
ഫിറ്റ്നസ് സെന്ററിലെ ആക്രമണം : രണ്ട് പ്രതികൾ കൂടി പിടിയിൽ
ഈമാസം ഒന്നിന് വൈകിട്ട് 6.30 ന് പുറമറ്റം വെണ്ണിക്കുളത്തുള്ള പെഗാസസ് ഫിറ്റ്നസ് സെന്ററിൽ നടന്ന ആക്രമണത്തിൽ ജീവനക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റ കേസിൽ രണ്ടു പ്രതികളെകൂടി കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി മഹാരാഷ്ട്ര റൈകൺ, പൺ വെൽ താലൂക്ക് ആകുർലി തുൽസി വിഹാർ ഫ്ലാറ്റ് നമ്പർ .202 ൽ നിന്നും പുറമറ്റം പടുതോട് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസം സനു സജി ജോർജ്ജ് (24), അഞ്ചാം പ്രതി പുറമറ്റം പടുതോട് മരുതുകാലായിൽ വീട്ടിൽ കക്കു എന്ന ഷഹനാസ് (-28) എന്നിവരാണ് പിടിയിലായത്. എറണാകുളത്തു നിന്നാണ് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. തെളളിയൂർ കോളഭാഗം വേലംപറമ്പിൽ വീട്ടിൽ അലൻ റോയി (19) ക്കാണ് ആക്രമണത്തിൽ ഗുരുതരപരിക്കുകൾ സംഭവിച്ചത്. ഇയാളുടെ മൊഴി എസ് സി പി ഓ എ എസ് സുരേഷ് രേഖപ്പെടുത്തി, വധശ്രമത്തിന് കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ പി എം ലിബി കേസെടുത്ത് അന്വേഷണം തുടരുകയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. തുടർന്ന് 21 ന് ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തു.സ്ഥാപനത്തിൽ പരിശീലനത്തിനുവന്ന ഒന്നാം പ്രതിയോട് ലഹരി വസ്തുവായ ഹാൻസ് ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞതിലുള്ള വിരോധം നിമിത്തമാണ് പ്രതികൾ ആക്രമിച്ചത്. ചീത്തവിളിച്ചുകൊണ്ട് കുത്തിപ്പിടിച്ച് തടഞ്ഞ് നിർത്തി തള്ളിതാഴെയിടുകയും, ജിമ്മിൽ പ്രാക്ടിസിന് ഉപയോഗിക്കുന്ന ഇരുമ്പ് ബാർ കൊണ്ട് കൊല്ലുമെന്ന് പറഞ്ഞ് തലയിൽ രണ്ട് തവണ അടിക്കുകയും, രണ്ടാം പ്രതി നെഞ്ചിന് ചവിട്ടുകയുംചെയ്തു. പ്രതികൾ വിളിച്ച് വരുത്തിയവരിൽ മൂന്നാം പ്രതി ഹെൽമറ്റ് കൊണ്ട് മൂക്കിലടിച്ചു. മൂക്കിലെ അസ്ഥിക്ക് പൊട്ടലുമുണ്ടായി, അടുത്ത അടി ഇടത് കൈപ്പത്തികൊണ്ട് തടഞ്ഞപ്പോൾ ചെറുവിരലിന് പൊട്ടലും സംഭവിച്ചു. നാലാം പ്രതി ബെൽറ്റ് ഉപയോഗിച്ച് ശരീരത്തിൻെറ പലഭാഗങ്ങളിലും അടിക്കുകയും, അഞ്ചാം പ്രതി കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്ത് അടിക്കുകയും ചെയ്തു. പുറത്തുവന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം പ്രതികൾ സ്ഥലം വിടുകയായിരുന്നു. ആദ്യം അറസ്റ്റിലായ മൂന്നാം പ്രതി സുധീർ മണൽ കടത്ത്, ദേഹോപദ്രവം ഏൽപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. സയന്റിഫിക് അസ്സിസ്റ്റന്റിന്റും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രതികൾ ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പ് ബാർ, ഹെൽമറ്റ്, ബെൽറ്റ്, എന്നിവയും മറ്റും പോലീസ് കണ്ടെടുത്തു. കേസ്സിലെ ഒന്നും രണ്ടും പ്രതികൾ ഒളിവിലാണ്, ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് കോയിപ്രം പോലീസ്.



