
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇരുപതിൽ നിന്നും അമ്പത് ശതമാനമാക്കി ഉയർത്തും: മന്ത്രി എം.ബി രാജേഷ്
സ്ത്രീകൾക്ക് വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കിക്കൊണ്ട് അവരുടെ തൊഴിൽ പങ്കാളിത്തം ഇരുപത് ശതമാനത്തിൽ നിന്നും അമ്പത് ശതമാനമാക്കി ഉയർത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവല്ലയിൽ കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരുടെ സംഗമം-സംസ്ഥാനതല ഉദ്ഘാടനവും സി.ഡി.എസ്തല പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ചുകൊണ്ട് സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകി വിവിധ മേഖലകളിൽ തൊഴിൽ ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഒാണത്തിന് മുമ്പ് ഒരു ലക്ഷം വനിതകൾക്കും അടുത്ത മാർച്ചിനുള്ളിൽ മൂന്നു ലക്ഷം പേർക്കും വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് കുടുംബങ്ങളുടെയും കേരളീയ സമ്പദ്ഘടനയുടെയും വളർച്ചയ്ക്ക് വഴിയൊരുക്കും. മധ്യവരുമാന രാഷ്ട്രങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്താനും ഇത് സഹായകമാകും. ജനാധിപത്യ ഘടനയും മതനിരപേക്ഷ സ്വഭാവവുമാണ് കുടുംബശ്രീയെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തെ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകാൻ കേരളത്തെ പ്രാപ്തമാക്കിയതിൽ കുടുംബശ്രീ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ അടുത്ത ലക്ഷ്യം അയൽക്കൂട്ട അംഗങ്ങളുടെ അംഗസംഖ്യ അമ്പത് ലക്ഷമാക്കുക എന്നതാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടു കാലത്തെ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളുടെ നേതൃനിരയിലേക്ക് സ്ത്രീകളെ കൈപിടിച്ചുയർത്താൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിനായി നടപ്പാക്കുന്ന കെ-ടാപ് പദ്ധതിയുടെ ഭാഗമായി നൂറ്റി എൺപതിലേറെ ആധുനിക സാങ്കേതിക വിദ്യകൾ കുടുംബശ്രീ സ്വന്തമാക്കി കഴിഞ്ഞു. ഇതു കൂടാതെ വിവിധ ഗാർഹിക പരിചരണങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന കെ 4 കെയർ, ഉന്നത നിലവാരം പുലർത്തുന്ന പ്രീമിയം കഫേ റെസ്റ്റൊറന്റുകൾ, സ്കൂളുകളിൽ മാകെയർ പദ്ധതി എന്നിങ്ങനെ വൈവിധ്യമാർന്ന ഒട്ടനവധി പദ്ധതികൾ കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. ഒാണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ ഉൽപന്നങ്ങളടങ്ങിയ ഗിഫ്റ്റ് പായ്ക്കറ്റുകൾ കുടുംബശ്രീ ഒാൺലൈൻ സംവിധാനമായ പോക്കറ്റ് മാർട്ട് വഴി വിപണിയിലെത്തുമെന്ന് പറഞ്ഞ മന്ത്രി നവകേരളമെന്ന വലിയ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാർക്ക് കഴിയണമെന്നും ആശംസിച്ചു.
കുടുംബശ്രീയുടെ ഭാവി പ്രവർത്തനങ്ങളിൽ വലിയ തോതിലുളള വൈവിധ്യവൽക്കരണം ആവശ്യമാണെന്നും ഒാരോ സി.ഡി.എസും നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾ മനസിലാക്കാനും പ്രാവർത്തികമാക്കുന്നതിനും സി.ഡി.എസ് സംഗമം അവസരമൊരുക്കുമെന്നും മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാരാണ് തിരുവല്ലയിലെ സി.ഡി.എസ് സംഗമത്തിൽ പങ്കെടുത്തത്. കുടുംബശ്രീ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് സംസ്ഥാനമിഷനിലെ ഐ.ബി.സി.ബി ടീമിന്റെ നേതൃത്വത്തിൽ പ്രതേ്യക അവതരണവും ജില്ലകളുടെ വിഷയാവതരണവും സംഘടിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് എബ്രഹാം, തിരുവല്ല നഗരസഭാധ്യക്ഷ അനു ജോർജ്ജ്, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ ജിജി മാത്യു, നഗരസഭാ വാർഡ് കൗൺസിലർ ലെജു എം. സഖറിയ, എസ്.ബി.ഐ എ.ബി.യു, ഡെപ്യൂട്ടി ജനറൽ മാനേജർ സന്തോഷ് കുമാർ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു, സി.ഡി.എസ് അധ്യക്ഷമാരായ ഉഷ രാജേന്ദ്രൻ, ഇന്ദിരാഭായി, ശാന്തകുമാരി ജെ, കൈരളി സി, ലീലാമ്മ വി.എസ്, ഗീത സദാനന്ദൻ എന്നിവർ ആശംസിച്ചു. കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷൻ കോർഡിനേറ്റർ ആദില എസ് നന്ദി പറഞ്ഞു. തുടർന്ന് തിരഞ്ഞെടുത്ത മികച്ച മാതൃകകളുടെ അവതരണവും ഒാപ്പൺ ഫോറവും സംഘടിപ്പിച്ചു.
കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ നടത്തിയ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുകളാണ് തയ്യാറാക്കിയത്. 2022 ൽ ചുമതലയേറ്റ ശേഷം ഉപജീവന സാമൂഹ്യവികസന മേഖലകളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും നടപ്പാക്കിയ പ്രവർത്തനങ്ങളും നേട്ടങ്ങളുമാണ് ഇതിലുള്ളത്



