News

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ജില്ലയിൽ നിന്നും 6 മാസത്തേക്ക് പുറത്താക്കി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരട്ട സഹോദരങ്ങളിൽ ഒരാളെ ആറുമാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. ചെന്നീർക്കര പ്രക്കാനം ആത്രപ്പാട് കുന്നുംപുറത്ത് വീട്ടിൽ കണ്ണൻ എന്ന മായാസെൻ (34) ആണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ടത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം( കാപ്പ ) വകുപ്പ് 15(1) അനുസരിച്ചാണ് നടപടി. ഇയാളുടെ ഇരട്ട സഹോദരൻ വിഷ്ണു എന്ന ശേഷാസെൻ ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ ഒരു വർഷത്തെ കരുതൽ തടങ്കലിലാണ്. ഇരുവരും ചേർന്നും മറ്റു പ്രതികൾക്കൊപ്പവുമായി നിരവധി കേസുകളിൽ ഉൾപ്പെട്ടുവരുന്നതാണ്.
ഡിഐജിയുടെ ഉത്തരവ് ഇന്ന് ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ നടപ്പിലാക്കി. ജില്ലാ പോലീസ് മേധാവിയുടെ ജൂൺ 13 ലെ ശുപാർശ പ്രകാരമാണ് ഉത്തരവുണ്ടായത്. മായസെൻ 2019 മുതൽ പ്രതിയായ ഇലവുംതിട്ട സ്റ്റേഷനിലെ മൂന്നുകേസുകളാണ് ശുപാർശയിൽ ഉൾപ്പെടുത്തിയത്. ഈ കേസുകൾ ഇപ്പോൾ കോടതിയിൽ വിചാരണയിൽ ആണുള്ളത്. ദേഹോപദ്രവം ഏൽപ്പിച്ചതിന് എടുത്ത കേസുകളാണിവ. അറിയപ്പെടുന്ന റൗഡിയായ പ്രതി, നിരന്തരം നിയമലംഘന പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടു വരികയാണ്.
ദേഹോപദ്രവം ഏൽപ്പിക്കൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വസ്തുവകകൾക്ക് നാശം ഉണ്ടാക്കൽ, കുറ്റകരമായ നരഹത്യാശ്രമം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ട് സമൂഹത്തിനു നിരന്തരം ഭീഷണിയും, സ്വൈരജീവിതത്തിന് തടസ്സവും സൃഷ്ടിച്ചുവരികയാണ് ഇയാൾ. 2010 മുതൽ കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുണ്ട്. അന്നുമുതൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 6 ക്രിമിനൽ കേസുകളിലും, ചിറ്റാർ ആറന്മുള പോലീസ് സ്റ്റേഷനിൽ ഓരോ കേസുകളിലും എക്സൈസ് വകുപ്പ് എടുത്ത ഒരു കഞ്ചാവ് കേസിലും പ്രതിയായി.
സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്തുവന്ന പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് വേണ്ടി 2022 ഒക്ടോബറിൽ അന്നത്തെ ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടർക്ക് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പ്രകാരം 2023 ജനുവരി 4 ന് കരുതൽ തടങ്കൽ ഉത്തരവാവുകയും ആറിന് നടപ്പിലാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. മൂന്നുവർഷത്തേക്ക് നല്ല നടപ്പ് ജാമ്യത്തിനായി ഇലവുംതിട്ട പോലീസ് ഈ വർഷം മാർച്ച് 31 ന് അടൂർ എസ്ഡിഎം കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നതും ഇത് കോടതിയിൽ പരിഗണനയിലുമാണ്. 2019 മുതൽ ഇയാൾക്കെതിരെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. ഡി ഐ ജിയുടെ ഉത്തരവ് ഇന്ന് ഇയാൾ കൈപ്പറ്റി.ഉത്തരവ് നിലനിൽക്കേ മറ്റേതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ വകുപ്പ് 15(4) അനുസരിച്ച് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. കോടതികാര്യങ്ങളിലും , അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിലും ജില്ലാ പോലീസ് മേധാവിയുടെ മുൻ‌കൂർ രേഖാമൂലമുള്ള അനുമതിയോടെ പങ്കെടുക്കാം. പുറത്താക്കിയ കാലയളവിലെ താമസസ്ഥലവും വിലാസവും പോലീസിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page