
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന സമഗ്ര കാർഷിക പാക്കേജ് നടപ്പാക്കണം .ഡോ. അനിൽ വൈദ്യമംഗലം
മണ്ണും ജലവും ജൈവ സമ്പത്തും സംരക്ഷിച്ചുകൊണ്ടുള്ള കേരളത്തിന്റെ പരമ്പരാഗത കാർഷിക സംസ്കാരം തിരിച്ചുപിടിക്കുന്നതിന് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന സമഗ്ര കാർഷിക പാക്കേജ് നടപ്പിലാക്കണമെന്ന് ഭാരതീയ കിസാൻ സംഘം സംസ്ഥാന അധ്യക്ഷൻ ഡോക്ടർ അനിൽ വൈദ്യമംഗലം അഭിപ്രായപ്പെട്ടു. ഭാരതീയ കിസാൻ സംഘം പത്തനംതിട്ട ജില്ലാ സമ്മേളനം കുളനടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂവിനിയോഗ രീതിയിലും വിള പരിവർത്തനത്തിലും ഉണ്ടായ അശാസ്ത്രീയ സമീപനങ്ങൾ കേരളത്തിന്റെ കാർഷിക രംഗത്തെ സങ്കീർണ്ണം ആക്കുകയും വലിയ പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്തു. കഴിഞ്ഞ 10 വർഷക്കാലമായി ഭാരതത്തിൽ, കാർഷിക വളർച്ച നിരക്കിൽ നെഗറ്റീവ് സൂചിക യുള്ള ഏക സംസ്ഥാനമാണ് കേരളം. അമിതമായ രാസവള പ്രയോഗവും കീടനാശിനികളുടെ തത്വതീക്ഷയില്ലാത്ത ഉപയോഗവും മണ്ണിനെയും ജലത്തിനെയും വായുവിനെയും ഉൽപ്പന്നത്തിനെയും രോഗഗ്രസ്ഥമാക്കി. പരമാവധി ഉത്പാദനം എന്ന ആർത്തിപൂണ്ട ആശയം കൃഷിയിടങ്ങളെ മരുപ്പറമ്പുകൾ ആക്കി കൊണ്ടിരിക്കുന്നു. തന്റെ മണ്ണിനെയും പരിസ്ഥിതിയെയും എല്ലാം അത്തരം കടന്നുകയറ്റങ്ങളിൽ നിന്നും കാത്തുസൂക്ഷിക്കുക എന്ന ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ കർഷകർ തയ്യാറാകണമെന്നും ഡോക്ടർ അനിൽ വൈദ്യമംഗലം ആവശ്യപ്പെട്ടു. പന്തളം കുളനട ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.സി വിജയകുമാർ അധ്യക്ഷത വഹിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് കെ.സി വിജയകുമാർ, സെക്രട്ടറി പ്രദിപ് കെ.ബി, ട്രഷറർ ,രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.



