
കൃഷിസ്ഥലത്ത് വളർത്തിയ 5 കഞ്ചാവ് ചെടികളും കടയിൽ സൂക്ഷിച്ച കഞ്ചാവും പോലീസ് പിടിച്ചെടുത്തു, പ്രതി അറസ്റ്റിൽ
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് നൂമാന്റെ മേൽനോട്ടത്തിൽ സബ്ഡിവിഷൻ ഡാൻസാഫ് സംഘം നടത്തിയ നിരീക്ഷണത്തിൽ പാട്ടത്തിനെടുത്ത പറമ്പിൽ വളർത്തിയ അഞ്ച് കഞ്ചാവ് ചെടികളും, വീടിന്റെ ടെറസിലെ കടയിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും കണ്ടെത്തി , പ്രതി അറസ്റ്റിലായി. കോഴഞ്ചേരി ചെറുകോൽ കോട്ടപ്പാറ വിപിൻ സദനം (മനയത്രയിൽ വീട്) വിജയകുമാർ(59)ആണ് പിടിയിലായത്. ഇയാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ചെറുകോലുള്ള പറമ്പിൽ വിവിധ ഇടങ്ങളിൽ നട്ടുവളർത്തിയ നിലയിലാണ് 5 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡി വൈ എസ് പി എസ് നൂമാന്റെയും നർകോട്ടിക് സെൽ ഡിവൈഎസ്പി ബി അനിലിന്റെയും നേതൃത്വത്തിൽ പത്തനംതിട്ട സബ് ഡിവിഷൻ തലത്തിലുള്ള ഡാൻസാഫ് സംഘമാണ് തന്ത്രപരമായ നീക്കത്തിലൂടെ കഞ്ചാവും ചെടികളും കണ്ടെത്തി പിടികൂടിയത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ ആറന്മുളയിലെ ഫീൽഡ് ഓഫീസർ ടി തിലകനും പോലീസ് നടപടികളിൽ പങ്കാളിയായി. വനിതാ എസ് ഐ കെ ആർ ഷെമിമോൾ,സി പി ഓമാരായ സുരേഷ്, സഫൂറ മോൾ, അനൂപ്, സുമൻ സോമരാജൻ, എം രാഹുൽ എന്നിവരടങ്ങിയ സബ്ഡിവിഷൻ ഡാൻസാഫ് സംഘത്തിലെ അംഗങ്ങളാണ് റെയ്ഡിൽ പങ്കെടുത്തത്. പോലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള ആറന്മുള പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ജൂനിയർ എസ് ഐ ഹരികൃഷ്ണൻ, എസ് സി പി ഓമാരായ എസ് ഉമേഷ്, ബിന്ദുലാൽ എന്നിവരാണ് പോലീസ് ഇൻസ്പെക്ടർക്കൊപ്പം ഉണ്ടായിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഡി വൈ എസ് പി, സബ് ഡിവിഷൻ തലത്തിലുള്ള ഡാൻസാഫ് ടീമിനെ നിയോഗിക്കുകയും, അവർ സ്ഥലത്ത് നിരന്തരനിരീക്ഷണം നടത്തുകയും ചെയ്തു. തുടർന്ന്, കാര്യങ്ങൾ ഉറപ്പാക്കിയശേഷം പരിശോധനാനടപടികളിലേക്ക് കടക്കുകയായിരുന്നു. പ്രതിയുടെ രണ്ടുനിലവീട്ടിൽ നടത്തിയ റെയ്ഡിൽ മുകളിലെ നിലയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ചെറുകോലിൽ പാട്ടത്തിനെടുത്ത സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വിവിധ കൃഷിവിഭവങ്ങൾക്കിടയിൽ കഞ്ചാവ് ചെടികൾ വളർത്തുന്നതായി പോലീസിനോട് സമ്മതിച്ചു.വീടിനു മുകൾ നിലയിൽ ഷീറ്റിട്ട് പലചരക്കു കട നടത്തുകയാണ് ഇയാൾ. വീട്ടിൽ ഭാര്യയും മരുമക്കളും മറ്റുമായി കുടുംബമായി താമസിച്ചുവരികയാണ്.
29 ന് വൈകിട്ട് നാലിന് ആരംഭിച്ച റെയ്ഡ് രാത്രി 9 വരെ നീണ്ടു. ടെറസിന് മുകളിൽ മേശയും അലമാരകളും വച്ച് ക്യാബിൻ തിരിച്ച് പലചരക്കും മറ്റും വച്ച കടയിലെ കട്ടിലിന്റെ അടിയിൽ ബ്രൗൺ നിറത്തിലുള്ള കവറിനുള്ളിൽ 7.8 ഗ്രാം ഭാഗികമായി ഉണങ്ങിയ കഞ്ചാവ് ചെടിയുടെ വിവിധ ഭാഗങ്ങളും, 50.03 ഗ്രാം ഉണങ്ങിയ കഞ്ചാവ് വെവ്വേറെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ കഞ്ചാവ് സ്വന്തം ഉപയോഗത്തിന് സൂക്ഷിച്ചതാണെന്നും, പാട്ടത്തിന്റെടുത്ത കൃഷിഭൂമിയിൽ മറ്റു കൃഷികൾക്കൊപ്പം പലഭാഗത്തായി പല വളർച്ചയിലുള്ള 5 ചെടികൾ നട്ടുവളർത്തി നനച്ച് പരിപാലിച്ച് വരുന്നതായും വെളിപ്പെടുത്തി. തുടർന്ന്, രാത്രി 8.45 ന് അറസ്റ്റ് ചെയ്തു. പത്തനംതിട്ട എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകനും സ്ഥലത്ത് എത്തിയിരുന്നു. പത്തനംതിട്ട യിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
ഡോഗ് സ്ക്വാഡും പോലീസിന്റെ പരിശോധനയിൽ പങ്കെടുത്തു, സാമന്ത എന്ന പോലീസ് നായയുടെ സേവനമാണ് പ്രയോജനപ്പെടുത്തിയത്. വീടും പരിസരവും വിശദമായി പരിശോധിച്ചു. പാട്ടത്തിനെടുത്ത പുരയിടത്തിൽ തെങ്ങ്, വാഴ, ഇഞ്ചി, ചേമ്പ് തുടങ്ങിയ കാർഷിക വിഭവങ്ങൾക്കിടയിലാണ് പ്രതി കഞ്ചാവ് പരിപാലിച്ച് വളർത്തിയത്. ഇവയിൽ നിന്നുള്ള ഉണങ്ങിയ ഇലയും പൂവും കായും മറ്റും പോലീസ് പിടികൂടിയ കഞ്ചാവ് ശേഖരത്തിൽ ഉണ്ടായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഓണനാളുകളുമായി ബന്ധപ്പെട്ട് ലഹരിവസ്തുക്കളുടെ കടത്തും വില്പനയും അനധികൃത മദ്യ വില്പനയും തടയുന്നതിനുള്ള പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. സ്റ്റേഷൻ തലത്തിലും സബ് ഡിവിഷൻ തലത്തിലും പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.



