
കുരിശടിയുടെ ജനൽ ഗ്ലാസ് തകർത്ത് മോഷണ ശ്രമം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട വാഴമുട്ടം മാർബഹനാൻ ഓർത്തഡോക്സ് പള്ളി വക വാഴമുട്ടം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കുരിശടിയുടെ മുൻവശത്തെ ജനൽ ഗ്ലാസ് തകർത്ത് മോഷണ ശ്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം തവനൂർ അതല്ലൂർ തൃപ്പള്ളൂർ,പോയിലി വളപ്പിൽ വീട്ടിൽ
അനന്തകൃഷ്ണൻ ( 21) ആണ് പിടിയിലായത്. കഴിഞ്ഞ 30 ന് പുലർച്ചെ 3 30 ഓടെയാണ് കുരിശടിക്കുനേരെ ആക്രമണമുണ്ടായത്. കുരിശടിയുടെ മുൻവശത്തെ ജനൽ ഗ്ലാസ് പൊട്ടിച്ചതായി പള്ളി ട്രസ്റ്റി ഓമല്ലൂർ വാഴമുട്ടം വെസ്റ്റ് നെല്ലിവിളയിൽ വീട്ടിൽ രാജൻ ജോർജ് പത്തനംതിട്ട പോലീസിന് മൊഴി നൽകിയിരുന്നു. 20000 രൂപയുടെ നഷ്ടം സംഭവിച്ചു.
തുടർന്ന്, മതവികാരം വ്രണപ്പെടുത്തി ലഹളമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ആരോ ഇപ്രകാരം ചെയ്തതാണെന്ന പരാതിയിൽ പോലീസ് ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ, 5 ന് ഉച്ചയ്ക്ക് 1 30 ഓടെ പ്രതിയെ കസ്റ്റഡിയിലടുത്തു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷണസംഘവും പോലീസ് ഫോട്ടോഗ്രാഫറും പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിരുന്നു. സ്ഥലത്തും പരിസരങ്ങളിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു.ദൃശ്യങ്ങളിലെ ഓട്ടോറിക്ഷയോട് സാദൃശ്യങ്ങൾ ഉള്ള വാഹനം,, പോലീസ് തുടർന്ന് വ്യാപകമാക്കിയ തെരച്ചിലിൽ വള്ളിക്കോട് കൊച്ചാലുംമൂട് പുലരി ജംഗ്ഷനിൽ നിന്നും കണ്ടെത്തി. ഡ്രൈവറെ ചോദ്യം ചെയ്തതിൽ സംശയം തോന്നിയതിനെ തുടർന്നു സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വരികയും ചോദ്യം ചെയ്യുകയും ചെയ്തു. മോഷ്ടിച്ചതാണ് ഓട്ടോറിക്ഷ എന്ന ഇയാൾ പോലീസിനോട് സമ്മതിച്ചു. ഈ ഓട്ടോറിക്ഷയിൽ മുപ്പതിന് പുലർച്ചെ മൂന്നരയോടെ വാഴമുട്ടം വെസ്റ്റിലുള്ള കുരിശടിയുടെ വഞ്ചിയിൽ നിന്നും പണം മോഷ്ടിക്കാൻ എത്തി. മോഷണ ശ്രമത്തിന്റെ ഭാഗമായി സമീപത്തു നിന്നുമെടുത്ത ഇന്റർലോക്ക് കട്ട കൊണ്ട് കുരിശടിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചതായും വെളിപ്പെടുത്തി. ഇയാളുടെ ഈ സമയത്തെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി സൈബർ സെല്ലിന്റെ സഹായത്തോടെ ഇക്കാര്യംപോലീസ് ഉറപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 5 ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷ പോലീസ് ബന്തവസ്സിലെടുത്തു. കേസിൽ മോഷണശ്രമത്തിനുള്ള വകുപ്പുകൾ കൂടി ചേർത്തു. പ്രതി കഴിഞ്ഞ ഒരു മാസമായി 18 കാരിക്കൊപ്പം അങ്ങാടിക്കലിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് വ്യക്തമായി. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. 2024 ൽ കോട്ടയത്ത് ഒരു കേക്ക് കമ്പനിയിൽ ജോലി ചെയ്തു വരവേ അവിടുത്തെ ഡ്രൈവറായ അനന്തകൃഷ്ണനുമായി പരിചയത്തിലായെന്നും തുടർന്ന് അനന്തകൃഷ്ണനുമായി സൗഹൃദത്തിൽ കഴിഞ്ഞു വരികയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. പ്രതിയെ കൂടുതൽ വിശദമായി ചോദ്യംചെയ്തതിലും,കുറ്റിപ്പുറത്തുള്ള മേൽവിലാസത്തിലും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലും അന്വേഷിച്ചതിലും മേയ് 29 ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷന് പരിധിയിൽപ്പെട്ട ആതല്ലൂർ, തൃപ്പള്ളൂർ സ്വദേശി ഷാജിയുടെ പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷണം പോയതായി വെളിപ്പെട്ടു. ഇതിന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നതായും അറിഞ്ഞു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ തുടർന്ന് പത്തനംതിട്ട പോലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഈ വർഷം മേയ് 20ന് രാത്രി പത്തരയോടെ വള്ളിക്കോട് നിന്നും മോട്ടോർസൈക്കിൾ മോഷ്ടിച്ചതിനാണ് ഒരു കേസ് രജിസ്റ്റർ ചെയ്തത്. രവി എന്നയാളുടെ കടമുറിയുടെ മുൻവശത്ത് വച്ചിരുന്ന മോട്ടോർസൈക്കിൾ ആണ് മോഷണം പോയത്. മെയ് 27 ന് രാത്രി 11:30 ന് കൊടുമൺ പുലരി ജംഗ്ഷനിൽ നിന്നും മോട്ടോർസൈക്കിൾ മോഷ്ടിച്ചതിന് രണ്ടാമത്തെ കേസെടുത്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.



