
ലഹരി വസ്തുക്കൾക്കെതിരായ പരിശോധനയിൽ പോലീസ് രണ്ടു യുവാക്കളെ പിടികൂടി
ലഹരി വസ്തുക്കൾക്കെതിരായ പരിശോധനയിൽ പന്തളം പോലീസ് രണ്ടു യുവാക്കളെ പിടികൂടി. പുന്തല കക്കട പാലത്തിന് സമീപം വാടകക്ക് താമസിക്കുന്ന കരുന്നാഗപ്പള്ളി കൊച്ചാലുംമൂട് കാട്ടിൽകടവ്, ആദിനാട് സൗത്ത്, കുന്നയിൽ ഹൗസ് മുഹമ്മദ് ജാബിർ (22), പന്തളം കടക്കാട് പണ്ടാരത്തിൽ തെക്കേപുരയിൽ വീട്ടിൽ ജിഷ്ണു (19) എന്നിവരാണ് അറസ്റ്റിലായത്. ജാബിറിൽ നിന്നും 35 ഗ്രാം കഞ്ചാവും, ജിഷ്ണുവിന്റെ പക്കൽ നിന്നും 6 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് വിൽപ്പനക്കായി കയ്യിൽ കരുതിയതാണെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു.ബുധൻ രാത്രി 12 ഓടെ കക്കടപാലത്ത് വച്ചാണ് ജാബിർ പിടിയിലായത്. പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറിൽ പൊതിഞ്ഞ് അടിവസ്ത്രത്തിന്റെ അരഭാഗത്ത് സൂക്ഷിച്ച നിലയിലായിരുന്നു. 11 ന് രാത്രി പത്തരയോടെ മുട്ടാർ മുത്തോണിയിൽ നിന്നാണ് ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിൽ,, എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡ് ഉൾപ്പെടെയുള്ള നടപടി തുടരുന്നതിനു നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.



