News

മുൻവിരോധം കാരണം വീട്ടിലേക്ക് സ്ഫോടകവസ്തുക്കൾ എറിഞ്ഞകേസിൽ 3 പ്രതികൾ പിടിയിൽ

പ്രതികളുമായി സുഹൃത്തിനുണ്ടായ തർക്കം ഇടപെട്ട് പരിഹരിച്ചതിന്റെ പേരിലെ വിരോധത്താൽ യുവാവിന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കളും മറ്റും എറിഞ്ഞകേസിൽ 3 പ്രതികളെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മുണ്ടിയപ്പള്ളി വാക്കേകടവ് ആശാരിപ്പറമ്പിൽ വീട്ടിൽ എ എസ് രാകേഷ്(32),മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ മാമണത്ത് വീട്ടിൽ എം സോനു (26), കൊല്ലം കരിക്കോട് ടികെഎം കോളേജിന് സമീപം ബിൻസി ഭവനം വീട്ടിൽ എൻ നിസാർ (26) എന്നിവരാണ് പിടിയിലായത്. നാലാം പ്രതി മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം വെള്ളാപ്പള്ളി വീട്ടിൽ അനീഷ് കെ എബ്രഹാം(27) ഒളിവിലാണ്. സോനു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, കാപ്പ നിയമനടപടികൾക്ക് വിധേയനുമായ ആളാണ്.
കുന്നന്താനം പ്ലാത്താനം തെക്കേവീട്ടിൽ സായികുമാറിന്റെ വീട്ടിലേക്കാണ് ജനുവരി 20 ന് രാത്രി പന്ത്രണ്ടോടെ പ്രതികൾ സ്ഫോടകവസ്തുക്കളും മറ്റും എറിഞ്ഞത്. സായികുമാറിന്റെ സുഹൃത്ത് ജയേഷുമായി പ്രതികൾ തലേദിവസം ആഞ്ഞിലിത്താനത്ത് വച്ചുണ്ടായ വാക്കുതർക്കം ഇയാൾ ഇടപെട്ട് പരിഹരിച്ചിരുന്നു. അന്നുതന്നെ ഇതിന്റെ പേരിൽ പ്രതികൾ ഇയാളെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പിറ്റേന്ന് പ്രതികൾ നാടൻ ബോംബ് പോലുള്ള വസ്തു വീട്ടുമുറ്റത്തേക്ക് എറിയുകയായിരുന്നു. പെട്രോൾ നിറച്ച ബിയർ കുപ്പി എറിഞ്ഞു പൊട്ടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ, വീട്ടുകാർ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ പോലീസ് വീട്ടിലെത്തി വിവരം അന്വേഷിക്കുകയും, സായികുമാറിന്റെ മൊഴിരേഖപ്പെടുത്തി പിറ്റേന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം, ബോംബ് സ്‌ക്വാഡ്, പോലീസ് ഫോട്ടോഗ്രാഫർ തുടങ്ങിയവർ വിദഗ്ദ്ധ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. നാടൻ ബോംബിനു സമാനമായ വസ്തു ബോംബ് സ്‌ക്വാഡിലെ വിദഗ്‌ദ്ധർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി സ്റ്റേഷനിലേക്ക് മാറ്റി, നിർവീര്യമാക്കി.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതികൾക്കായുള്ള അന്വേഷണം കീഴ്‌വായ്‌പ്പൂർ പോലീസ് ഊർജ്ജിതമാക്കുകയും, ഇവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് ഒന്നാംപ്രതി രാകേഷിനെയും മൂന്നാം പ്രതി നിസാറിനെയും 23 ന് രാത്രി ഏഴോടെ രാകേഷിന്റെ വീടിനടുത്തുള്ള തോട്ടത്തിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തു. രണ്ടാം പ്രതി സോനുവിനെ പിറ്റേന്ന് വൈകിട്ട് അഞ്ചോടെ വീടിനടുത്തുനിന്നും പിടികൂടി . മൂന്നുപേരുടെയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സായികുമാറിന്റെ വീട്ടിൽ അതിക്രമം നടത്തിയശേഷം ബൈക്കിൽ രക്ഷപെട്ട ഇവർ ചെങ്ങരൂരുള്ള എൽവിൻ രാജനോടുള്ള പകതീർക്കാൻ അവിടെയെത്തി ഇയാളുടെ വീടിന്റെ ജനാലയും മറ്റും അടിച്ചുതകർത്തതായി പോലീസിനോട് വെളിപ്പെടുത്തി. ഈ കാര്യത്തിന് രജിസ്റ്റർ ചെയ്ത കേസിൽ ഇവരെ പ്രതിപ്പട്ടികയിൽ പോലീസ് ഉൾപ്പെടുത്തി. തുടർന്ന്, പ്രതികളുടെ കാര്യത്തിൽ വ്യക്തത വരുത്തിയ പോലീസ്, അനീഷ് എബ്രഹാമിനെ നാലാം പ്രതിയായി ചേർത്ത് അന്വേഷണം തുടർന്നു. അറസ്റ്റിലായ പ്രതികളെ സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞു.
പെട്രോൾ വാങ്ങിയ കുന്നന്താനത്തെ പമ്പിലും, സ്ഫോടകവസ്തുക്കൾ വാങ്ങിയ ചങ്ങനാശേരിയിലെ കടയിലും അന്വേഷണസംഘമെത്തി പിന്നീട് തെളിവെടുത്തു. പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ കോഴഞ്ചേരിയിലെ ഒരു ബാറിന്റെ പരിസരത്തുനിന്നും കണ്ടെടുത്തു. സ്ഫോടകവസ്തു നിർമിച്ചത് രാകേഷിന്റെ വീടിന് പിൻവശത്ത് വച്ചാണെന്ന് പ്രതികൾ സമ്മതിച്ചതിനെതുടർന്ന് അവിടെയും പരിശോധന നടത്തി. കേസിൽ അനീഷിന്റെ പങ്കിനെപ്പറ്റി കൂടുതൽ അന്വേഷണം നടത്തേണ്ടതായും, ഫോൺ വിളിയുടെ വിവരങ്ങൾ ശേഖരിക്കേണ്ടതായുമുണ്ട്.
സോനു കീഴ്‌വായ്‌പ്പൂർ പോലീസ് 2019 മുതൽ രജിസ്റ്റർ ചെയ്ത 6 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ദേഹോപദ്രവം ഏൽപ്പിക്കൽ, ലഹളയുണ്ടാക്കൽ, മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് എടുത്ത കേസുകളാണിവ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനീഷിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page