
ആയിരൂർ ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസം പരിസ്ഥിതി കാർഷിക സമ്മേളനം സ്വാമി ചിദാനന്ദപുരി മഹാരാജ് ഉത്ഘാടനം ചെയ്തു
ആയിരൂർ ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസം ഉച്ചക്ക് ശേഷം നടന്ന പരിസ്ഥിതി കാർഷിക സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജ് ഉത്ഘാടനം ചെയ്തു:
പ്രകൃതിക്ക് അനുസൃതമായി ജീവിക്കണം എന്ന കാഴ്ച്ചപ്പാടിൽ നിന്നും നാം എപ്പോഴൊ അകന്ന്പൊയ്ക്കൊണ്ടിരിക്കുന്നു . അതിൻ്റെ ദുരനുഭവമാണ് മൊത്തം സമൂഹവും അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ കാർഷിക സമ്മേളനം ഉത്ഘാടന പ്രസംഗത്തിൽ
സ്വാമി ചിദാനന്ദപുരി മഹാരാജ് അഭിപ്രായപ്പെട്ടു. ഭൂഗർഭജലം അപകടകരമായ രീതിയിൽ കുറയുമ്പോഴും നാം ഉപഭോഗത്തിൽ ഒട്ടും കുറവ് വരുക്കാൻ തയ്യാറാകുന്നില്ല. ചൂഷണം എന്ന കാഴ്ച്ചപ്പാടിൽ നിന്ന് മാറി ദോഹനം എന്ന കാഴ്ച്ചപ്പാടിലൂടെ പ്രകൃതിയെ സമീപിക്കണം. ധർമ്മാനുസരണമായ ജീവിതം നയിച്ച് വരും തലമുറകൾക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കണം. മനുഷ്യന് വേണ്ടിയാണ് പ്രകൃതി വിഭവങ്ങൾ സൃഷ്ടിക്കപ്പെട്ടത് എന്ന അപകടകരമായ കാഴ്ച്ചപ്പടാണ് ഇന്ന് കാണുന്ന പരിസ്ഥിതി നാശത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. മനുഷ്യന് വേണ്ടി മാത്രം സൃഷ്ടി നടത്തിയ ദൈവം സർവ്വേശ്വരനാകില്ല. വേദങ്ങളിൽ കൃഷിയെ സംബന്ധിച്ച അനേകം സൂക്തങ്ങൾ ഉണ്ട്. പത്ത് പുത്രൻമ്മാർക്ക് തുല്യമാണ് ഒരു മരം എന്നതാണ് ഭാരതീയ സങ്കൽപ്പം എന്നും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മലയാളികൾ കൃഷിയിൽ നിന്നും അകന്നപ്പോൾ ഇവിടെ നക്ഷത്ര ആശുപത്രികളുടെ വ്യവസായം വളർന്നു എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ അഭിപ്രായപ്പെട്ടു. ഒരു നാടൻ പശ്യവിനെ വീട്ടിൽ വളർത്താനും തേങ്ങ ആട്ടി വെളിച്ചെണ്ണ ആക്കി ഉപയോഗിക്കാനും മലയാളികൾ ശ്രദ്ധിക്കണം. പശുവിനെ വളർത്തിയാൽ ഒരേ സമയം ആരോഗ്യവും പ്രകൃതിയെയും സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വനത്തിൽ ജീവിച്ചിരുന്ന മനുഷ്യനെ നദീ തടങ്ങളിൽ കൂട്ടമായി ജീവിക്കാനും സമൂഹ ജീവി ആയി മാറാനും സാഹചര്യമൊരുക്കിയത് കൃഷിയിലൂടെ ആണെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജീ ബൈജു അഭിപ്രായപ്പെട്ടു. ഭക്ഷ്യ സംസ്കരണ രംഗത്ത് കിഴഞ്ഞു വിളകളുടെ പ്രധാന്യവും സംരംഭകത്വ സാധ്യതകളും എന്ന വിഷയഞ്ഞെപ്പറ്റി പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ബൈജു. സംസ്ഥാനത്ത് കൃഷിഭുമിയുടെ വിസ്തൃതിയും വിളവും കുറഞ്ഞ് വരികയാണ്. കഴിഞ്ഞ 200 വർഷങ്ങളിലാണ് മനുഷ്യൻ്റെ ഇടപൊൽ പ്രകൃതിക്ക് ദോഷകരമാകാൻ ആരംഭിച്ചത്. ഒരു തിരിച്ച് പോക്ക് അനിവാര്യമാണ്. ആരോഗ്യത്തിന് വേണ്ടി കൃഷി ചെയ്യുക എന്ന നയം സ്വീകരിക്കാൻ നാം തയ്യാറാകണം. പ്രത്യുത്പ്പാദനപരമായ കൃഷി രീതി അവലംബിക്കാത്ത പക്ഷം ഏറെ താമസിയാതെ ഭൂമി മനുഷ്യന് വാസയോഗ്യമല്ലാതാകും. കാലാവസ്ഥാ വെതിയാനത്തെ ചെറുക്കാൻ കിഴങ്ങ് വിളകൾക്ക് കഴിയും. കുറഞ്ഞ സ്ഥലത്തു നിന്ന് കൂടുതൽ ലാഭം നേടാനും, ഇടവിളകളായി കൃഷി ചെയ്യാനും, കിഴങ്ങ് വിളകളുടെ കൃഷിയിലൂടെ സാധിക്കും. മൂല്യവർധിത ഉത്പ്പന്ന മേഖലയിലും കിഴങ്ങ് വിളകൾക്ക് ഏറെ സാധ്യതയുണ്ട്. ഭാവിയിൽ പ്രമേഹ രോഗികൾക്കും ഭയലേശമില്ലാതെ കഴിക്കാവുന്ന ഒരു ഡയബറ്റിക്ക് ഫ്രണ്ട്ലി കപ്പ ഇനം പ്രതീക്ഷക്കാമെന്നും അതിനായുള്ള ഗവേഷണങ്ങൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിൽ ദേശീയ അവാർഡ് നേടിയ ശ്രീമതി ഭുവനേശ്വരിയുടെ പ്രഭാഷണം സദസിന് വെത്യസ്ഥമായ അനുഭവമായി. താൻ ഒരു പ്രാസംഗിക അല്ലാ എന്ന് പറഞ്ഞ് ശ്രീമതി ഭുവനേശ്വരി തൻ്റെ കൃഷി അനുഭവങ്ങൾ സദസുമായി പങ്കുവച്ചു. കൃഷിയെ ദൈവികമായ ഒരു പ്രവൃത്തിയായാണ് കാണുന്നതെന്നും കൃഷി ഒരിക്കലും നഷ്ടമല്ലെന്നും ഭുവനേശ്വരിയമ്മ പറഞ്ഞു. കുടുംബാംഗങ്ങൾ എല്ലാം ഒരുമിച്ച് കൃഷിയിൽ ഏർപ്പെടുന്നതാണ് തങ്ങളുടെ കൃഷിരീതി എന്നും 4 ഏക്കറിൽ ആരംഭിച്ച് ഇന്ന് 24 ഏക്കറിൽ എത്തി നിൽക്കുന്നതായും ഭുവനേശ്വരിയമ്മ പറഞ്ഞു. അടുത്ത തലമുറ നല്ല ഭക്ഷണം കഴിച്ച് ജീവിക്കാനായി എല്ലാവരും കൃഷിക്കായി അൽപ്പം സമയം നീക്കിവയ്ക്കണമെന്നും ഭുവനേശ്വരിയമ തൻ്റെ ഹ്രസ്വമായ പ്രസംഗത്തിൽ പറഞ്ഞു .
ഭൂമിയെ മാതാവായും പ്രകൃതിയെ ദൈവമായും കണക്കാക്കുന്നതിനാൽ പരിസ്ഥിതി പരിപാലനം ഹൈന്ദവരുടെ കടമയാണെന്ന് സഞ്ചാര സാഹിത്യകാരൻ ശിവകുമാർ മേനോൻ പറഞ്ഞു.
പ്രകൃതി മാതാവും നദീ വന്ദനവും എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തുകയായിരുന്നു അദേഹം ‘ ഗംഗാ നദിയിൽ ഒരു പ്രാവശ്യം സ്നാനം ചെയ്യുന്ന ഫലം നർമ്മദാ നദിയുടെ ദർശനത്തിലൂടെ ഉണ്ടാകും എന്ന് നർമ്മദാ തീര വാസികൾ വിശ്വസിക്കുന്നു. നർമ്മദാ നദിയെ അവർ സ്നേഹിക്കുകയും ആദരിക്കുകയും പൂജിക്കുകയും ചെയ്യുന്നു. നദികളെയും ജലസ്രോതസുകളെയും പരിപാവനമായി സംരക്ഷിക്കാൻ ഹിന്ദു സമൂഹം മുൻകൈയെടുക്കണമെന്നും പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഹിന്ദുമത മഹാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ഇരുപതിനായിരം ഫല വൃക്ഷ തൈകളുടെ വിതരണോത്ഘാടനവും സ്വാമി ചിദാനന്ദ പുരി മഹാരാജ് നിർവ്വഹിച്ചു. ചടങ്ങിൽ കോന്നി അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ ബി രാഹുൽ മുഖ്യ അതിഥിയായിരുന്നു.
തൃതല പഞ്ചായത്തു കളിൽ തെരഞ്ഞെടു ക്കപ്പെട്ട ഹിന്ദുമത മഹാമണ്ഡലം കമ്മിറ്റിയിൽ പെട്ട അംഗങ്ങളെ പ്രസിഡന്റ് പി എസ് നായർ ആദരിച്ചു
ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം അയ്യപ്പൻ കുട്ടി സ്വാഗതവും എസ് ശിവൻകുട്ടി നായർ നന്ദിയും പറഞ്ഞു.



