
സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽബോധവൽക്കരണക്ലാസുകൾക്കായി പ്രത്യേകസംഘം രൂപീകരിച്ചു
പോക്സോ നിയമം, ലഹരിവിരുദ്ധ നടപടികൾ, സ്വയം പ്രതിരോധം എന്നീ വിഷയങ്ങളിലായി സ്കൂൾ കുട്ടികൾക്ക് ബോധവൽക്കരണപരിപാടികൾക്ക് തുടക്കം കുറിച്ച് ജില്ലാപോലീസ്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകഉത്തരവ് പ്രകാരമാണ് വിവിധ സ്കൂളുകളുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കുക. ഇന്നുമുതൽ 15 ദിവസത്തിനകം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാവും ബോധവൽക്കരണ പരിശീലനപരിപാടികൾ നടത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതിന്റെ വിജയകരമായ നടത്തിപ്പിന് 30 അംഗ സംഘത്തെ നിയോഗിച്ചതായും, ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിൽ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരുന്നതിനെതിരെയും, ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും, വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും പെൺ കുട്ടികൾക്ക് സ്വയം പ്രതിരോധമുറകളിൽ അറിവ് നേടുന്നതിനും ഉദ്ദേശിച്ചുള്ളതാണ് പരിപാടി. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം (പോക്സോ ) സംബന്ധിച്ച് അറിവ് ലഭ്യമാക്കുക, ലഹരിവസ്തുക്കളുടെ അപകടം ബോധ്യപ്പെടുത്തുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ബോധവൽക്കരിക്കുക, സ്വയം പ്രതിരോധം തീർക്കുക എന്നീ ലക്ഷ്യങ്ങളാണ് പോലീസ് മുൻകൈയ്യെടുത്ത് നടത്തുന്ന പരിപാടികൾക്കുള്ളത്.നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ഇനത്തിൽപ്പെട്ടതും, മറ്റ് ലഹരികളുടെ വിഭാഗത്തിൽ വരുന്നതുമായ വസ്തുക്കൾക്കെതിരായ ബോധവൽക്കരണപരിപാടി ജില്ലയിലെ 9 പോലീസ് ഇൻസ്പെക്ടർമാരും ഒരു എസ് ഐയും കൈകാര്യം ചെയ്യും. ആറന്മുള അടൂർ പന്തളം കൂടൽ ചിറ്റാർ തിരുവല്ല കീഴ്വായ്പ്പൂർ പെരുനാട് വെച്ചൂച്ചിറ എന്നിവടങ്ങളിലെ ഇൻസ്പെക്ടർമാരും, പത്തനംതിട്ട എസ് ഐ സുബ്രഹ്മാണ്യനുമാണ് ചുമതല.പോക്സോ നിയമബോധവത്കരണക്ലാസുകൾ വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ കെ ആർ ഷെമിമോളും ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ ധന്യയും കൈകാര്യം ചെയ്യും. വനിതാ സെൽ എസ് ഐ ഐ വി ആഷ, ഡിസിപി എച്ച് ക്യൂ എസ് ഐ ജി സുരേഷ് കുമാർ എന്നിവർക്കാണ് സ്വയം പ്രതിരോധപരിശീലനപരിപാടിയുടെ ചുമതല. ലഹരിക്കെതിരായ ക്ലാസുകൾ ജില്ലാ നർകോട്ടിക് സെൽ എസ് ഐ മുജീബ് റഹ്മാൻ, ഡാൻസാഫ് എസ് ഐ അജികുമാർ, ഡി എച്ച് ക്യൂ എ എസ് ഐ ജയചന്ദ്രൻ എന്നിവർ നയിക്കും.
പെൺകുട്ടികളെകേന്ദ്രീകരിച്ചുള്ള സ്വയംപ്രതിരോധമുറകൾ അഭ്യസിപ്പിക്കുന്നത് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സെൽഫ് ഡിഫെൻസ് ടീം അംഗങ്ങളായ 12 വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. പ്രിയലക്ഷ്മി, നീതു, രശ്മി, നീന, അശ്വതി, ആര്യ, ആതിരാ കൃഷ്ണ, ആദിത്യദീപം, വിനീത, ശ്രീജ ഗോപിനാഥ്, ജസ്ന, ശരണ്യ എന്നിവരാണ് സംഘത്തിലുള്ളത്. 30 പേരടങ്ങുന്ന പ്രത്യേകസംഘത്തെ മൂന്ന് ടീമായി തിരിച്ച് ഓരോ ടീമും ദിവസവും കുറഞ്ഞത് അഞ്ചു സ്കൂളുകൾ തെരഞ്ഞെടുത്ത് പരിപാടികൾ നടത്തണമെന്ന് തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ 15 ദിവസങ്ങൾക്കുള്ളിൽ നിശ്ചിത വിഷയങ്ങളിൽ തയാറാക്കിയ ക്ലാസുകൾ പൂർത്തീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു. പരിപാടികളെപ്പറ്റി കുട്ടികളുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചു കൊണ്ടുള്ള വിശദമായ റിപ്പോർട്ട് ലഭ്യമാക്കും. സ്കൂൾ അധികൃതരുമായി ആലോചിച്ച് പരിപാടികൾ ക്രമീകരിക്കാൻ നർകോട്ടിക് സെൽ ഡി വൈ എസ് പിയെ ചുമതലപ്പെടുത്തി.
ചൊവ്വാഴ്ച അടൂർ പന്തളം പത്തനംതിട്ട സബ് ഡിവിഷനുകളിലെ 5 വീതം സ്കൂളുകളിലായി ആകെ 25 സ്കൂളുകളിൽ മൂന്ന് വനിതാ എസ് ഐമാരുടെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണപരിപാടികൾ നടന്നു.തിരുവല്ല സബ് ഡിവിഷനിൽ എസ് ഐ മാരായ കെ ആർ ഷെമിമോൾ, അജികുമാർ, എ എസ് ഐ ബിനുകുമാർ എന്നിവരും, പത്തനംതിട്ട സബ് ഡിവിഷനിൽ പത്തനംതിട്ട എസ് എച്ച് ഓ അരുൺ കുമാർ, എസ് ഐ അലക്സ് കുട്ടി, സി പി ഓ ഹാഷിം എന്നിവരും, അടൂർ സബ് ഡിവിഷനിൽ എസ് എച്ച് ഓ ശ്യാം മുരളി, എ എസ് ഐമാരായ മഞ്ചുമോൾ, ആനി എന്നിവർ നയിച്ചു. ലഹരിക്കെതിരെ ബോധവത്കരണ വീഡിയോ പ്രദർശനവും നടന്നു



