
News
കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കുള്ള ഐ എം ജി ട്രെയിനിംഗ് ആരംഭിച്ചു
പത്തനംതിട്ട ജില്ലയിലെ എസ് പി സി പ്രൊജക്ടിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അധ്യാപകർക്കുള്ള ഐ എം ജി നോൺ റെസിഡൻഷ്യൽ ട്രെയിനിംഗ് 22ന് ആരംഭിച്ചു. ജില്ലയിലെ 41 സ്കൂളുകളിലെ അധ്യാപകർക്കാണ് 3 ദിവസത്തെ ട്രെയിനിംഗാണ് പത്തനംതിട്ട ജില്ലാ പോലീസ് സഹകരണ സംഘം കോൺഫറൻസ് ഹാളിൽ ആരംഭിച്ചത്. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു. എസ് പി സി പദ്ധതിയിലെ കേഡറ്റുകൾക്കിടയിലെ മയക്കുമരുന്ന്, ഡിജിറ്റൽ ആസക്തികൾ ഇല്ലാതാക്കുന്നതിനും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനുമുള്ള ക്ലാസുകൾ നൽകുന്നതിന് അധ്യാപകർക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ക്ലാസുകൾ ക്രമീകരിക്കുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
നാർക്കൊട്ടിക് സെൽ ഡി വൈ എസ് പി ബി അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് പി സി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫിസർ എസ് ഐ ജി സുരേഷ് കുമാർ സ്വാഗതവും സീതത്തോട് കെ ആർ പി എം എച്ച് എസ് സി പി ഒ മനോജ് ബി നായർ കൃതജ്ഞതയും രേഖപ്പെടുത്തി.
എസ് പി സി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ, കേഡറ്റുകൾക്കുള്ള ടൈം മാനേജ്മെന്റ്, സ്ക്കിൽ വർക്ക്, റോൾ പ്ലേ, കുട്ടികളും പൊതുസമൂഹവും നേരിടുന്ന അതിക്രമങ്ങൾ, പോക്സൊ നിയമങ്ങൾ, പരിഷ്കരിച്ച നിയമങ്ങൾ, ജുവനൈൽ ജസ്റ്റിസ്, കുട്ടികളുടെ സംരക്ഷണം, അവകാശങ്ങൾ എന്നിവ സംബന്ധിച്ചുള്ള ക്ലാസുകളാണ് 3 ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്



