
നിരോധിത പുകയില ഉല്പന്നങ്ങളുമായി അന്യസംസ്ഥാനതൊഴിലാളി റാന്നിയിൽ പിടിയിലായി
പത്തനംതിട്ട റാന്നിയിൽ നിരോധിതപുകയില ഉല്പന്നങ്ങൾ വില്പനയ്കായി സൂക്ഷിച്ചിരുന്ന ബീഹാർ സ്വദേശിയെ റാന്നി പോലീസ് പിടികൂടി. ബീഹാർ ചമ്പാരൻ ബാധേർപ്പൂർ പ്രമോദ് മുഖ്യ (32) ആണ് പിടിയിലായത്. റാന്നി പെരുംപുഴയിൽ പ്രമോദ് നടത്തുന്ന പാൻമസാല കടയിൽ റാന്നി എസ് ഐ കവിരാജനും സംഘവും 15ന് ഉച്ചക്ക് 12 ന് പരിശോധന നടത്തിയപ്പോൾ നിരോധിത പുകയില ഉല്പന്നമായ ഹാൻസിന്റെ 513 പായ്ക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു.സംഭവത്തിൽ പ്രതിയെയും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങളും കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു. എസ്സ് ഐ കവിരാജൻ, എസ് സി പി ഒ അജാസ്, സി പി ഒ മുബാറക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നവർക്കെതിരെയുള്ള ശക്തമായ നടപടികൾ ഇനിയും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.



