
റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട ക്രിമിനൽ കേസ് പ്രതി വധശ്രമക്കേസിൽ പിടിയിൽ
വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടയാളുമായ യുവാവിനെ വെട്ടു കേസിൽ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം അക്കരക്കാപ്പടി കുളമാംകൂട്ടത്തിൽ വീട്ടിൽ ബിജു സമുവൽ ( 43) ആണ് പിടിയിലായത്. അരുവാപ്പുലം അക്കരക്കാലപ്പടി ഒഴിഞ്ഞകോട്ടു മണ്ണിൽ വീട്ടിൽ കെ കലേഷി (38) നാണ് കത്തികൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിലും കൈക്കും പരിക്കേറ്റത്.
കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സയിലാണ്. പ്രതിക്കെതിരെ കോടതിയിൽ സാക്ഷിപറഞ്ഞതിന്റെ വിരോധം കാരണമാണ് പ്രതി കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചത്.
26 ന് ഉച്ചക്ക് ശേഷം 3.30 ന് അക്കരക്കാലാപ്പടിയിൽ വച്ചാണ് സംഭവം. പ്രതി ബിജു സാമൂവലും ഇയാളും സുഹൃത്തുക്കളാണ്, ബിജുവിന്റെ ഷെഡിന്റെ പരിസരത്ത് വച്ച് കലേഷിന്റെ അമ്മയെ ഫോണിലൂടെ പ്രതി അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ, ഇയാൾ കലേഷിനെയും അസഭ്യം വിളിച്ചു. തുടർന്ന് അരയിൽ കരുതിയ കത്തിയെടുത്ത് കഴുത്തിന് നേരെ വെട്ടുകയായിരുന്നു. വെട്ട് വലതു കൈകൊണ്ട് തടഞ്ഞപ്പോൾ കഴുത്തിന്റെ ഇടതുവശത്ത് കത്തികൊണ്ട് മുറിവേറ്റു. വലതു കൈത്തണ്ടയിലും മുറിവുണ്ടായി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും കത്തി ഓങ്ങി മരണഭയം ഉണ്ടാക്കി. ഷർട്ടിൽ കുത്തിപ്പിടിച്ച് വീണ്ടും വെട്ടാൻ ശ്രമിച്ചപ്പോൾ ഓടി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കലേഷിന്റെ മൊഴി എ എസ് ഐ അജി തോമസ് രേഖപ്പെടുത്തി, എസ് ഐ വിമൽ രംഗനാഥ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് അന്വേഷണം കോന്നി പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാൽ ഏറ്റെടുത്തു. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘവും മറ്റും എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കേസെടുത്തതറിഞ്ഞ പ്രതി, ഇയാളുടെ വീടിനോട് ചേർന്നുള്ള വനമേഖലയിൽ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചു. ഡോഗ് സ്ക്വാഡിന്റെ സഹായത്താൽ വനമേഖലയിൽ കോന്നി പോലീസ് 29 ന് രാവിലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം വ്യാപിപ്പിച്ചതിനെതുടർന്നു കല്ലേലി എസ്ബിഐക്ക് സമീപത്തു നിന്നും പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയെടുത്തു, വൈകിട്ട് 5.10 ന് അറസ്റ്റ് രേഖപ്പെടുത്തി. ഷെഡ്ഡിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കത്തി പോലീസ് കണ്ടെടുത്തു. തുടർനടപടികൾക്കൊടുവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരുന്ന പ്രതി, കോന്നി പോലീസ് സ്റ്റേഷനിലെ വധശ്രമം, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ 24 കേസുകളിൽ പ്രതിയായിട്ടുണ്ട്. 2003 മുതൽ രജിസ്റ്റർ ചെയ്ത കേസുകളാണിവ. കോന്നി ഡി വൈ എസ് പി എസ് അജയ്നാഥിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം നടക്കുന്നത്.



