
ജിം ട്രെയിനറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേർ പോലീസ് പിടിയിൽ
പത്തനംതിട്ട വെണ്ണിക്കുളത്ത് ജിംനേഷ്യത്തിലെ സംഘർഷത്തിൽ ജിം ട്രെയിനറെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു യുവാക്കളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് മരുതുകാലായിൽ ഷിജിൻ ഷാജഹാൻ (24), കീഴ് വായ്പൂര് മണ്ണുംപുറം കുളത്തുങ്കൽ ബിൻസൺ കെ മാത്യൂ (28) എന്നിവരാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. വെണ്ണിക്കുളത്തുള്ള പെഗാസസ് ജിംനേഷ്യത്തിൽ പ്രാക്ടീസിനു വന്ന ഷിജിൻ ഷാജഹാനെ ജിമ്മിനുള്ളിൽ ലഹരിവസ്തു ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധംകൊണ്ട് ജിം ട്രെയിനറായ അലൻ റോയിയെ ആഗസ്റ്റ് 1ന് വൈകിട്ട് 06.30ന് ഷിജിൻ ഉൾപ്പെടെയുള്ള 5 പ്രതികൾ ചേർന്ന് ജിമ്മിൽ പ്രാക്ടിസിന് ഉപയോഗിക്കുന്ന ഇരുമ്പ് ബാർ, ഹെൽമെറ്റ് എന്നിവ എടുത്ത് തലയിൽ അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും മറ്റും ചെയ്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ പരിക്കുപറ്റിയ ചികിത്സയിലായിരുന്ന അലന്റെ മൊഴി എസ് സി പി ഒ എ എസ് സുരേഷ് രേഖപ്പെടുത്തി കോയിപ്രം പോലീസ് ഇൻസ്പെക്ടർ പി എം ലിബി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ കേസിലെ 3 പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയിരുന്ന ഷിജിൻ, ബിൻസൺ എന്നിവർക്കായി ഊർജ്ജിതമായ തെരച്ചിൽ നടത്തിവരവേ 18ന് മുട്ടുമൺ നിന്നും ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. ഷിജിൻ ഷാജഹാൻ കോയിപ്രം പോലീസ് സ്റ്റേഷനിലെ രണ്ട് ക്രിമിനൽ കേസുകളിലും ബിൻസൺ കെ മാത്യു തിരുവല്ല പോലീസ് സ്റ്റേഷനിലെ ഒരു മയക്കുമരുന്ന് കേസിലും പ്രതികളാണ്. പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എസ് ഐ രാജീവ്, എസ് സി പി ഒ മാരായ എ എസ് സുരേഷ്, ഷബാന, സി പി ഒ മാരായ പരശുറാം, ജയേഷ്, മുരുകദാസ്, ഇർഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.



