
യാത്രക്കിടയിൽ അധ്യാപികക്ക് നഷ്ടപ്പെട്ട സ്വർണമാല തിരികെ ഏൽപ്പിച്ച് പത്തനംതിട്ട പോലീസ്
പത്തനംതിട്ട ചന്ദനപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രെസ് കോഴഞ്ചേരി കൊടുവന്തറയിൽ ആനി കെ തോമസിന്റെ നഷ്ടപ്പെട്ട 10 ഗ്രാം തൂക്കം വരുന്ന സ്വർണമാല പോലീസിന്റെ സാന്നിധ്യത്തിൽ തിരികെ ഏൽപ്പിച്ചു. പത്തനംതിട്ട മൈക്രോ ലാബിൽ പരിശോധനയ്ക്ക് ശേഷം തിരികെയുള്ള യാത്രയിൽ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം ആനി അറിഞ്ഞത്. തുടർന്ന്, ലാബിലെത്തി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഗുരുമന്ദിരത്തിനടുത്ത് റോഡ് വക്കിൽ കിടന്ന മാല, ‘ലോകനേത്രനിധി’ യിൽ ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന പത്തനംതിട്ട മല്ലശ്ശേരി പൗർണമി വീട്ടിൽ സജിക്കാണ് ലഭിച്ചത്.ഇദ്ദേഹം പത്തനംതിട്ട സ്റ്റേഷനിലെത്തി എസ് എച്ച് ഓയെ ഏൽപ്പിച്ചു. ഗുരുമന്ദിരത്തിന് സമീപത്താണ് ലാബ് പ്രവർത്തിക്കുന്നത്. ആനി ലാബിൽ തിരികെയെത്തി മാല നഷ്ടപ്പെട്ട കാര്യം പറഞ്ഞു, പരിസരത്തും റോഡിലുമൊക്കെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഫോൺ നമ്പർ ലാബിൽ കൊടുത്തശേഷം അവർ തിരിച്ചുപോയി. പിന്നീട്, ലാബിൽ തനിക്ക് പരിചയമുള്ള ആളിനെ മാല കിട്ടിയവിവരവും സ്റ്റേഷനിൽ ഏൽപ്പിച്ചകാര്യവും സജി വിളിച്ചറിയിച്ചു. മാലയുടെ ഉടമ അവിടെ തിരക്കിയെത്തിയതിനെപ്പറ്റി സജിയോട് പറയുകയും, ഫോൺ നമ്പരിൽ ബന്ധപ്പെടുകയും ചെയ്തു. ആനിയുടെ നമ്പരിൽ പോലീസ് വിളിച്ച് വിവരം ധരിപ്പിക്കുകയും, സ്റ്റേഷനിലെത്താൻ ഇരുവരോടും ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഉടമ സ്റ്റേഷനിലെത്തി മാല സജിയിൽ നിന്നും ഏറ്റുവാങ്ങി.



