
ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ വിവരശേഖരണം നടത്തി വൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റിലായി
ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും നിയമ നിർവഹണ ഏജൻസികൾ അറിയാതെ ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതിയെ പത്തനംതിട്ട സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) ആണ് അറസ്റ്റിലായത്. സ്വകാര്യ വ്യക്തികളുടെ ഡേറ്റാ വിവരങ്ങൾ ചോർത്തിയെടുത്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയായ അടൂർ സ്വദേശി ജോയൽ വി ജോസിനെ 31.10.2025 ൽ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിലേക്ക് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ പി എസ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു അന്വേഷണം നടത്തി വരവേ ഒന്നാംപ്രതിയുടെ സഹായിയായി പ്രവർത്തിച്ച രണ്ടാംപ്രതി അഹമ്മദാബാദിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലാ ക്രൈം റിപ്പോർട്ട്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ ബി. സബ് ഇൻസ്പെക്ടർ ആശ വി ഐ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രസാദ് എം ആർ, സിവിൽ പോലീസ് ഓഫീസർ സഫൂറ മോൾ എന്നിവരെ അടങ്ങിയ അന്വേഷണസംഘം അഹമ്മദാബാദിൽ നിന്നും അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു


