
പോലീസിൻ്റെ ഓപ്പറേഷൻ കുബേര യിൽ റാന്നി, പെരുമ്പെട്ടി, കോയിപ്പുറം തുടങ്ങി നിരവധി റെയ്‌ഡുകൾ, 3 പേർ പിടിയിലായി
പത്തനംതിട്ട ജില്ലയിൽ ബ്ലേഡ് പലിശക്ക് പണം കൊടുക്കുന്നതിലൂടെ അനധികൃതമായി അമിതാദായമുണ്ടാക്കുന്നവർക്കെതിരായ നിയമനടപടിയുടെ ഭാഗമായി ബുധനാഴ്ച ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേകപരിശോധന നടന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, ‘ഓപ്പറേഷൻ കുബേര’ എന്ന പേരിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 69 റെയ്‌ഡുകളാണ് നടന്നത്. കുറ്റകൃത്യം സംബന്ധിച്ച തെളിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് 4 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരുവല്ല കോയിപ്പുറം റാന്നി പെരുമ്പെട്ടി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് മണി ലെൻഡറിങ് ആക്ടിലെയും അമിത പലിശ ഈടാക്കുന്നതിനെതിരായ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് കേസുകൾ രജിസ്റ്റർ ചെയ്തത്. തിരുവല്ലയിലും കോയിപ്പുറത്തും പെരുമ്പെട്ടിയിലുമായി ഓരോരുത്തരെ അറസ്റ്റ് ചെയ്തു. അമിതപലിശ ഈടാക്കി ആളുകൾക്ക് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പരിശോധനയിൽ പിടിച്ചെടുത്തു.
പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പെരുമ്പെട്ടി പതാലിൽ തോട്ടത്തിൽ വീട്ടിൽ ടി ഡി ബാലകൃഷ്ണനെ( 54)അറസ്റ്റ് ചെയ്തു. അനുമതി പത്രമോ ലൈസൻസോ ഇല്ലാതെ അമിതാദായത്തിനായി അനധികൃതമായി ചെക്കുകളും മുദ്രപ്പത്രങ്ങളും ഈടായി വാങ്ങി പലിശയ്ക്ക് പണം കൊടുക്കുന്നതു സംബന്ധിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പെരുമ്പെട്ടി എസ് എച്ച് ഓയുടെ ചുമതലയുള്ള വെച്ചുച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടിൽ ബുധൻ രാവിലെ റെയ്‌ഡ് നടത്തിയത്.
വീട്ടിൽ നിന്നും 13,500 രൂപയും, വിവിധ ബാങ്കുകളുടെ പലരുടെ പേരിലുള്ള 3 ബ്ലാക്ക്ചെക്ക് ലീഫുകളും, 3 മുദ്രപത്രങ്ങളും കണ്ടെടുത്തു. ബാലകൃഷ്ണനെ സ്റ്റേഷനിലെത്തിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. എസ് ഐ ടി പി ശശികുമാറാണ് കേസെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.കോയിപ്പുറം പോലീസ് ഇൻസ്പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ, തോട്ടപ്പുഴശ്ശേരി ചെട്ടിമുക്ക് കുളഞ്ഞിക്കൊമ്പിൽ വീട്ടിൽ എബ്രഹാം വർഗീസ്(69) പിടിയിലായി. തുകയോ തീയതിയോ രേഖപ്പെടുത്താതെ നിരവധി ചെക്കുലീഫുകളും, വിവരങ്ങൾ രേഖപ്പെടുത്താത്ത മുദ്രങ്ങളും, പലയാളുകൾ ഒപ്പിട്ട വെള്ളക്കടലാസു കളും രാവിലെ നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. കിടപ്പുമുയിലെ അലമാരയിൽ സൂക്ഷിച്ച വിവിധ ഡയറികളിൽ നിന്നാണ് രേഖകൾ കണ്ടെടുത്തത്. ദേശസാൽകൃതമായതുൾപ്പെടെയുള്ള വിവിധ ബാങ്കുകളുടെ പല തുകകൾക്കുള്ള ചെക്ക് ലീഫുകളും മുദ്രപത്രങ്ങളും കണ്ടെടുത്തു. പലരുടെയും ഒപ്പ് രേഖപ്പെടുത്തിയ വെള്ളക്കടലാസുകളും, പണം പലിശയ്ക്ക് കൊടുത്തതിന്റെയും ചെക്കുകുളം മറ്റും വാങ്ങിയതിന്റെയും കണക്കുകൾ ഡയറികളിൽ രേഖപ്പെടുത്തിയിരുന്നു. അലമാരയുടെ അടിത്തിട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടിയിൽ നിന്നും അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും മറ്റും കറൻസി നോട്ടുകളും കണ്ടെടുത്തു. ഇത്തരത്തിൽ ആകെ 91770 രൂപയാണ് കണ്ടെടുത്തത്. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി. കോയിപ്രം പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ
എസ് ഐ ഷൈജു, എ എസ് ഐ ഷിബുരാജ്, എസ് സി പി ഓമാരായ
ഷെബാന, വിപിൻരാജ്, സി പി ഓ അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് റെയ്‌ഡ് നടത്തി പ്രതിയെ പിടികൂടിയത്. തിരുവല്ല പോലീസ് നടത്തിയ പരിശോധനയിൽ ഒരാളെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് ചെയ്തശേഷം നോട്ടീസ് നൽകി വിട്ടയച്ചു. കുറ്റപ്പുഴ ചുമത്ര പുന്നമറ്റം തടത്തിൽ വീട്ടിൽ റിജോ മോൻ (32) ആണ് അറസ്റ്റിലായത്. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ നിർദേശപ്രകാരം എസ് ഐ ഐ ഷിറാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളുടെ വീട്ടിൽ രാവിലെ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തത്. പോലീസ് സംഘത്തിൽ പ്രൊബേഷൻ എസ് ഐ ജയ്‌മോൻ, എസ് സി പി ഒ വിനോദ്, സി പി ഒ അശ്വതി എന്നിവരാണ് ഉണ്ടായിരുന്നത്. നിയമപരമുള്ള രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായി പണം കടം കൊടുക്കുന്നതായും പൂരിപ്പിക്കാത്ത വിവിധ ബാങ്കുകളുടെ ചെക്കുകളും മുദ്രപത്രങ്ങളും വാങ്ങി സൂക്ഷിക്കുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. പണം പലിശക്ക് കൊടുക്കുന്നതിനോ അതിലേക്കായി ചെക്കുകളോ മുദ്രപത്രങ്ങളോ വാങ്ങി വയ്ക്കുന്നതിനോ നിയമപരമായ രജിസ്ട്രേഷൻ ഇല്ല എന്ന് വ്യക്തമായതിനെതുടർന്ന് 10 ചെക്ക് ലീഫുകളും മുദ്രപ്പത്രവും ഡയറിയും പിടിച്ചെടുത്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.റാന്നി പോലീസ് നടത്തിയ പരിശോധനയിൽ മക്കപ്പുഴ മന്ദമരുതി അമ്പാട്ടു ലിന്റോ തോമസിന്റെ വീട്ടിൽ നിന്നും അനധികൃത രേഖകൾ പിടിച്ചെടുത്തു. റാന്നി പോലീസ് ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നിർദേശാനുസരണം രാവിലെ എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. ആളുകളിൽ നിന്നും വാങ്ങിയ തുക വിവരങ്ങൾ രേഖപ്പെടുത്താത്ത ഒപ്പിട്ട ചെക്കുകൾ, ഒപ്പിട്ട മുദ്രപത്രങ്ങൾ, വസ്തു ക്രയവിക്രയം നടത്തിയ ആധാരങ്ങൾ, വാഹന കച്ചവടത്തിന്റെ രേഖകൾ തുടങ്ങിയവ കണ്ടെടുത്തു. ലിന്റോ വീട്ടിൽ ഇല്ലായിരുന്നു. എസ് സി പി ഒ സുമിൽ, സി പി ഒമാരായ സനിൽ,രേവതി എന്നിവരായിരുന്നു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ജനങ്ങളെ അനധികൃതമായി കൊള്ളപ്പലിശ ഈടാക്കി സാമ്പത്തിക ചൂഷണങ്ങൾക്ക് വിധേയരാക്കുന്നവർക്കെതിരെയുള്ള പരാതികളുടെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശമനുസരിച്ചായിരുന്നു ജില്ലയിലാകെ പരിശോധനകൾ നടന്നത്. ഇത്തരം കുറ്റവാളികൾക്കെതിരെ തുടർന്നും നിയമ നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.



