
വിവിധ വിഷയങ്ങളിൽ ഇന്നും സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണക്ലാസുകൾ നടത്തി
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ ഇന്നും ബോധവൽക്കരണക്ലാസുകൾ നടന്നു.ഈമാസം മൂന്നിന് ആരംഭിച്ച പരിപാടി 17 വരെ നീണ്ടുനിൽക്കും. ലഹരി അടിമത്തത്തിനെതിരെയും, പോക്സോ നിയമം സംബന്ധിച്ചും, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള സ്വയം പ്രതിരോധമുറകളെ പറ്റിയുമുള്ള ബോധവൽക്കരണ ക്ലാസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 86 സ്കൂളുകളിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾ നടത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി അനിലിനാണ് ചുമതല. ബുധനാഴ്ച കോന്നി സബ് ഡിവിഷനിലെ കോന്നി പോലീസ് സ്റ്റേഷൻ, റാന്നി സബ് ഡിവിഷനിലെ പെരുനാട് പോലീസ് സ്റ്റേഷൻ, തിരുവല്ല സബ് ഡിവിഷനിലെ പുളിക്കീഴ് പോലീസ് സ്റ്റേഷൻ എന്നിവയുടെ പരിധിയിൽ വരുന്ന അഞ്ച് വീതം സ്കൂളുകളിലാണ് ക്ലാസുകൾ നടന്നത്. പെരുനാട് പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണു, ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ ധന്യ, ഡി എച്ച് ക്യൂ എ എസ് ഐ ജയചന്ദ്രൻ, പെരുനാട് സ്റ്റേഷനിലെ എ എസ് ഐ ആശ ഗോപാലകൃഷ്ണൻ, തിരുവല്ല സ്റ്റേഷനിലെ എസ് സി പി ഓ മിത്ര, കോന്നി സ്റ്റേഷനിലെ എസ് സി പി ഓ ഡിക്രൂസ് എന്നിവരാണ് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തത്.



