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി .ആലപ്പുഴ ചമ്പക്കുളം തായങ്കര സ്വദേശിയായ കണ്ണാട്ട് വീട്ടിൽ രതീഷ് (29) ആണ് പോലീസിന്റെ പിടിയിലായത്. ടിയാൻ പാലക്കാട് , വാളയാർ പോലീസ് സ്റ്റേഷനുകളിൽ മുമ്പും മോഷണക്കേസിൽ പ്രതിയായിട്ടുണ്ട്. 20-ാം തീയതി രാത്രിയോടെ മോഷണത്തിനായി എത്തിയ പ്രതി വീടിനോട് ചേർന്നുളള ഔട്ട്ഹൌസിന്റെ പൂട്ട് കുത്തിത്തുറക്കുകയും സി.സി.റ്റി.വി.ക്യാമറ നശിപ്പിക്കുകയുമായിരുന്നു. വീടിന് പുറത്ത് ശബ്ദം കേട്ടതിനെ തുടർന്ന് ക്യാമറയുമായി ബന്ധിപ്പിച്ചിരുന്ന ഫോണിൽ നോക്കിയ സമയം വിവരം മനസ്സിലാക്കി അയൽവാസികളെ വിളിച്ചറിയിച്ച സമയം ടോർച്ചുമായി ആളുകളെത്തിയ സമയം പ്രതി കടന്നു കളയുകയായിരുന്നു.അവിടെ നിന്നും രക്ഷപ്പെട്ടുപോയ പ്രതി വാഴമുട്ടം മാർ ബഹനാൻ ഓർത്തോഡോക്സ് വലിയപള്ളി വക സെൻറ് ഗ്രിഗോറിയോസ് കുരിശടിയുടെ വഞ്ചി കുത്തി പൊളിച്ച് മോഷണം നടത്തി. പത്തനംതിട്ട വാഴമുട്ടം സ്വദേശിയായ കരോട്ട് പുത്തൻവീട്ടിൽ ഏലിയാമ്മ വർഗീസിന്റെ (62) വീട്ടിലെ സി.സി.റ്റി.വി.ക്യാമറ നശിപ്പിക്കുകയും വീടിനോട് ചേർന്നുളള ഔട്ട്ഹൌസിന്റെ പൂട്ട് കുത്തിത്തുറക്കുകയും ആണ് ചെയ്തത്. മോഷണവിവരം അറിഞ്ഞെത്തിയ പത്തനംതിട്ട പോലീസ് സബ് ഇൻസ്പെക്ടർമാരായ രാജേഷ് കുമാർ കെ.ആർ, ഷിജു.പി.സാം എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അന്വേഷണത്തിനിടെ പത്തനംതിട്ട അഴൂർ എന്ന സ്ഥലത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അയ്യൂബ്ഖാൻ,സിവിൽപോലീസ് ഓഫീസർമാരായ പ്രശാന്ത്, അഷർ എന്നിവരും ഉണ്ടായിരുന്നു.


