
കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിൽ പ്രതികൾക്ക് 5 വർഷം കഠിനതടവ്
വെച്ചൂച്ചിറ പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ, കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ രണ്ട് പ്രതികളെ , 5 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച് കോടതി. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി എസ് ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളായ കോട്ടയം മണിമല മൂക്കട ,കാവൽ,പുളിക്കൽ വീട്ടിൽ ബിജുമോൻ രാഘവൻ (-38 ),
മണിമല എ കെ കവല മൂക്കട കിഴക്കെപുറത്തു കുടിയിൽ വീട്ടിൽ കെ കെ സാബു (52 )എ ന്നിവരെ 25000 രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 5 മാസത്തെ അധികതടവുകൂടി അനുഭവിക്കണം. മൂന്നാം പ്രതി മണിയപ്പനെ വെറുതെവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി ആർ അനിൽകുമാർ ഹാജരായി.
2 കിലോ 900 ഗ്രാം കഞ്ചാവ് വിൽപ്പനക്കായി രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിൽ ഒന്നും രണ്ടും പ്രതികൾ ചേർന്ന് കൊണ്ടു പോകുന്നതായികണ്ട് 2022 ജൂലൈ നാലിന് രാത്രി കൊല്ലമുള കൂത്താട്ടുകുളം – കാക്കനാട്ട് പടിയിൽവച്ച് പോലീസ് പിടികൂടിയെന്നതാണ് കേസ്. അന്നത്തെ വെച്ചൂച്ചിറ എസ് ഐ ജി സണ്ണികുട്ടിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പോലീസ് ഇൻസ്പെക്ടർ ജർലിൻ വി സ്കറിയ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണസംഘത്തിൽ എ എസ് ഐ അൻസാരിയും ഉണ്ടായിരുന്നു



