
തട്ടുകടയിലെ ആക്രമണം : 5 പ്രതികൾ പിടിയിലായി
കഴിഞ്ഞദിവസം തട്ടുകടയിൽ ആക്രമണം നടത്തി കടയുടമയേയും സഹോദരനെയും ജീവനക്കാരെയും മർദ്ദിക്കുകയും, കടയിലെ സാധനങ്ങൾ തകർക്കുകയും ചെയ്ത പ്രതികളിൽ അഞ്ചുപേരെ പന്തളം പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ചെങ്ങന്നൂർ മുളക്കുഴ അരിക്കര വിനോദ് ഭവനം വീട്ടിൽ അച്ചുവെന്ന അഖിൽലാൽ( 25), മുളക്കുഴ കാരയ്ക്കാട് വെട്ടിപീടിക വെട്ടിയിൽ പടീഞ്ഞറ്റേതിൽ വീട്ടിൽ ജിത്തുരാജ് ( 24), മുളക്കുഴ അരീക്കര പാറപ്പാട് കടയിൽ വീട്ടിൽ ഷിയാസ്മോൻ (24)( ഇപ്പോൾ താമസം പന്തുവള്ളിൽ തെക്കേതിൽ വീട്, മുളക്കുഴ ഗവണ്മെന്റ് എച്ച് എസിനു സമീപം ), മുളക്കുഴ കാരക്കാട് പാറക്കൽ ക്രിസ്റ്റി വില്ലയിൽ ക്രിസ്റ്റിൻ മോഹനൻ (24), മുളക്കുഴ പെരിങ്ങാല ചിറയിൽ മേലേതിൽ (രാഹുൽ സദനം) വീട്ടിൽ കുട്ടു എന്ന എം എസ് അഖിൽ ( 23), എന്നിവരാണ് ഊർജ്ജിതമാക്കിയ അന്വേഷണത്തിനൊടുവിൽ പോലീസിന്റെ വലയിൽ കുടുങ്ങിയത്.
30 ന് രാത്രി 11 ഓടെ പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപത്തുള്ള തട്ടുകടയിലാണ് ആക്രമണം ഉണ്ടായത്. പന്തളം മങ്ങാരം പാലത്തടം താഴെയിൽ വീട്ടിൽ ശ്രീകാന്ത് എസ് നായർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹം മണികണ്ഠൻ ആൽത്തറ കോയിക്കൽ ക്ഷേത്രത്തിനു സമീപവും പറന്തൽ ജംഗ്ഷനിലും തട്ടുകടകൾ നടത്തുന്നുണ്ട്. കോയിക്കൽ ഉള്ള കടയിൽ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നത് ജ്യേഷ്ഠൻ ശ്രീനാഥ് ആണ്. ഇവിടെ രണ്ട് ജീവനക്കാരാണ് ഉള്ളത്. ഇതിലൊരാളായ റാഷിദ് ഫോണിൽ വിളിച്ച്, ആഹാരം കഴിക്കാൻ വന്ന മൂന്ന് യുവാക്കൾ ശ്രീനാഥിനെയും തങ്ങളെയും മർദ്ദിച്ചതായി അറിയിച്ചത് പ്രകാരം ശ്രീകാന്ത് ഉടനടി അവിടെയെത്തി. ശ്രീനാഥിന് തലയ്ക്ക് നേരത്തെ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ശ്രീകാന്തിന്റെ മൊഴിയിൽ പറയുന്നു.
യുവാക്കൾ 3 ചായയ്ക്കും 3 ഓംലെറ്റിനും ഓർഡർ നൽകി അത് എത്തിച്ചുവെങ്കിലും,, രണ്ടു ചായ മതിയെന്ന് പറഞ്ഞു. ബാക്കിയുള്ളത് ആർക്കു കൊടുക്കും എന്ന് ചോദിച്ച ജീവനക്കാരനോട് അസഭ്യം വിളിച്ചുകൊണ്ട് തട്ടിക്കയറി. ഇടപെട്ടപ്പോൾ ശ്രീനാഥിനെ പിടിച്ചു തള്ളുകയും, കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കുളനട ഭാഗത്തേക്ക് പോവുകയും ചെയ്തു. ശ്രീകാന്ത് കാര്യങ്ങൾ അന്വേഷിച്ചു കൊണ്ട് നിൽക്കെയാണ്, ആൽത്തറ ഭാഗത്ത് നിന്നും 12 ഓളം പേരടങ്ങുന്ന സംഘം എത്തി ആക്രമണം നടത്തിയത്.
അസഭ്യം വിളിച്ചും കൊല്ലുമെന്ന് ആക്രോശിച്ചും കടന്നുവന്ന സംഘം ശ്രീനാഥിനെയും ജീവനക്കാരെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ശ്രീകാന്തിനും മർദ്ദനമേറ്റത്. അടിച്ചു നിലത്തിടുകയും ജ്യൂസ് ഗ്ലാസ് കൊണ്ടും സ്റ്റീൽ ജഗ്ഗു കൊണ്ടും തലയിൽ അടിച്ച് പരിക്കേൽപ്പിക്കുകയും ചെടിച്ചട്ടിയെടുത്ത് മുതുകത്ത് അടിക്കുകയും ചെയ്തു. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളാണ് ശ്രീകാന്തിനെയും കടയിലെ ജീവനക്കാരെയും ക്രൂരമായി മർദ്ദിച്ചത്. ശ്രീകാന്തിന് തലയിൽ 21 തുന്നൽ ഇടേണ്ട വിധം മുറിവുണ്ടായി. ജീവനക്കാരായ റാഷിദിനെയും റഹ്മാനെയും നിലത്തിട്ട് ചവിട്ടി വലിച്ചിഴക്കുകയും ചെയ്തു. ശേഷം പ്രതികൾ ക്യാഷ് കൗണ്ടർ, കണ്ണാടിപ്പെട്ടികൾ, വാതിൽ തുടങ്ങി കടയിലെ സാധനങ്ങൾ മുഴുവനും അടിച്ചുതകർത്തു. പന്തളം സിഎം ആശുപത്രിയിൽ ചികിത്സ കഴിയുന്ന ശ്രീകാന്തിന്റെ മൊഴി രേഖപ്പെടുത്തി വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് പ്രതികൾക്കായി തെരച്ചിൽ വ്യാപകമാക്കിയിരുന്നു.
സ്ഥലത്ത് വിരലടയാളവിദഗ്ദ്ധരും ശാസ്ത്രീയ അന്വേഷണ സംഘവും പോലീസ് ഫോട്ടോഗ്രാഫറുടങ്ങിയ സംഘവും വിശദമായി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ആക്രമിക്കാൻ ഉപയോഗിച്ച ജ്യൂസ് ഗ്ലാസിന്റെ പൊട്ടിയ കഷണങ്ങളും മറ്റും ബന്തവസിലെടുത്തു. ശ്രീകാന്തിന്റെ തലയോട്ടി പൊട്ടി ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ സൂചിപ്പിക്കുന്നു. ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപകമായ അന്വേഷണത്തിലാണ് 5 പ്രതികളെ മണിക്കൂറുകൾക്കകം സാഹസികമായി പിടികൂടിയത്. ചായ കുടിക്കാൻ വന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ശ്രീകാന്തിനെയും മറ്റും ആക്രമിച്ച് കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെ പ്രതികൾ നടത്തിയ ആക്രമണമാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ വെളിവായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ 11 ന് ശേഷം 5 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
അറസ്റ്റിലായ പ്രതികളിൽ അഖിൽ ലാലിന് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ ഉള്ളതായും, ജിത്തു രാജിന് ആറന്മുള പോലീസ് സ്റ്റേഷനിൽ കഞ്ചാവ് വലിച്ചതിന് ഒരു കേസ് ഉള്ളതായും അന്വേഷണത്തിൽ വ്യക്തമായി. മറ്റു പ്രതികൾക്ക് വേണ്ടി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.



