
യുവാക്കളെ അതിക്രൂരമായി മർദിച്ച ദമ്പതികൾ പോലീസിന്റെ പിടിയിലായി
പത്തനംതിട്ട ആറന്മുളയിൽ യുവാക്കളെ അതിക്രൂരമായി മർദിക്കുകയും പണം കവരുകയും ചെയ്ത ദമ്പതികൾ ആറന്മുള പോലീസിന്റെ പിടിയിലായി. രണ്ട് യുവാക്കളെ നിഷ്ഠൂരമായി ഉപദ്രവിച്ച കോയിപ്പുറം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്. 5ന് രാത്രി 8 മണിയോടെ റാന്നി സ്വദേശിയായ യുവാവിനെ പ്രതികളുടെ വീട്ടിൽ വച്ച് പൈപ്പ് റേഞ്ച് കൊണ്ട് അടിച്ചും ജനനേന്ദ്രിയത്തിലും ശരീരഭാഗങ്ങളിലും മറ്റും സ്റ്റാപ്ലർ പിൻ അടിച്ചും നഖങ്ങൾക്കിടയൽ മൊട്ടുസൂചി കയറ്റിയും മറ്റും അതിക്രൂരമായ ദേഹോപദ്രവത്തിന് വിധേയനാക്കി. റാന്നി സ്വദേശി ദേഹോപദ്രവത്തിൽ പരിക്കുപറ്റി വിശ്രമത്തിൽ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറന്മുള എസ് ഐ വിഷ്ണു മൊഴി രേഖപ്പെടുത്തകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. താൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ അച്ഛനും പ്രതിശ്രുതവരനും മറ്റും ചേർന്ന് തന്നെ ദേഹോപദ്രവം ഏൽപിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും യുവാവ് പറഞ്ഞ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് സംശയം തോന്നിയ പോലീസ് പരാതിക്കാരനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ മറ്റു മാർഗങ്ങളില്ലാതെ യുവാവ് സത്യം വെളിപ്പെടുത്തുകയും വിശദവും സമഗ്രവുമായ അന്വേഷണത്തിൽ യുവാവ് പ്രതികളുടെ വധഭീഷണി ഭയന്നാണ് കളവായി പോലീസിന് മൊഴി നൽകിയതെന്ന് വ്യക്തമായി. തുടർന്ന് പ്രതികളെയും സംഭവത്തെപ്പറ്റിയും കൂടുതൽ അന്വേഷണം നടത്തിയ പോലീസ് ജയേഷിനെയും രശ്മിയെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. കേസിൽ അന്വേഷണം നടത്തി വരവേ 12ന് പ്രതികളെ കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിലെ കുറവൻകുഴിയിലുള്ള വീട്ടുപരിസരത്ത് നിന്നും പിടികൂടുകയും സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ പോലീസിന്റെ ചോദ്യം ചെയ്യലിൽ 19കാരനായ ആലപ്പുഴ സ്വദേശിയെയും ദേഹോപദ്രവം ഏല്പിച്ചതായി പ്രതികൾ സമ്മതിക്കുകയുണ്ടായി. തുടർന്ന് ഇയാളുടെ മൊഴി എസ് ഐ വിഷ്ണു രേഖപ്പെടുത്തി പോലീസ് ഇൻസ്പെക്ടർ പ്രവീൺ കേസ് രജിസ്റ്റർ ചെയ്തു. ഈ മാസം1ന് ഉച്ചയോടെ യുവാവിനെ കോഴഞ്ചേരി മാരാമണിൽ നിന്നും വീട്ടിലെത്തിച്ച ജയേഷ് ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും കമ്പിവടി കൊണ്ട് അടിയ്ക്കുകയും നാഭിയിൽ പെപ്പർ സ്പ്രേ അടിയ്ക്കുകയും കൈകൂട്ടി കെട്ടി വീടിൻെറ കഴുക്കോലിൽ കെട്ടിത്തൂക്കുകയും സൈക്കിൾ ചെയിൻ കൊണ്ട് ഇടിയ്ക്കുകയും ചെയ്യുകയും പഴ്സിൽ നിന്ന് 20000 രൂപ ബലമായി എടുക്കുകയും ചെയ്തു. തുടർന്ന് വണ്ടിക്കൂലിക്ക് എന്നുപറഞ്ഞ് 1000 രൂപ തിരികെ കൊടുക്കുകയും ബൈക്കിൽ കയറ്റി റാന്നിയിൽ ഇറക്കിവിടുകയുമായിരുന്നു. യുവാക്കളും ജയേഷും ബാംഗ്ലൂരിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്. പോലീസ് മേധാവി ആർ ആനന്ദിന്റെ നിർദേശപ്രകാരം പത്തനംതിട്ട ഡി വൈ എസ് പി ന്യൂമാൻ, ആറന്മുള പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ മാരായ വിഷ്ണു, ഹരീന്ദ്രൻ, എ എസ് ഐ മിനി, എസ് സി പി ഒ മാരായ താജുദീൻ, പ്രദീപ്, ശിവപ്രസാദ്,ബിനു, ഉമേഷ്, സി പി ഒ മാരായ വിഷ്ണു, ആദർശ്, ഗോകുൽ, വിഷ്ണു, കോയിപ്പുറം പോലീസ് സ്റ്റേഷനിലെ സി പി ഒ വീണ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കേസിൽ വിശദമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കി. കേസിനാസ്പദമായ രണ്ട് സംഭവങ്ങളും ഉണ്ടായിട്ടുള്ളത് കോയിപ്രം പോലീസ് സ്റ്റേഷൻ അതിർത്തിയിലായതിനാൽ രണ്ട് കേസുകളുടെയും തുടർന്നുള്ള അന്വേഷണം കോയിപ്രം പോലീസിന് കൈമാറും. കേസുകളിലെ സമഗ്രമായ അന്വേഷണത്തിനായി തിരുവല്ല ഡി വൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് ജില്ലാ പോലീസ് മേധാവി ഉത്തരവായിട്ടുണ്ട്. പ്രതികൾ ഇത്തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരുന്നതിനാലും ഈ രണ്ടു കേസുകളുടെയും അന്വേഷണം പ്രാഥമികഘട്ടത്തിലായതിനാലും പ്രതികൾ അന്വേഷണത്തിൽ പോലീസിനോട് നിസഹകരണം തുടർന്നുവരുന്നതിനാലും സമഗ്രമായ ശാസ്ത്രീയ അന്വേഷണങ്ങൾ ആവശ്യമായതിനാലും കൂടുതൽ കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു



