
പത്തനംതിട്ടയിൽപിതൃസഹോദരിക്കൊപ്പം താമസിച്ചിരുന്ന കൂടലിലെ കൊലപാതകംപ്രതി :റിമാൻഡിലായി
പത്തനംതിട്ടയിൽപിതൃസഹോദരിക്കൊപ്പം താമസിച്ചുവന്ന 40 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടൽ പോലീസിന്റെ പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു . കൂടൽ പുന്നമൂട് പയറ്റുകാല വീട്ടിൽ രാജൻ (40) കുത്തേറ്റ് മരണപ്പെട്ട കേസിൽ, ആറ്റഴിക്കോട് പടിഞ്ഞാറ്റേതിൽ അനി( 45 )യാണ് റിമാൻഡിലായത്. പ്രതി വിവാഹിതനാണ്, ഒറ്റയ്ക്കാണ് താമസം രണ്ടു മക്കളുണ്ട്, ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. കുറച്ചുനാൾ മുമ്പ് ഒരു സ്ത്രീയെ വീട്ടിൽ കൊണ്ടാക്കി ഒരുമിച്ചു താമസമാക്കിയ പ്രതി, കൊല്ലപ്പെട്ട അവിവാഹിതനായ രാജന് ഈ സ്ത്രീയുമായി പിന്നീട് അടുപ്പമുണ്ടായി എന്ന് സംശയിച്ചിരുന്നു. ഇക്കാരണത്താൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് യുവതി അനിയെ വിട്ടുപോയതും വിരോധകാരണമായി.
സ്ഥിരമദ്യപാനിയായ ഇയാൾക്ക് കൂലിപ്പണിയാണ്.
അപ്പച്ചി അമ്മിണിയുടെ വീട്ടിലായിരുന്നു രാജന്റെ താമസം, ഇവർ കൂടലിലെ സ്വകാര്യ ആശുപ്രതിയിൽ സ്വീപ്പർ ആണ്. അമ്മിണിയുടെ മൂത്തസഹോദരൻ കുട്ടിയുടെ മകനായ രാജൻ 3 വർഷമായി ഇവർക്കൊപ്പമാണ് താമസം. കുട്ടിയും ഭാര്യയും വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയതാണ്. അമ്മിണിയുടെ ഭർത്താവ് 35 വർഷം മുമ്പും മരണപ്പെട്ടു. കുട്ടിയുടെ ഇളയ മകനാണ് രാജൻ.അമ്മിണി രാത്രി അയൽപക്കത്തെ വീട്ടിൽ വീട്ടിൽ കൂട്ടുകിടക്കാൻ പോകാറുണ്ട്. അപ്പോൾ രാജൻ ഒറ്റയ്ക്കാവും ഉണ്ടാവുക. ഇയാൾ അമ്മിണിക്കൊപ്പം താമസിക്കുന്നതിലും പ്രതിക്ക് വിരോധം ഉണ്ടായിരുന്നു. ഇക്കാരണങ്ങളാലാണ് 10ന് രാത്രി രാജനെ കുത്തിയും മർദ്ദിച്ചും കൊലപ്പെടുത്തിയത്.
10 ന് രാത്രിയും പതിവുപോലെ അമ്മിണി അയൽപക്കത്തെ വീട്ടിൽ കൂട്ടുകിടക്കാൻ പോയി. പിറ്റേന്ന് രാവിലെ ആറുമണിയോടെ തിരികെയെത്തി കടുംകാപ്പി ഇട്ടു രാജന് കൊടുക്കാൻ വേണ്ടി കിടപ്പുമുറിയിൽ കയറുമ്പോഴാണ് ഇയാൾ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. നിലവിളിച്ചുകൊണ്ട് മുറ്റത്തേക്കോടി ഇറങ്ങി, തൊട്ടടുത്ത് താമസിക്കുന്ന അനി വീട്ടുമുറ്റത്ത് നിൽപ്പുണ്ടായിരുന്നു. അമ്മിണിയെ കണ്ടതും ഇയാൾ ഓടി വീട്ടിനുള്ളിൽ കയറി. തുടർന്ന് ഇവർ പിന്നാലെയെത്തി നോക്കുമ്പോൾ വീട്ടിനുള്ളിൽ രക്തക്കറ കണ്ട് അനിയോട് കാര്യം തിരക്കി.
രാജനുമായി രാത്രി വഴക്കുണ്ടാക്കിയതായും മറ്റും പറഞ്ഞശേഷം ഇയാൾ പുറത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് അമ്മിണി കൂടൽ പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. ഇവരുടെ മൊഴി പ്രകാരം എസ് ഐ ആർ അനിൽ. കുമാർ കേസ് രജിസ്റ്റർ ചെയ്തു. കൂടൽ എസ് എച്ച് ഓ കോടതിയിൽ പോയതിനാൽ ചാർജ് ഉണ്ടായിരുന്ന കോന്നി പോലീസ് ഇൻസ്‌പെക്ടർ ആർ രാജഗോപാൽ ആണ് ആദ്യഅന്വേഷണം നടത്തിയത്. അയൽവാസിയായ പ്രതി അനി സ്ഥിരമായി രാജനുമായും അമ്മിണിയുമായും വഴക്കിടാറുണ്ടായിരുന്നു എന്ന് മൊഴിയിൽ പറയുന്നു. രാജനെ ഒപ്പം താമസിപ്പിക്കുന്നതിന്റെ പേരിൽ മദ്യപിച്ച് വന്നാണ് വഴക്കിടാറുള്ളത്. അസഭ്യം വിളിയും പതിവാണ്.
10 ന് രാത്രി ജോലി കഴിഞ്ഞു എത്തിയ പ്രതി മുൻവിരോധം കാരണം രാജനെ ഉച്ചത്തിൽ അസഭ്യം വിളിച്ചു.ചോദിക്കാൻ പോയപ്പോൾ മൂർച്ചയുള്ള ആയുധം കൊണ്ട് നെഞ്ചിനു താഴെ കുത്തുകയായിരുന്നു. എന്നാൽ മദ്യലഹരിയിൽ രാജൻ വീട്ടിൽ പോയി കിടന്നു. അവിടെ കിടന്ന് രക്തം വാർന്നാണ് മരണപ്പെട്ടത്.
സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കോന്നി ഡി വൈ എസ് പി എസ് അജയ്നാഥിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ വ്യാപകമായ തെരച്ചിലിൽ പ്രതിയെ ഉടനടി പിടികൂടി. പോലീസ് ഇൻസ്പെക്ടർ സി എൽ സുധീർ കേസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവശേഷം പ്രതി ഒളിവിൽ പോയി, തുടർന്ന് സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്‌ദ്ധർ, ശാസ്ത്രീയ അന്വേഷണസംഘം തുടങ്ങിയവർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു



