
സ്ത്രീകളെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി പോലീസിൻ്റെ പിടിയിലായി
പന്തളത്ത് മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവതിയെയും വൃദ്ധമാതാവിനെയും ക്രൂരമായി ആക്രമിച്ച കേസിലെ പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ പന്തളം പോലീസ് പിടികൂടി. പന്തളം മാന്തുക സ്വദേശിയായ മലയുടെ താഴത്തേതിൽ വീട്ടിൽ രഞ്ജിത്ത് (41) നെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 21-ാം തീയതി രാത്രി കുളനട അമ്മൂമ്മക്കാവ് സ്വദേശിനിയായ ജിൻസി സാറ ജേക്കബിനെയാണ് പ്രതി ക്രൂരമായി ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തിൽ ഇവരുടെ വൃദ്ധ മാതാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മൂമ്മക്കാവ് ദേവീക്ഷേത്രത്തിലെ മൈക്ക് സെറ്റിന്റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് അമ്പലം ഭാരവാഹിയായ പ്രതിയുമായി തർക്കവും പരാതിയും മറ്റും നിലനിൽക്കുന്നുണ്ട്. അതിന്റെ വൈരാഗ്യത്തിലാണ് പ്രതി ഇവരെ ആക്രമിച്ചത്. കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ് എച്ച് ഒ ടി ഡി പ്രജീഷ്, സബ് ഇൻസ്പെക്ടർ യു. വി വിഷ്ണു, എ.എസ്.ഐ വൈ.ജയൻ, പോലീസുദ്യോഗസ്ഥൻ എസ്.അൻവർഷ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


