
പത്തനംതിട്ടയിൽ ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർക്ക് സ്വയരക്ഷാ പരിശീലനം നൽകി ജില്ലാ പോലീസ്
അതിക്രമങ്ങൾക്കെതിരെ, സ്വയരക്ഷാ മുറകൾ അഭ്യസിപ്പിക്കുന്നതിന്റെ ഭാഗമായാണ്, ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർക്ക് ഞാറാഴ്ച്ച ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. ജില്ലാ പോലീസ് സർവീസ് സഹകരണസംഘം ഹാളിൽ രാവിലെ 9.30 നാരംഭിച്ച പരിപാടി അഡിഷണൽ എസ് പി ആർ ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം നടത്തിയ പരിശീലന പരിപാടിയിൽ, ജില്ലാ പോലീസിന്റെ സ്വയം പ്രതിരോധപദ്ധതിയിലെ 4 പരിശീലകർ നേതൃത്വം നൽകി. അറുപതോളം വനിതകൾ പങ്കെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവയെ ചെറുക്കാൻ വനിതകളെ പ്രാപ്തരാക്കുന്ന ഇത്തരം പരിപാടികൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അഡിഷണൽ എസ് പി പറഞ്ഞു. ലോകത്തെവിടെയും സ്ത്രീകളും കുട്ടികളും കൊലപാതകം ഉൾപ്പെടെ പലതരംഅതിക്രമങ്ങൾക്കിരയാവുന്നുകുടുംബങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ജോലിസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും മറ്റും അതിക്രമങ്ങൾക്ക് അവർ ഇരകൾ ആകുന്നു. നിയമപരമായ എല്ലാ പരിരക്ഷയും ഈ വിഭാഗങ്ങൾക്കുണ്ടെന്ന്, പുതിയ നിയമസംഹിതയിലെ വകുപ്പുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
തൊഴിൽ മേഖലയിൽ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നവരാണ് ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാരെന്നും, ആയതിനാൽ ഇത്തരം ട്രെയിനിംഗ് അവർക്ക് അനിവാര്യമാണെന്നും വനിതാ സെൽ എസ് ഐ കെ ആർ ഷെമിമോൾ പറഞ്ഞു. ട്രെയിനിങ് ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരിലൂടെ ജില്ലയിലെ ഇത്തരത്തിൽ നൂറോളം ഉദ്യോഗസ്ഥർക്ക് ആവശ്യമായ സ്വയരക്ഷാ പരിശീലനം നൽകിവരികയാണ്. ജനമൈത്രി പോലീസ് അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ, ജി
സുരേഷ്‌കുമാർ, വനിതാ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പരിശീലകരായ
ലേഖ (വനിതാ പോലീസ് സ്റ്റേഷൻ )
നീന (കോന്നി ), അശ്വതി (അടൂർ ),
വിനീത(തിരുവല്ല) എന്നിവരാണ് ക്ലാസുകൾ നയിച്ചത്.പരിശീലനത്തിൽ നൂറോളം വനിതാ ജീവനക്കാർ പങ്കെടുത്തു.



