
ഡോ. ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലിത്ത അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെത്തി
മാരാമൺ കൺവെൻഷൻ സംഘാടകർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ സന്ദർശനം നടത്തി. മാർത്തോമാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപനും മാരാമൺ കൺവെൻഷൻ്റെ സംഘാടകരായ സുവിശേഷ പ്രസംഗ സംഘം പ്രസിഡൻ്റുമായ ഡോ. ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലിത്തയാണ് ആമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ അപ്രതീക്ഷിത അതിഥിയായി എത്തിയത്. കൺവെൻഷൻ നഗറിലെത്തിയ ഡോ. ജോസഫ് മാർ ബർണ്ണബാസിനെയും സംഘത്തെയും ഹിന്ദു മത മഹാമണ്ഡലം പ്രസിഡൻ്റ് പി എസ് നായർ, ജനറൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള,
വൈസ് പ്രസിഡൻ്റ്മാരായ അഡ്വ.കെ ഹരിദാസ്, മാലേത്ത് സരളാ ദേവി, കെ കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ ഡി രാജഗോപാൽ, ജി രാജ്കുമാർ, കെ ആർ വേണുഗോപാൽ, ട്രെഷരാർ റ്റി കെ സോമനാഥൻ നായർ, ജി കൃഷ്ണകുമാർ, ശ്രീജിത്ത് അയ്രൂർ, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ച് സമ്മേളന പന്തലിലേക്ക് ആനയിച്ചു. അപ്രതീക്ഷിതമായി എത്തിയ വിഷിഷ്ട അതിഥിയെ സമ്മേളനത്തിൽ പങ്കെടുത്ത ഏവരും എഴുന്നേറ്റ് നിന്ന് ആദരിച്ചു. ഈ സമയം സമ്മേളന വേദിയിൽ ഭജന നടക്കുന്നുണ്ടായിരുന്നു. അൽപ്പ സമയം സമ്മേളന പന്തലിൽ ഇരുന്ന് ഭജന കേട്ട ശേഷമാണ് അദ്ദേഹം മടങ്ങിപ്പോയത്. മാർത്തോമാ സഭാ സെക്രട്ടറി ഫാദർ എബി റ്റി മാമൻ, മെത്രാപ്പൊലിത്തയുടെ സെക്രട്ടറിയായ ഫാ. അരുൺ തോമസ്, മാർത്തോമാ സഭാ കൗൺസിൽ അംഗം തോമസ് കോശി, മാരാമൺ കമ്മറ്റി കൺവീനറായ ഫാദർ ജോജി ജേക്കബ്, ഫാദർ റ്റിജു എം ജോർജ്ജ് മാർത്തോമാ സഭാ ട്രസ്റ്റി പി പി അച്ചൻകുഞ്ഞ് എന്നിവരും ഡോ. ജോസഫ് മാർ ബർണ്ണബാസ് മെത്രാപ്പോലിത്തക്കൊപ്പം ഹിന്ദു മത പരിഷത്തിൽ സന്ദർശനം നടത്തി.
മധ്യ തിരുവിതാംകൂറിലെയും വിശേഷിച്ചും കൊഴഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും മത സംഹാദര്യം വിളിച്ചോതുന്നതാണ് നിലക്കൽ ഭദ്രാസനാദ്ധ്യക്ഷൻ്റെ ഹിന്ദു മത പരിഷത്തിലെ സന്ദർശനമെന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി എസ് നായർ പറഞ്ഞു



