
കൂരിരുട്ടിൽ നിന്ന് തുടക്കം, ഒടുവിൽ വിജയതീരമണിഞ്ഞ് ‘തിരുവല്ല പോലീസ് സ്ക്വാഡ് ‘
പത്തനംതിട്ട : സാധ്യമാണ് എന്ന് വിശ്വസിക്കലാണ് അസാധ്യമായത് നേടുന്നതിനുള്ള ഏകവഴി എന്ന് ഉറച്ചുവിശ്വസിച്ചു തന്നെയാണ് ‘തിരുവല്ല സ്ക്വാഡ് ‘ ഈ കേസ് അന്വേഷിച്ചുതുടങ്ങിയത്. അതിനാൽ തന്നെ അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിക്കുന്ന മറ്റൊരു നേട്ടം അവർ കഠിനപ്രയത്നത്തിലൂടെ സ്വായത്തമാക്കുകയും ചെയ്തു. മെയ് 7 ന് തിരുവല്ലയിൽ നിന്നും കാണാതായ 15 വയസ്സുകാരനെ തെരഞ്ഞുള്ള അന്വേഷണമാണ് ഇപ്പോൾ വിജയതീരമണഞ്ഞിരിക്കുന്നത്. സൂചനകളിലേക്ക് എത്താനുള്ള യാതൊരു മാർഗവുമില്ലാതെയായിരുന്നു തിരുവല്ല ഡി വൈ എസ് പി അഷദിന്റെ മേൽനോട്ടത്തിൽ, പോലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണസംഘത്തിന്റെ കുട്ടിയെ തേടിയുള്ള യാത്രയുടെ തുടക്കം. ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശത്തെത്തുടർന്ന് രൂപീകരിച്ച സംഘത്തിൽ എസ് സി പി ഓമാരായ മനോജ്, അഖിലേഷ്, സി പി ഓ അവിനാശ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
കുറ്റപ്പുഴ പുന്നകുന്നം സ്വദേശിയായ കുട്ടിയെ 7 ന് ഉച്ചയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. പരാതിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുമ്പോൾ സൂചനകളിലേക്ക് എത്താനുള്ള തുമ്പുകൾ ഒന്നും പോലീസിന്റെ പക്കലില്ലായിരുന്നു. ഫോൺ കാൾ വിവരങ്ങളോ, വിലപ്പെട്ട മറ്റു വിവരങ്ങളോ ലഭ്യമായിരുന്നില്ല.
അന്വേഷണ ഉദ്യോഗസ്ഥനായ എസ് എച്ച് ഓ സുനിൽകൃഷ്ണനും ടീമിനും തുടക്കം കടുത്ത പരീക്ഷണമായിരുന്നു. പതിവ് നിയമനടപടിക്രമങ്ങൾക്കൊപ്പം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറോളം സി സി ടി വി ഫുട്ടേജുകൾ പരിശോധിച്ചു.
മണിക്കൂറുകളോളം സി സി ടി വി മുറിയിൽ ചിലവഴിച്ച ദിവസങ്ങളായിരുന്നു പിന്നീട്. കിട്ടിയ വിവരങ്ങൾക്ക് പിന്നാലെ അന്വേഷണസംഘം അവിശ്രമം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം, നാഗർകോവിൽ, വഴിക്കടവ്, ഗുഡല്ലൂർ എന്നിവടങ്ങളിലേക്ക് നീണ്ടു ആ യാത്ര.
എന്തെങ്കിലും നേടാൻ കൊതിച്ചാൽ ലോകം മുഴുവൻ സഹായത്തിനൊപ്പം കൂടുമെന്ന തത്വവും സംഘം മുറുകെപ്പിടിച്ചു മുന്നേറി. കുട്ടി തിരുവനന്തപുരത്തെക്കും തുടർന്ന് ട്രെയിനിൽ ചെന്നൈയിലേക്കുമാണ് പോയത്. മൊബൈൽ ഫോൺ ഓഫ് ആയിരുന്നു, അതിനാലാണ് ആദ്യം കാൾ വിവരങ്ങൾ ലഭ്യമാകാഞ്ഞത്. ഫോൺ പിന്നീട് ചെന്നൈയിൽ വിൽക്കുകയും ചെയ്തു.ചെന്നൈയിൽ ഫോൺ വാങ്ങിയത് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വ്യാപരിയായിരുന്നു. അയാളിൽ നിന്നും ഗുഡല്ലൂരിലെ മൊത്തക്കച്ചവടക്കാരൻ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തിൽ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു. ഗുഡല്ലൂരുള്ള ഒരാൾ ഫോൺ വാങ്ങിയശേഷം സിം കാർഡ് ഇട്ടപ്പോഴാണ് പോലീസിന് ആദ്യസൂചനകൾ ലഭിച്ചത്. ഫോണിന്റെ ഐ എം ഇ ഐ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ വേഗം കൂടി.
ഗുഡല്ലൂരിൽ നിന്നും കിട്ടിയ ‘കച്ചിത്തുരുമ്പു’ മായി ചെന്നൈയിലേക്ക് പോലീസ് സംഘം കുതിച്ചു. അവിടെയെത്തി കുട്ടിയെ കണ്ടെത്തുമ്പോൾ മാസങ്ങൾ നീണ്ടകഠിനാധ്വാനത്തിനും കഷ്ടപ്പാടുകൾക്കും പരിസമാപ്തിയാവുകയായിരുന്നു. ഡി വൈ എസ് പി അഷദ്, അന്വേഷണസംഘത്തിന് സമയമാസമയം മാർഗനിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
കുട്ടിയെ വീടിനു പുറത്തൊന്നും കളിക്കാൻ വിടാതെ വീട്ടുകാർ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പത്താം ക്ലാസ്സ് പരീക്ഷാഫലം പുറത്തുവരുന്നതിന് ഒരാഴ്ച്ചമുമ്പ് വീടുവിട്ടിറങ്ങിയത്. കണ്ടെത്തുമ്പോൾ ചെന്നൈയിലെ പാരീസ് കോർണർ എന്ന സ്ഥലത്ത് രത്തൻസ് ബസാറിലെ നാസർ അലി എന്നയാളുടെ ബിരിയാണിക്കടയിൽ സഹായിയായി ജോലി നോക്കുകയായിരുന്നു. അവിടെ ജോലിചെയ്യുന്ന നേപ്പാൾ സ്വദേശിയുടെ ഫോണിൽ നിന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോഴാണ് കുട്ടിയുള്ള ഇടം പോലീസിന് വ്യക്തമായത്.



